10 October 2024, Thursday
KSFE Galaxy Chits Banner 2

സമരയൗവനത്തിന്റെ തീജ്വാല

Janayugom Webdesk
September 12, 2024 10:49 pm

രാജ്യം സാക്ഷ്യംവഹിച്ച അടിയന്തരാവസ്ഥയുടെ കറുത്തനാളുകള്‍ക്കുശേഷമുള്ള ഇന്ദിരാ ഗാന്ധിയുടെ പതനം. പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇന്ദിര, ജവഹര്‍ലാല്‍ നെഹ്രു സര്‍വകാലാശാല ചാന്‍സലറായി തുടരുന്നതിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം. നേതൃനിരയില്‍ യൂണിയന്‍ ചെയര്‍മാന്‍ സീതാറാം യെച്ചൂരി. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യവും അവര്‍ തയ്യാറാക്കിയ കുറ്റപത്രവും ഇന്ദിരയുടെ വസതിക്ക് മുന്നില്‍ അവരുടെ സാന്നിധ്യത്തില്‍ വായിച്ചുകേള്‍പ്പിച്ചത് സാക്ഷാല്‍ സീതാറാം യെച്ചൂരി. യെച്ചൂരിയുടെ വാക്കുകള്‍ സശ്രദ്ധം കേള്‍ക്കുന്ന ഇന്ദിരയുടെയും യെച്ചൂരിയുടെയും ചിത്രം ചരിത്രത്തിന്റെ താളുകളില്‍ ഇടംനേടി. പ്രക്ഷോഭവുമായി ഇന്ദിരയുടെ വസതിക്ക് മുന്നിലെത്തിയ വിദ്യാര്‍ത്ഥികളെ സുരക്ഷാ സേന തടഞ്ഞുവെങ്കിലും നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മറ്റ് പോംവഴിയില്ലാതെ ഇന്ദിരയ്ക്ക് അവരുടെ മുന്നിലെത്തേണ്ടിവന്നു. തുടര്‍ന്നായിരുന്നു ഐതിഹാസികമായി മാറിയ കുറ്റവിചാരണ. അപ്പോള്‍ ഒന്നും മിണ്ടാതെ ഇന്ദിര മടങ്ങിയെങ്കിലും തൊട്ടടുത്ത ദിവസം അവർ വൈസ് ചാൻസലർ സ്ഥാനം രാജിവച്ചു. 

എസ്എഫ്ഐ വഴി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അങ്കം കുറിച്ച യെച്ചൂരിയെ ചെത്തിമിനുക്കിയത് ജെഎന്‍യു കാലഘട്ടമായിരുന്നു. 1973ൽ പ്രകാശ് കാരാട്ട് ജെഎൻയു യൂണിയൻ ചെയർമാനായി മത്സരിച്ചപ്പോൾ തീപ്പൊരി പ്രസംഗങ്ങൾ നടത്തി അദ്ദേഹത്തിനുവേണ്ടി പ്രചരണം നയിച്ചത് യെച്ചൂരിയായിരുന്നു. പിന്നീട് മൂന്നുതവണ യെച്ചൂരി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ പദവി അലങ്കരിച്ചു. വിദ്യാര്‍ത്ഥികളും പ്രതിപക്ഷവും സമൂഹവുമൊന്നാകെ അടിയന്തരാവസ്ഥയെ നേരിടാന്‍ നടത്തിയ സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥയ്ക്ക് ശേഷവും യെച്ചൂരിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾക്ക് ജെഎൻയു സാക്ഷ്യം വഹിച്ചു. ഒരു പ്രതിഷേധത്തിനിടെ ജെഎൻയു ഗേറ്റിൽ വിസി, ബി ഡി നാഗ്‌ചൗധരിയുടെ കാർ യെച്ചൂരിയുടെ നേതൃത്വത്തിൽ തടഞ്ഞു. അന്ന് കാർ തിരിച്ചുവിട്ട വിസി 40 ദിവസത്തോളം ജെഎൻയുവിലേക്ക് മടങ്ങിവന്നില്ല. ഇത് സര്‍വകലാശാലയുടെ പ്രവർത്തനങ്ങളെ ബാധിച്ചു. അടിയന്തരാവശ്യങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാൻ സാധിക്കാതെ വന്നു. ഫണ്ട്‌ അനുവദിക്കാതെ പ്രതികാര നടപടിയുമായി അധികൃതർ മുന്നോട്ടുപോയപ്പോഴും യെച്ചൂരിയും സഹപാഠികളും തളർന്നില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സരോജിനിനഗർ മാർക്കറ്റിലും കോണാട്ട്‌പ്ലേസിലും എത്തി പണം പിരിച്ചു. ‘വിസി അവധിയിലാണ്‌, ജെഎൻയു പ്രവർത്തിക്കും’ എന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പണപ്പിരിവ്‌.
1984ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്റായിരിക്കെയാണ് യെച്ചൂരി 32-ാം വയസില്‍ സിപിഐ(എം) കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവായി എത്തുന്നത്. 85ല്‍ എസ് രാമചന്ദ്രന്‍ പിള്ള, പ്രകാശ് കാരാട്ട് എന്നിവര്‍ക്കൊപ്പം പോളിറ്റ് ബ്യൂറോയില്‍. 2005ലാണ് ആദ്യമായി ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തുന്നത്. ജനങ്ങളെ ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങളാണ് അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2017 വരെ രാജ്യസഭയില്‍ തുടര്‍ന്ന അദ്ദേഹത്തെ വീണ്ടും എംപിയാക്കാന്‍ മമതാ ബാനര്‍ജി ക്ഷണിച്ചുവെങ്കിലും അദ്ദേഹം വിസമ്മതം അറിയിച്ചു. 

സിബിഎസ്ഇ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാംറാങ്കും ബിഎ സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ യെച്ചൂരി മികച്ച ടെന്നീസ് കളിക്കാരന്‍ കൂടിയായിരുന്നു. പാര്‍ലമെന്ററി വ്യാമോഹം ഒട്ടും ബാധിക്കാത്ത നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. അടുപ്പക്കാര്‍ ബാബു എന്നു വിളിക്കുന്ന അദ്ദേഹം രാജ്യത്തെ ഇടതുപക്ഷത്തെ ഏകോപിപ്പിക്കുന്നതിലും തന്റേതായ കടമ നിര്‍വഹിച്ചു.
രാജ്യസഭയില്‍ നിന്ന് പിരിയുന്ന വേളയില്‍ അദ്ദേഹം നടത്തിയ വിടവാങ്ങല്‍ പ്രസംഗവും ചരിത്രത്തില്‍ ഇടം നേടി. ‘അയഥാര്‍ത്ഥ ലോകത്താണ് ഭരണാധികാരികള്‍ കഴിയുന്നത്. അവര്‍ ഇന്ത്യയുടെ ആഭ്യന്തരക്കരുത്ത് മനസിലാക്കണം. ഇന്ത്യയുടെ ഐക്യവും സാമൂഹിക സൗഹാര്‍ദവും സംരക്ഷിക്കുന്നതില്‍ വീട്ടുവിഴ്ച പാടില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.