23 April 2024, Tuesday

സംശയാസ്പദമായി കണ്ട മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു

Janayugom Webdesk
ഹരിപ്പാട്
September 27, 2021 7:49 pm

സംശയാസ്പദമായി കണ്ട മത്സ്യബന്ധന ബോട്ട് പിടികൂടി. തോട്ടപ്പള്ളി കോസ്റ്റൽ പോലീസാണ് ആറാട്ടുപുഴ വട്ടച്ചാൽ തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ കടലിൽനിന്നും ബോട്ട് പിടികൂടിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാഗർകോവിൽ ക്യൂ ബ്രാഞ്ച് ഇൻസ്പെക്ടർ കേരളത്തിലേക്ക് നൽകിയ സന്ദേശം തോട്ടപ്പള്ളി കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ എ മണിലാൽ മത്സ്യത്തൊഴിലാളികൾ ഉൾക്കൊള്ളുന്ന വാട്സപ്പ് ഗ്രൂപ്പിലേക്ക് കൈമാറിയിരുന്നു. സംശയകരമായി ബോട്ടുകൾ കണ്ടാൽ അറിയിക്കണം എന്നായിരുന്നു നിർദേശം. ഇതുകണ്ട് മത്സ്യതൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം രാവിലെ തോട്ടപ്പള്ളി കോസ്റ്റൽ പോലീസ് എ എസ് ഐമാരായ ആർ സജീവ് കുമാർ, കെ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആഴക്കടലിൽ പോയി ബോട്ട് പിടിച്ചെടുത്തത്.

മത്സ്യ ബന്ധനത്തിന് വൈപ്പിനിൽ നിന്നും മറൈൻ വകുപ്പ് നൽകിയ പെർമിറ്റ് കൈവശമുണ്ടെങ്കിലും വലകളോ മറ്റ് മത്സ്യ ബന്ധന സാമഗ്രികളോ ബോട്ടിൽ ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. ബോട്ട് മുമ്പും മത്സ്യതൊഴിലാളികൾ കണ്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. മൂന്ന് കന്യാകുമാരി സ്വദേശികളും ഒരു പോണ്ടിച്ചേരി സ്വദേശിയുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലെ തേങ്ങാ പട്ടണത്തിലേക്ക് മത്സ്യബന്ധന സാമഗ്രികൾ കയറ്റുന്നതിന് പോവുകയാണെന്നായിരുന്നു തൊഴിലാളികൾ പോലീസിനോട് പറഞ്ഞത്. കോസ്റ്റൽ പോലീസ് എസ് ഐ. എ മണിലാൽ ബോട്ടിലെത്തി നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. കൂടാതെ കൃത്യമായ രേഖകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല.

ഇതേ തുടർന്ന് ബോട്ട് പിടികൂടി വലിയഴീക്കൽ ഹൈസ്കൂളിന് സമീപം എത്തിക്കുകയും തൊഴിലാളി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്രാങ്കുമാരായ ഇഗ്നേഷ്യസ്, ഷൈജു, ലാസ്കർ സുഭാഷ്, കോസ്റ്റൽ ഡ്രൈവർ സുനിൽ, കോസ്റ്റൽ വാർഡൻമാരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.