Web Desk

തിരുവനന്തപുരം:

January 22, 2021, 11:02 pm

ചരിത്രം രചിച്ച കരുത്തോടെ പതിനാലാം നിയമസഭ പിരിഞ്ഞു

Janayugom Online

പതിനാലാം കേരള നിയമസഭയുടെ സമ്മേളന നടപടികൾക്ക് ഇന്നലെ സമാപനമായി. നിയമസഭയുടെ 22-ാം സമ്മേളനത്തിന് സമാപനം കുറിച്ച് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. നിരവധി പ്രതികൂല സാഹചര്യങ്ങൾക്കിടയിലും രാജ്യത്തിന് മാതൃക സൃഷ്ടിച്ചും സമസ്തമേഖലകളിലും കൈവരിച്ച വികസന നേട്ടത്തിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കിയും നിരവധി നിയമനിർമ്മാണങ്ങൾക്കും ഭരണ‑പ്രതിപക്ഷ ചർച്ചകൾക്കും സാക്ഷ്യം വഹിച്ചാണ് സഭ പിരിഞ്ഞത്. ശ്രീനാരായണ ഗുരു ഓപ്പൺസർവകലാശാല ബിൽ പാസാക്കികൊണ്ടായിരുന്നു സമാപനം. എൽഡിഎഫ് സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം 2016 ജൂൺ രണ്ടിനായിരുന്നു ആരംഭിച്ചത്. കഴിഞ്ഞ നാലര വർഷത്തിനിടയിൽ 22 സമ്മേളനങ്ങളിലായി ആകെ 232 ദിനങ്ങൾ സമ്മേളിച്ചു. പൊതുവായ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുവാനും ഭരണ സംവിധാനത്തിന്റെ ശക്തമായ കരങ്ങളെ ജനാധിപത്യത്തിന്റെ പുതിയ വിതാനങ്ങളിലേക്ക് നയിക്കുവാനും പതിനാലാം കേരള നിയമസഭയ്ക്ക് കഴിഞ്ഞു. സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്ന ഒരു പ്രതിപക്ഷ പ്രമേയം തള്ളുകയും സ്പീക്കറെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെടുന്ന മറ്റൊരു പ്രമേയം പരാജയപ്പെടുകയും ചെയ്തു. കേന്ദ്ര സർക്കാരിനെതിരെയുള്ള നിരവധി പ്രമേയങ്ങളും ഈ സഭാകാലയളവിൽ പാസാക്കി. 213 ഔദ്യോഗിക ബില്ലുകളും 62 അനൗദ്യോഗിക ബില്ലുകളും ഉൾപ്പെടെ 275 ബില്ലുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവയിൽ 87 ഗവണ്മെന്റ് ബില്ലുകളും 22 ധനവിനിയോഗ ബില്ലുകളും ഉൾപ്പെടെ 109 നിയമങ്ങൾ പാസാക്കിക്കൊണ്ട് ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പാണ് നിയമനിർമ്മാണ രംഗത്ത് സഭാകാലയളവിൽ നടത്തിയത്. ഇ — സഭ ഉൾപ്പെടെ ഒട്ടേറെ ഹൈടെക് പദ്ധതികളും ഈ കാലത്ത് ആരംഭിച്ചു. കോവിഡ് കാലത്ത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുള്ള ചരിത്രത്തിൽ തുല്യതയില്ലാത്ത അപൂർവ അനുഭവത്തിനും 14-ാം കേരള നിയമസഭ സാക്ഷ്യം വഹിച്ചു. 72,482 ചോദ്യങ്ങൾ അച്ചടിച്ചു. ഏഴ് അടിയന്തര ചോദ്യങ്ങളും അനുവദിച്ചു. 2,072 സബ്മിഷനുകളും അനുവദിച്ചു. അടിസ്ഥാന സൗകര്യ നിക്ഷേപനിധി (ഭേദഗതി) ബിൽ, കേരള ഗുഡ്സ് ആന്റ് സർവീസസ് ടാക്സ് ബിൽ, കേരള മലയാള ഭാഷ (നിർബന്ധിത ഭാഷ) ബിൽ, കേരള മാരിടൈം ബോർഡ് ബിൽ, കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ബിൽ, കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ സയൻസ് അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബിൽ, സൂക്ഷ്മ — ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ, കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബിൽ, കേരള ക്രിസ്ത്യൻ സെമിത്തേരികൾ (ശവം അടക്കം ചെയ്യുന്നതിനുള്ളഅവകാശം) ബിൽ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിൽ എന്നിവയാണ് ഇതിൽ പ്രധാനം. ഗവർണർ തിരിച്ചയച്ച 2014 ‑ലെ കേരള മാരിടൈം ബോർഡ് ബിൽ പിൻവലിച്ചു. സഭ പാസാക്കിയ 2018‑ലെ കേരള (പ്രൊഫഷണൽ കോളജുകൾ (മെഡിക്കൽ കോളജുകളിലെ പ്രവേശനം ക്രമവൽക്കരിക്കൽ) ബില്ലിന് ഗവർണർ അനുമതി നിഷേധിച്ചു. രണ്ട് സ്റ്റാറ്റ്യൂട്ടറി പ്രമേയങ്ങളും 20 ഗവണ്മെന്റ് പ്രമേയങ്ങളും പാസാക്കി. സ്പീക്കറെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഭൂരിപക്ഷമില്ലാത്തതിനാൽ സഭാ തലത്തിൽ പരാജയപ്പെട്ടു. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ സംസ്ഥാന ബജറ്റ് സമ്പൂർണമായി പാസാക്കാനുമായി. 14-ാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളിൽ ഏഴ് സാമാജികർ വിടപറഞ്ഞു. കെ വി വിജയദാസ് (കൊങ്ങാട്), കെ എം മാണി (പാലാ), സിഎഫ് തോമസ് (ചങ്ങനാശേരി), തോമസ് ചാണ്ടി (കുട്ടനാട്), പി ബി അബ്ദുൽ റസാക്ക് (മഞ്ചേശ്വരം), കെ കെ രാമചന്ദ്രൻ നായർ (ചെങ്ങന്നൂർ), എൻ വിജയൻപിള്ള (ചവറ) എന്നിവരാണ് ഇപ്പോഴത്തെ നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ചത്. ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ അഞ്ചുപേർ നിയമസഭാംഗത്വം രാജിവച്ചു. ഒഴിവുവന്ന 12 സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പിലൂടെ എട്ടു പേർ സഭയിലെത്തി.

 

ഉമ്മന്‍ ചാണ്ടിക്ക് സഭയുടെ ആദരം

തിരുവനന്തപുരം: നിയമസഭാ സാമാജികനായി അമ്പതുവർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നിയമസഭ ആദരിച്ചു. ഇന്നലെ ശൂന്യവേള ആരംഭിക്കുന്നതിന് മുമ്പ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉമ്മൻചാണ്ടിയെ അനുമോദിച്ച് സഭയിൽ സംസാരിച്ചു. പിന്നാലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭയൊന്നാകെയും ആദരം അർപ്പിച്ചു. ജനങ്ങൾക്കിടയിൽ സവിശേഷവും അപൂർവവുമായ ലഹരിയോടെ ജീവിക്കുന്ന ഉമ്മൻചാണ്ടിയുടെ പ്രവർത്തന ശൈലി ഒരു പാഠപുസ്തകം പോലെ പഠനാർഹമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ അംഗീകാരം നേടിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പതിനാലാം കേരള നിയമസഭ കെ എം മാണിയുടെയും ഉമ്മൻചാണ്ടിയുടെയും സുവർണ ജൂബിലിക്ക് സാക്ഷ്യം വഹിച്ചുവെന്നത് അപൂർവമായ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിലെ വിസ്മയമാണെന്നും കോൺഗ്രസിന്റെ ഏറ്റവും കരുത്തുറ്റ മുഖമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മൂല്യനിര്‍ണയം: വീഴ്ചവരുത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി

സർവകലാശാല പരീക്ഷകളുടെ മൂല്യനിർണ്ണയം കുറ്റമറ്റതാക്കുന്നതിനും വീഴ്ചവരുത്തുന്ന അധ്യാപർക്കെതിരെ കർശനനപടി സ്വീകരിച്ചുവരുന്നതായും മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച ചിറ്റയം ഗോപകുമാറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സർവകലാശാല പരീക്ഷകളുടെ നടത്തിപ്പും മൂല്യനിർണ്ണയവും മാനദണ്ഡങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നത് സർവകലാശാലകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പരീക്ഷാ മൂല്യനിർണ്ണയം നടത്തുന്നതിന് വേണ്ടുന്ന ക്രമീകരണങ്ങളെല്ലാം സർവകലാശാലകൾ കൈക്കൊണ്ടിട്ടുണ്ട്. ബിരുദ വിദ്യാർത്ഥികൾക്ക് റീവാല്യൂവേഷനും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഡബിൾ വാല്യുവേഷൻ സംവിധാനവും നിലവിലുണ്ട്. യുജിസി നിർദ്ദേശപ്രകാരം വാല്യൂവേഷനിൽ നിന്നും അധ്യാപകർക്ക് വിട്ടുനിൽക്കാനാകില്ല. ഏതെങ്കിലും തരത്തിൽ വാല്യുവേഷൻ തടസപ്പെടുത്തുന്നതിന് കാരണക്കാരാകുന്ന അധ്യാപകർക്ക് എതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കും. അതീവ ഗുരുതര വീഴ്ചകൾ വരുത്തുന്നവർക്കെതിരെ ഡീബാറിംങ് ഉൾപ്പടെയുള്ള ശിക്ഷണ നടപടികളും സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

ജലാശയ അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഊർജിത നടപടി: മുഖ്യമന്ത്രി

കേരളത്തിൽ വർദ്ധിച്ചുവരുന്ന ജലാശയ അപകടങ്ങൾ കാര്യക്ഷമമായി കൈ­കാര്യം ചെയ്യുന്നതിന് വിവിധ പദ്ധതികളിലൂടെ സർക്കാർ ഊർജിതമായ നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വർദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങൾ ഒഴിവാക്കാന്‍ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള സി ദിവാകരന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ എല്ലാ കുട്ടിക­ൾക്കും നീന്തൽ പരിശീലനം ലഭിക്കേണ്ടതുണ്ട്. ജനമൈത്രി സുരക്ഷാ പദ്ധതി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയവയിലൂടെ വിദ്യാർത്ഥികൾക്കും ക്ലബ്ബുകളും റസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് യുവാക്കൾക്കും നീന്തൽ പരിശീലനം നൽകുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും ലൈഫ് ഗാർഡുകളെ നിയമിച്ച് മുങ്ങിമരണങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടിക­ൾ സ്വീകരിക്കുന്നു. സർക്കാരിന്റെ ‘മിഷൻ 676’ ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ 3,150 വിദ്യാർത്ഥികൾക്ക് പ്രാഥമിക നീന്തൽ പരിശീലനം നൽകിയിട്ടുണ്ട്. പാഠ്യപദ്ധതിയിൽ നീന്തൽ പരിജ്ഞാനം ഉൾപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിനും സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആന്റ് ട്രെയിനിംഗ് ഡയറക്ടർക്കും ശുപാർശ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പ്രതിഭാധനനായ സിനിമാ നടൻ അനിൽ നെടുമങ്ങാടിന്റെ മുങ്ങി മരണം സംഭവിച്ച കാര്യവും ദിവാകരൻ സഭയെ അറിയിച്ചു. നെടുമങ്ങാട് അദ്ദേഹത്തിന്റെ പേരിൽ എന്തെങ്കിലുമൊരു സ്മാരകം ഉണ്ടാക്കാൻ ബ­ന്ധപ്പെട്ട വകുപ്പ് ആലോചിക്കണമെന്നും നിയമസഭയിൽ ആവശ്യപ്പെട്ടു.

 

കോവിഡ് പ്രതിസന്ധി: തൊഴിലാളികൾക്ക് ധനസഹായത്തിന് 362.38 കോടി

കോവിഡ് പ്ര­തിസന്ധി നേരിടാൻ വിവിധ മേ­ഖലകളിലെ തൊഴിലാളികൾക്ക് ധനസഹായം നൽകുന്നതിനായി 362.38 കോടി (3,62,38,97,­840) രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. 18,49,789 തൊഴിലാളികൾക്കായി 1,87,22,66,000 രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ സാമ്പത്തിക ഭദ്രതയുള്ള ബോർഡുകളിൽ തനത് ഫണ്ടിൽ നിന്നും 9,93,964 തൊഴിലാളികൾക്കായി 1,56,80, 76,050 രൂപയും വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കരിയർ നയത്തിന് ശ്രമമെന്ന് മന്ത്രി

രാജ്യത്ത് ആ­ദ്യമായി കരിയർ നയം രൂ­പീകരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. ഇതിന്റെ ഭാഗമായി ശി­ല്പശാലയും ചർച്ചകളും പൂർത്തിയാക്കി. കേ­രളത്തിലെ പ്രത്യേ­ക സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗാർഥികൾക്ക് സ­ഹായകരമാ­യി ഒരു കരിയർ ഡെവലപ്പ്മെന്റ് സംവിധാനം രൂപപ്പെടുത്തുക എന്നതാണ് കരിയർ നയരൂപീകരണത്തിന്റെ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

351 പൊല്യൂട്ടഡ് റിവർ സ്ട്രച്ചുകളിൽ 21 എണ്ണം കേരളത്തിൽ

തിരുവനന്തപുരം: കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ പഠനമനുസരിച്ച് കണ്ടെത്തിയ ഇന്ത്യയിലെ 351 പൊല്യൂട്ടഡ് റിവർ സ്ട്രച്ചുകളിൽ 21 എണ്ണം കേരളത്തിലാണെന്ന് മന്ത്രി കെ കൃ­ഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഇതിൽ പ്രിയോറിറ്റി ഒന്ന് തിരുവനന്തപുരത്തെ കരമന നദിയുടെ ഭാഗവും പ്രിയോറിറ്റി നാലിൽ ഭാരതപ്പുഴ, കടമ്പ്രയാർ, കീച്ചേരി, മണിമല, പമ്പ എന്നീ അഞ്ചു നദികളുടെ ഭാഗങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. പ്രിയോറിറ്റി അഞ്ചിൽ ഭവാനി, ചിത്രപ്പുഴ, കടലുണ്ടി, കല്ലായി, കരുവണ്ണൂർ, കവ്വായി, കപ്പം, കുറ്റ്യാടി, മൊഗ്രാൽ, പെരിയാർ, പെരുവമ്പ, പുഴയ്ക്കൽ, രാമപുരം, തിരൂർ, ഉപ്പള എന്നീ 15 നദികളുടെ ഭാഗങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ നദികളെ മാലിന്യമുക്തമാക്കുന്നതിനും ജലം കുളിക്കുന്നതിന് അനുയോജ്യമാക്കും വിധം ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രനിർദ്ദേശപ്രകാരം നടപ്പിലാക്കിയ മാലിന്യമുക്ത പരിപാടികളുടെ ഭാഗമായി 2020 ഡിസംബറിലെ കണക്ക് പ്രകാരം 15 റിവർ സ്ട്രച്ചുകൾ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തുടർച്ചയായുണ്ടായ പ്രളയങ്ങളുടെ ഭാഗമായി പെരിയാർ, ചാലക്കുടി നദീതീരങ്ങളിലും കുട്ടനാട്ടിലേക്ക് ഒഴുകുന്ന നദികളിലും റിയൽടൈം ഫ്ളഡ് വാണിങ് സംവിധാനം നടപ്പിലാക്കുന്നതിനായി ഏജൻസിയെ കണ്ടെത്തുന്നതിനുള്ള ടെൻഡർ നടപടികൾ നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ കീഴിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കാന്‍ ഇടപെടല്‍

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ ദുരന്തത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രയ്ക്ക് വിലക്ക് പിൻവലിക്കുന്നതിന് ആവശ്യമായ തുടർനടപടി സ്വീകരിക്കാൻ കോഴിക്കോട് വിമാനത്താവള ഡയറക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കേരളത്തിൽനിന്നും ഏറ്റവും സൗകര്യപ്രദവും, കൂടുതൽ ആളുകൾ യാത്ര പുറപ്പെടുന്നതുമായ എംബാർക്കേഷൻ പോയിന്റായ കോഴിക്കോടിനെ എംബാർക്കേഷൻ പോയിന്റായി നിലനിർത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അനുകൂലമായ തീരുമാനമുണ്ടായിട്ടില്ല. ഇക്കാര്യം വീണ്ടും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ടി വി ഇബ്രാഹിമിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ തൊഴിലാളികൾക്കൊപ്പം

തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന തൊഴിൽ നിയമങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്ന് വന്നിട്ടുള്ള വിവിധ ട്രേഡ് യൂണിയനുകളുടെ പൊതു പ്ലാറ്റ്ഫോമിന്റെ നിലപാടിനും വികാരത്തിനും ഒപ്പമാണ് സംസ്ഥാന സർക്കാരുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. അതേ സമയം നിലവിലെ ഭരണവ്യവസ്ഥയും കീഴ്വഴക്കവും അനുസരിച്ച് കേന്ദ്രസർക്കാർ പാസാക്കുന്ന നിയമം ഇവിടെ നടപ്പാക്കാൻ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു. ഭരണഭാഷ പൂർണ്ണമായും മലയാളമാക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണഭാഷ പൂർണ്ണമായും മലയാളമാക്കുന്നതിനുള്ള ഊർജ്ജിത നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ, വിദേശരാജ്യങ്ങൾ എന്നിവയുമായുള്ള കത്തിടപാടുകൾ, നിയമപ്രകാരം ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ എന്നിവയ്ക്ക് ഇംഗ്ലീഷ് ഉപയോഗിക്കുന്നതൊഴികെ ഭരണഭാഷ മലയാളമായിരിക്കണമെന്ന് എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ സർവ്വീസിൽ പ്രവേശിക്കുന്നവർ മലയാള ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാണെന്ന് ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച ആർ രാമചന്ദ്രന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വാട്ടർ അതോറിറ്റി പ്രവൃത്തിയിലെ കാലതാമസം തിരുവനന്തപുരം: വാട്ടർ അതോറിറ്റി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് അസാധാരണമായ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഇത്തരം പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.പട്ടിക വിഭാഗം വിദ്യാർത്ഥികൾക്കിടയിലെ തോൽവിയും കൊഴിഞ്ഞുപോക്കും ഗണ്യമായി കുറഞ്ഞു: മന്ത്രി എ കെ ബാലൻ

തീരസംരക്ഷണം: 44.946 കി.മീറ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് തീരദേശ ജില്ലകളിൽ കടലാക്രമണം നിയന്ത്രിക്കുന്നതിന് വേണ്ടി 34830. 25 ലക്ഷം രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഈ പ്രവൃത്തികൾ നടപ്പാക്കിയത് വഴി 44.946 കിലോമീറ്റർ നീളത്തിൽ തീരം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കരിങ്കല്ലിന് രൂക്ഷ­മായ ദൗർലഭ്യം നേരിടുന്ന സാഹ­ചര്യത്തിൽ ജി­യോ ട്യൂബ് ഉപ­യോഗിച്ചും ജിയോ ബാഗ് ഉപ­യോഗിച്ചും പരീക്ഷണ അടിസ്ഥാ­ന­ത്തിൽ ബദൽ രീതികൾ നടപ്പാ­ക്കിയി­ട്ടുണ്ട്. കൂടാതെ പരമ്പരാഗത രീതിയിൽ കല്ലുകൾ മാത്രമുപയോഗിച്ചുള്ള പുലിമുട്ടുകൾക്ക് പകരം അ­ടി­യിൽ കല്ലുകളും മുകളിൽ കോ­ൺ­ക്രീറ്റ് നിർമ്മിതമായ ടെട്രാപോഡുകളും ഉപയോഗിച്ചുള്ള രീതിയാണ് അവലംബിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പട്ടിക വിഭാഗം വിദ്യാർത്ഥികൾക്കിടയിലെ തോൽവിയും കൊഴിഞ്ഞുപോക്കും ഗണ്യമായി കുറഞ്ഞു: മന്ത്രി എ കെ ബാലൻ

തിരുവനന്തപുരം: പട്ടിക വിഭാഗം വിദ്യാർത്ഥികൾക്കിടയിലെ തോൽവിയും കൊഴിഞ്ഞുപോക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലൻ നിയമസഭയെ അറിയിച്ചു. സ്കൂൾ തലത്തിൽ പട്ടികജാതി വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് 2020ലെ സാമ്പത്തിക അവലോകന കണക്കുകൾ പ്രകാരം 0. 13 ശതമാനവും പട്ടിക വർഗ വിദ്യാർത്ഥികളുടെ നിരക്ക് 0. 16 ശതമാനവുമാണ്. ഈ വർഷത്തെ എസ്എസ്എൽസി വിജയശതമാനം എസ് സി വിഭാഗത്തിന്റേത് 97.7 ശതമാനവും എസ് ടി വിഭാഗത്തിന്റേത് 91 ശതമാനവുമാണ്. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട ചില വിദ്യാർത്ഥികൾ കോഴ്സുകൾ പൂർത്തിയാക്കാതെ പഠനം ഉപേക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗോത്രബന്ധു പദ്ധതിപ്രകാരം അധ്യാപക യോഗ്യതയുള്ള പട്ടിക വർഗ യുവതി യുവാക്കളെ സ്കൂളിൽ നിയമിച്ച് ഗോത്രഭാഷയിൽ തന്നെ അധ്യയനം നടത്തുന്നത് കൊണ്ടാണ് കൊഴിഞ്ഞുപോക്കും തോൽവിയും കുറയ്ക്കാനായത്.