Site iconSite icon Janayugom Online

കളി ഇനി കരീബിയന്‍ മണ്ണില്‍

ഇംഗ്ലണ്ടിനെ ചുരുട്ടികൂട്ടിയ ശേഷം വെസ്റ്റിന്‍ഡീസ് പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലാണ് വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിന് ഇന്ത്യയിറങ്ങുന്നത്. ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടിയെങ്കിലും പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമോയെന്ന് കണ്ടറിയണം. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പര നേടിയാണ് ഇന്ത്യയുടെ വരവ്. ഓപ്പണിങില്‍ ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളിയായി ഇന്ത്യക്കു ഇറക്കാവുന്ന താരങ്ങള്‍ ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍ എന്നിവരാണ്. ഈ നാലു പേരില്‍ മുന്‍തൂക്കം ലഭിക്കുക ഇഷാന് തന്നെയാരിക്കും. പക്ഷെ താരം ഇടംകൈയനാണെന്നത് ഒരു പ്രശ്‌നമാണ്.

ധവാനും ഇടംകൈയനായതിനാല്‍ ഒരു വലംകൈയന്‍ ബാറ്ററെ ഇന്ത്യ ഓപ്പണിങിലേക്കു കൊണ്ടുവരും. അങ്ങനെ വന്നാല്‍ ഗില്ലായിരിക്കും ഈ റോളിലേക്കു വരിക. വിരാട് കോലിയുടെ അഭാവത്തില്‍ ഇഷാന്‍ മൂന്നാം നമ്പറിലേക്കു ഇറങ്ങുകയും ചെയ്യും. ശ്രേയസ് അയ്യർ നാലാം നമ്പറിലും കളിച്ചേക്കും. ദീപക് ഹൂഡയോ സഞ്ജുവോ ആകും അഞ്ചാം നമ്പറിൽ.

സമീപകാല ഫോം പരിഗണിക്കുമ്പോൾ ഹൂഡയ്ക്ക് നറുക്ക് വീഴാനാണ് കൂടുതൽ സാധ്യത. സൂര്യകുമാർ യാദവ് ആ­റാം നമ്പറിലും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും കളിച്ചേക്കും. ഷാർദ്ദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ അല്ലെങ്കിൽ പ്രസിദ്ധ് കൃഷ്ണ എന്നീ പേസർമാർക്കൊപ്പം യുസ്വേന്ദ്ര ചഹൽ ആവും സ്പെഷ്യലിസ്റ്റ് സ്പിന്നർ.

നിക്കോളാസ് പൂരന്‍ നയിക്കുന്ന വിന്‍ഡീസ് നിരയില്‍ ജേസണ്‍ ഹോള്‍ഡറാണ് പരിചയസമ്പന്നനായ താരം. വെടിക്കെട്ട് ബാറ്റര്‍ റോവ്മാന്‍ പവും ടീമിലുണ്ട്. റൊമാരിയോ ഷെഫേര്‍ഡ്, അല്‍സാരി ജോസഫ് എന്നിവരാണ് ബൗളിങ്ങിന് ചുക്കാന്‍ പിടിക്കുക.

Eng­lish summary;The game is now on Caribbean soil

You may also like this video;

Exit mobile version