Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

മാഞ്ചസ്റ്റര്‍

September 02, 2021, 8:39 am

നാലാമങ്കം തീപാറും; ഇന്ത്യ‑ഇംഗ്ലണ്ട് ടെസ്റ്റിന് ഓവലില്‍ ഇന്ന് തുടക്കം

Janayugom Online

ഇന്ത്യ‑ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് തുടക്കം. കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഇരുടീമുകളും 1–1ന് ഒപ്പത്തിനൊപ്പമാണ്. മൂന്നാം ടെസ്റ്റില്‍ വിജയിച്ച ആത്മവിശ്വാസത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ പരമ്പരയില്‍ വീണ്ടും മുന്നിലെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഓവലില്‍ വിജയിക്കുന്ന ടീമിനു പരമ്പര നഷ്ടമാവില്ലെന്നും ഉറപ്പിക്കാം.

ലീഡ്‌സ് ടെസ്റ്റിലെ തകര്‍ച്ചക്ക് പിന്നാലെ ടീമില്‍ മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍ മടങ്ങിയെത്തിയേക്കും. ജഡേജ ശാരീരികക്ഷമത വീണ്ടെടുത്താലും അശ്വിന്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനാണ് സാധ്യത. അതേസമയം നാല് പേസര്‍മാരെ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം ഷാര്‍ദുല്‍ താക്കൂറോ ഉമേഷ്‌ യാദവോ അന്തിമ ഇലവനിലെത്തും.

ഫോമിലല്ലാത്ത അജിന്‍ക്യ രഹാനെക്കു പകരം സൂര്യകുമാര്‍ യാദവിന് അവസരം നല്‍കണമോയെന്നും ടീം ചിന്തിക്കുന്നുണ്ട്. എന്നാല്‍ മുന്‍നിരയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ സ്ക്വാഡിലേക്ക് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ ചരിത്രവേദിയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തു. 151 റണ്‍സിന്റെ വമ്പന്‍ ജയമായിരുന്നു ഇന്ത്യ ആഘോഷിച്ചത്. പക്ഷെ ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ ഇംഗ്ലണ്ട് കണക്കുതീര്‍ത്തു. നാലുദിവസം കൊണ്ട് ഇന്ത്യയെ ഇംഗ്ലണ്ട് ചുരുട്ടിക്കെട്ടി. ഇന്നിങ്‌സിനും 76 റണ്‍സിനുമായിരുന്നു വിജയം.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ തളച്ചാല്‍ പരമ്പര ജയിക്കാമെന്ന് മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് അഭിപ്രായപ്പെട്ടിരുന്നു. അശ്വിനെ നേരിടാനും ടീം തയ്യാറെടുത്തിട്ടുണ്ട്. അശ്വിന്‍ ലോകോത്തര താരമാണ്. അതു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ബോളിങ് റെക്കോര്‍ഡുകളെന്നും ജോറൂട്ട് പറഞ്ഞു.

ഇംഗ്ലണ്ട് ടീമില്‍ വിക്കറ്റ്കീപ്പറും വൈസ് ക്യാപ്റ്റനുമായ ജോസ് ബട്‌ലര്‍ ഉണ്ടാവില്ല. കുടുംബപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുകയാണ്. ടീമിലെ ഏറ്റവും പരിചയസമ്പന്നനും ഈ പരമ്പരയിലെ മികച്ച ബൗളറുമായ ജിമ്മി ആന്‍ഡേഴ്‌സനും വിശ്രമം നല്‍കിയേക്കും. ഇംഗ്ലണ്ടിലെ ഏറ്റവും ബാറ്റിംഗനുകൂല പിച്ചാണ് ഓവലിലേത്. അതിനാല്‍ ബൗളര്‍മാര്‍ക്ക് ജോലി ഭാരം കൂടും. സ്പിന്നര്‍മാര്‍ക്ക് നേരിയ പിന്തുണയും പിച്ച് നല്‍കിവരുന്നുണ്ട്.

മത്സരത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും ദിനം മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ സൂചന. 14 ടെസ്റ്റുകളാണ് ഇവിടെ ഇന്ത്യ കളിച്ചിട്ടുള്ളത്. ഇവയില്‍ വിജയിക്കാനായത് ഒരേയൊരെണ്ണത്തില്‍ മാത്രമാണ്. അഞ്ചു ടെസ്റ്റുകളില്‍ പരാജയമേറ്റുവാങ്ങിയപ്പോള്‍ ഏഴു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: India Eng­land test today