മഞ്ഞും കുളിരും തേടി ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്‌

Web Desk
Posted on December 20, 2017, 10:44 pm
കുണ്ടളയിലെ സഞ്ചാരികളുടെ ‑തിരക്ക്

സന്ദീപ് രാജാക്കാട്

രാജാക്കാട്: മഞ്ഞും തണുപ്പും നിറഞ്ഞ ഡിസംബറിന്റെ കുളിരുതേടി ഹൈറേഞ്ചിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വര്‍ധിച്ചു. ദിവസ്സേന ആയിരക്കണക്കിന് സഞ്ചാരികളാണ് ഹൈറേഞ്ചിന്റെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് എത്തുന്നത്. ശ്രീനാരായണപുരം, ആനയിറങ്കല്‍, ചെങ്കുളം, പൊന്മുടി അടക്കമുള്ള കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഈ മാസം ഉണ്ടായിരിക്കുന്നത്.
പ്രകൃതി മനോഹാരിതകൊണ്ട് സമ്പന്നമായ ഹൈറേഞ്ചില്‍ മഞ്ഞും തണുപ്പും നിറയുന്ന ഡിസംബര്‍ മാസം സഞ്ചാരികളെകൊണ്ട് നിറയും. കത്തി നില്‍ക്കുന്ന വെയിലിലും തണുത്ത കാറ്റും തണലുമുള്ള ശ്രീനാരായണപുരം, പൊന്മുടി, ചെങ്കുളം, ആനയിറങ്കല്‍, മാട്ടുപ്പെട്ടി അടക്കമുള്ള ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഡിസംബറാകുന്നതോടെ സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളായി മാറും. അതുകൊണ്ട് തന്നെ ഇത്തവണയും മഞ്ഞും തണുപ്പും നിറഞ്ഞ കുളിരുന്ന ഡിസംബറിലെ മനോഹരിയായ ഹൈറേഞ്ചിനെ തേടി നിരവധി സഞ്ചാരികളാണ് എത്തുന്നത്. പച്ചവിരിച്ച മലനിരകളും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും എല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ച്ചകള്‍ കൂടിയാണ്.
മുമ്പുള്ള മാസങ്ങളെ അപേക്ഷിച്ച് ഡിസംബര്‍ ആരംഭിച്ചതിന് ശേഷം സഞ്ചാരികളുടെ കടന്നുവരവ് വര്‍ധിച്ചിട്ടുണ്ടെന്ന് ശ്രീനാരായണപുരം വിനോദ സഞ്ചാരകേന്ദ്രത്തിലെ ജീവനക്കാര്‍ പറയുന്നു. പ്രകൃതി മനോഹരിത നിറഞ്ഞ ഹൈറേഞ്ചിന്റെ ഉള്‍ഗ്രാമ പ്രദേശങ്ങളിലേയ്ക്കടക്കം ട്രക്കിങ് നടത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ട്രക്കിങ് ജീപ്പ് ഡ്രൈവര്‍മാര്‍ പറഞ്ഞു. നിലവില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് നോര്‍ത്ത് ഇന്‍ഡ്യയില്‍ നിന്നുമാണ്. ഇവര്‍ക്കൊപ്പം തന്നെ വിദേശീയരായ സഞ്ചാരികളും വന്‍തോതില്‍ ഹൈറേഞ്ചിലേയ്ക്ക് എത്തുന്നുണ്ട്. മൂന്നാറില്‍ പുഷ്പ മേളകൂടി ആരംഭിച്ചതോടെ ഹൈറേഞ്ചിലേയ്ക്കുള്ള സഞ്ചാരികളുടെ കടന്നുവരവില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് വ്യാപാരികളും.