December 3, 2022 Saturday

കാൽപ്പന്ത് കളിയുടെ ഹരവും കച്ചവടവും

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
April 13, 2020 10:00 am

ലോക ജനസംഖ്യയുടെ മൂന്നിൽ ഒന്ന് ഫുട്ബോൾ ആരാധകരാണെന്നു് കണക്കാക്കിയത് ഫിഫയാണ്. ഫിഫയുടെ കണക്കുകൾ സാങ്കേതികമാണെന്ന ചർച്ചയും വിവിധ തലങ്ങിളിലുണ്ട്. ഒരു കാറ്റുനിറച്ച പന്ത് നിലത്ത് കണ്ടാൽ കാലുകൊണ്ട് തട്ടാത്തവർ കാണില്ല. മനുഷ്യന് ജന്മനാലഭിക്കുന്ന സിദ്ധിയാണത്. മൂവ്വായിരം വർഷങ്ങൾക്ക് മുൻപ് ചൈനയിൽ ജന്മം കൊണ്ട കാൽപന്ത് കളി ഇന്ന് ലോകത്തോളം വളർന്നു കഴിഞ്ഞു. ചെറുതും വലുതുമായ 206 രാജ്യത്ത് ഫിഫ കുടുംബത്തിൽ അംഗങ്ങളാണ്. ലോകത്തിലെ എറ്റവും വലിയതും ജനകീയവുമായ ഫുട്ബോൾ ആഗോളതലത്തിൽ ഏറ്റവും വലിയ ബിസിനസ് രംഗവുമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്താണ് ഫുട്ബാളിൽ പ്രൊഫഷണലിസം കടന്നു വന്നത്. അതിന് കാരണക്കാരൻ ഫിഫയുടെ രണ്ടാമത്തെ അമരക്കാരൻ യൂൾ റിമെ ആയിരുന്നു. അക്കാലത്ത് ഒളിമ്പിക്സിന്റെ ആരവത്തിൽ ഫുട്ബാൾ അപ്രധാന ഘടകമായിരുന്നു. ഹോക്കിക്കുള്ള പ്രാധാന്യം പോലും ഫുട്ബോളിനില്ല. ഇത് ഫിഫാ പ്രസിഡന്റിനെ ദുഃഖിതനാക്കി. അങ്ങിനെ യുൾ റിമെയുടെ മനസ്സിൽ വിരിഞ്ഞ ആശയമാണ് ഫിഫ കപ്പ്. ആ പ്രൊഫഷണലിസത്തിലൂടെ ലോക ഫുട്ബാൾ, ഒളിമ്പിക്സിലെ അമച്ചർ വിഭാഗത്തിലായി. തുടക്കത്തിൽ രാജ്യങ്ങളുടെ നിസഹകരണം പ്രതിസന്ധി സൃഷ്ടിച്ചു. ഇംഗ്ലീഷുകാർ ശക്തമായി എതിർത്തു. രണ്ടു ടൂർണ്ണമെന്റുകൾ കഴിയുമ്പോഴേക്കും എതിർപ്പുകാർ പത്തിതാഴ്ത്തി. മത്സരങ്ങൾക്ക് ജനകീയത കൈവന്നു. യൂൾ റിമെയുടെ സംഘട്ടനാ മിടുക്കും ലോകകപ്പ് മത്സരങ്ങളുടെ പ്രചാരത്തിനും കാരണമായി. അദ്ദേഹത്തിന്റെ സംഘടനാ മികവും കർമ്മശേഷിയും പരിഗണിച്ചാണ് ഫിഫ കപ്പിൽ ചാമ്പ്യന്മാർക്ക് നൽകുന്ന കപ്പിന് ‘യുൾ റിമെ കപ്പ്’ എന്ന് നാമകരണം ചെയ്തത്. മൂന്ന് തവണ കപ്പ് നേടുന്ന രാജ്യത്തിന് കപ്പ് സ്വന്തമാക്കാം എന്ന നിബന്ധന വച്ചിരുന്നു. അങ്ങിനെ കപ്പ് സ്വന്തമാക്കാൻ ഭാഗ്യം സിദ്ധിച്ച രാജ്യമെന്ന ബഹുമതി ബ്രസീൽ നേടിയെടുത്തു. വമ്പൻ രാജ്യങ്ങളിൽ ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഫിഫാ കപ്പിന്റെ ആതിഥേയത്വത്തിന് വേണ്ടി എല്ലാ വഴികളും തേടുമായിരുന്നു. ഹിറ്റ്ലറും മുസോളിനിയും ഉൾപ്പെടെയുള്ളവർ വേൾഡ് കപ്പ്, പ്രാമാണത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്നു. ഫിഫയിൽ സ്വാധീനം ചെലുത്തുക, രാജ്യങ്ങളെ കൈക്കലാക്കുക തുടങ്ങിയ ശീലങ്ങൾ എല്ലാ കാലത്തും ഉണ്ടായിരുന്നു.

2018ലെ റഷ്യൻ ടൂർണ്ണമെന്റും 2022 ലെ ഖത്തർ മത്സരങ്ങളുമാണ് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ സജീവ ചർച്ച. 2018 ലെ റഷ്യൻ കപ്പിന്റെ സംപ്രേഷണാധികാരത്തിന് വേണ്ടി യുഎസ് ടെലിവിഷന് ഫോക്സ് ചാനൽ കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രം. മാത്രമല്ല ടൂർണ്ണമെന്റ് കൊണ്ടുവരുന്നതിനും അംഗരാജ്യ പ്രതിനിധികൾക്ക് കൈക്കൂലി കൊടുത്തെന്നും ആരോപണമുണ്ട്. ഫിഫയുടെ അധ്യക്ഷനായിരുന്ന സെപ് ബ്ലാസ്റ്റർക്ക്‌ ആരോപണത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടിയും വന്നു. മുൻ ബ്രസീൽ പ്രസിഡന്റും മുൻ ദക്ഷിണ അമേരിക്കൻ പ്രസിഡന്റും എന്നിവരുൾപ്പെട്ട മൂന്നംഗ സംഘം ഖത്തറിന്ന് വോട്ടു ചെയ്യുവാനായി കൈക്കൂലി വാങ്ങുകയും അംഗങ്ങൾക്ക് വിതിച്ചു കൊടുത്തുവെന്നും തെളിവുണ്ടത്രെ. 2018ൽ റഷ്യക്ക് ലോകകപ്പ് നൽകുന്നതിന്ന് ഫിഫയുടെ മുൻ വൈസ് പ്രസിഡന്റ് ജാക്ക് വാർണർ 50 ലക്ഷം കോടി ഡോളർ കൈക്കൂലി വാങ്ങിയെന്നും പരാതിയിൽ ഉണ്ട്. ലോകകപ്പിന്റെ മത്സരാവകാശത്തിന്ന് വാശി പിടിക്കന്നത് രാജ്യതാല്പര്യത്തിനും ഫുട്ബോളിന്റെ വളർച്ചയ്ക്കും വേണ്ടിയാണ്. ചിലിയിൽ ലോകകപ്പിന് 18 മാസം മാത്രം മുൻപാണ് ഭൂകമ്പം രാജ്യത്തെ തകർത്തത്. മത്സരം ചിലിയിൽ നിന്ന് മാറ്റാൻ ഫിഫ ആലോചിച്ചു. ചിലി സമ്മതിച്ചില്ല. അവർ പറഞ്ഞു- ‘എന്തായാലും നമുക്ക് തകർന്ന രാജ്യത്തെ രക്ഷിക്കണം. കൂടെ ഫുട്ബോളും നടത്തും. ചിലിയൻ ലോകകപ്പ് ചരിത്രത്തിൽ സ്ഥാനം പിടിച്ചു. ഒരു ലോകകപ്പ് എത്രയോ ലക്ഷം കോടികളുടെ ബിസിനസ് കൂടിയാണ്. രാജ്യത്തിന്റെ ടൂറിസം മേഖല മുതൽ എല്ലാതരം ബിസിനസിനും വളർച്ചയുണ്ടാകും.

റഷ്യൻ ലോകകപ്പ് ചരിത്രത്തിൽ ഇടം പിടിച്ചതാണ്. ലോക ഫുട്ബോളിൽ റഷ്യയുടെ കരുത്തു പ്രകടിപ്പിക്കുവാനും കഴിഞ്ഞു. റഷ്യൻ പ്രസിഡന്റ് പുടിൻ വൻ വിജയമായെന്ന് ലോകത്തോട് പറഞ്ഞതുമാണ്. പ്രൊഫഷണലിസത്തിൽ എല്ലാം വിൽക്കലും വാങ്ങലുമാണ്. ഒരു ബിഗ് ബിസിനസ്. കളിക്കാരെ വിലയ്ക്കെടുക്കുക, പബ്ളിസിറ്റി വാല്യുവിൽകൂടി പണം കൊയ്യുക, ആ കളിക്കാരനെ വച്ച് പണമുണ്ടാക്കുക. ഒരു ചെറിയ ഉദാഹരണം:- ക്രിസ്റ്റ്യാനോ റൊണാൾഡോ റെയൽ മാഡ്രീഡിൽ നിന്ന് യുവന്റസിലേക്ക്മാറി. അദ്ദേഹം ക്ലബ്ബിൽ ചേരുവാൻ പ്രത്യേക വിമാനത്തിൽ പറന്നിറങ്ങി. അപ്പോൾ അദ്ദേഹത്തെ സ്വീകരക്കാൻ എത്തിയ ലക്ഷക്കണക്കിന് ആരാധകര്‍ ധരിച്ച ടീഷർട്ട് താരത്തിന്റെ ചിത്രം ആലേഖനം ചെയ്തതായിരുന്നു.
കോടിക്കണക്കിന് ഡോളർ ലാഭമുണ്ടാക്കിയത് പ്രധാന ബിസിനസ് കേന്ദ്രങ്ങളായ ക്ലബ്ബുകളായിരുന്നു. ഇതിനെല്ലാം പുറമെയാണ് പന്തയങ്ങൾ. ഗ്രൗണ്ടിൽ കളി നടക്കുമ്പോൾ പുറത്ത് പന്തയപ്പടകൾ മത്സരത്തിലാകും. അങ്ങിനെ ഒരു മത്സരത്തിലെ തോൽവിക്കാരാണ് ഒരു കളിക്കാരനെ ക്രൂരമായി വധിച്ചത്. കൊളംബിയയുടെ വിശ്വസ്തനായ ഡിഫന്ററായിരുന്ന എസ് കോബാറിന്റെ ഒരു പിഴവിൽ സെൽഫ് ഗോളായി. ആ ഒരു ഗോളിന് ടീം തോൽക്കുകയും ചെയ്തു. രാജ്യത്തിനും കളിക്കാരനുമെല്ലാം ദുഃഖത്തിലായി. കളി കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടപ്പോൾ ഒരു ക്ലബ്ബിൽ വച്ചാണ് എസ് കോബാറിനെ നിറതോക്കിനിരയാക്കിയത്. അദ്ദേഹത്തെ കൊന്നത് വാതുവയ്പുകാരായിരുന്നു.
ഫുട്ബാളിൽ പ്രൊഫഷണലിസം കളിയുടെ ഗുണനിലവാരം ഉയർത്താനും ആധുനീകരിക്കാനും കളിക്കാരുടെ സുരക്ഷയ്ക്കുമെല്ലാം ഒരുപാട് മുന്നിലാണ്. മറുപുറം കച്ചവടത്തിന്റെ ലാഭക്കഥകളുടെയും. അതിനുതെളിവാണ് കൈക്കൂലിയും മറ്റ് അനാശാസ്യതയും പുറത്തുവരുന്നത്. എന്നാൽ ഖത്തറും റഷ്യയും ഇതെല്ലാം വെറും ആരോപണങ്ങളാണെന്ന പൊതു ന്യായം പറഞ്ഞ് തള്ളുകയാണ്. കളിക്കളങ്ങൾ നിശ്ചലമാണെങ്കിലും കളിക്ക് പുതിയ വഴികൾ കണ്ടെത്തുന്നു എന്നതാണ് ഇപ്പോഴത്തെ കായികവർത്തമാനം.

കായിക ക്വാറന്റൈനിടയിലും കച്ചവടക്കണ്ണ്

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ തന്നെ ഭയപ്പെടുത്തിക്കൊണ്ടാണ് ദിനങ്ങൾ തള്ളിനീക്കുന്നത്. ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഒരു വർഷത്തേക്ക് നീട്ടിവയ്ക്കാൻ അവസാനമായി തീരുമാനിച്ചിരിക്കുകയാണ്. യോഗ്യതാ മത്സരങ്ങളും മാറ്റിവച്ചു. യോഗ്യതാ കാലാവധി എട്ട് മാസത്തേക്ക് സസ്പെന്റ് ചെയ്യുവാൻ ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

കളിക്കാരുടെ കൂടുമാറ്റത്തിന്റെ കാലമാണിത്. പ്രൊഫഷണൽ ക്ലബ്ബുകൾ അടുത്ത സീസണിലേക്ക് കളിക്കാരെ ചാക്കിലാക്കാനുള്ള നീക്കങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. കൊറോണ കാലത്തെ കളി മുടക്കം ശരിക്കും പ്രയോജനപ്പെടുത്തുകയാണ് മുൻനിര ക്ലബുകൾ. റയൽ മാഡ്രിഡും ബാഴ്സലോണയും കഴിഞ്ഞ സീസണിലെ കളി നിലവാരത്തിന്റെ കൃത്യമായ പഠനം നടത്തിയാണ് മാർക്കറ്റിലിറങ്ങിയത്.
റയൽ മാഡ്രിഡിൽ നിന്ന് വലിയ തുകയ്ക്ക് ഒരുപാട് പ്രതീക്ഷയുമായി യുവന്റസ് കൂടാരത്തിലെത്തിയതാണ് ക്രിസ്ത്യാനോ റൊണാൾഡോ. ക്ലബ്ബിനും താരത്തിലും മോഹക്കൊട്ടാരം മനസിലുണ്ടായിരുന്നു. പക്ഷെ, രണ്ടു കൂട്ടർക്കും മോഹിച്ച പ്രതി ഫലം കിട്ടിയില്ല. ഇതുതന്നെയായിരുന്നു റയലിന്റെ സ്ഥിതിയും. ക്രിസ്റ്റ്യാനോയില്ലെങ്കിലും ടീമിന് ഒരു കുഴപ്പവും വരില്ലെന്നാണ് ക്ലബ് അധികൃതർ കരുതിയത്. കണക്കുകൂട്ടലുകൾ തെറ്റിയെന്ന് പിന്നീടാണ് ബോധ്യമായത്. അങ്ങിനെ രണ്ടു കൂട്ടരും രമ്യതയിലായെന്നും പഴയ തട്ടകത്തിലേക്ക് ക്രിസ്റ്റ്യാനോ തിരിച്ചുപോകുമെന്നും ഏതാണ്ട് ഉറപ്പാവുകയാണ്. യുവന്റസ് ഇതിന് സമ്മതം മൂളുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ലെയണൽ മെസിയുടെ ജന്മം തന്നെ ബാഴ്സലോണ ജഴ്സിയിലാണ്. ലോകത്തിലെ സമ്പന്ന ക്ലബ്ബുകൾ ദൂതന്മാരെ നിയോഗിച്ചിട്ടും മനസുമാറാതെ ഉറച്ചു നിൽക്കുന്ന മെസി, ഇത്തവണ എന്തുചെയ്യുമെന്ന ആശ്ചര്യത്തിലാണ് കായിക പ്രേമികൾ. അതിന് തക്കതായ കാരണമുണ്ട്. കഴിഞ്ഞ സീസൺ പ്രതീക്ഷകൾ തകിടം മറിച്ചിരുന്നു. ഇനിയും ഒരു ഭാഗ്യപരീക്ഷണത്തിന് താനില്ല എന്ന മെസിയുടെ മുന്നറിയിപ്പാണ് ക്ലബ്ബ് അധികൃതരെ അസ്വസ്ഥരാക്കുന്നത്. വിശ്വ താരത്രയത്തിൽ ഇളയ ആളായ നെയ്മറെ ബാഴ്സയിലെടുക്കണമെന്നാണ് മെസിയുടെ നിർദ്ദേശം. എന്നാൽ കോച്ചിന് ഒട്ടും യോജിപ്പില്ല. നെയ്മർക്ക് പിഎസ്‌ജി വിടാനും ബാഴ്സയിൽ വരാനും താല്പര്യമുണ്ട്. നെയ്മറും മെസ്സിയും ചേർന്ന് മുന്നേറ്റനിരയിൽ വന്നാൽ അസാധാരണ കോമ്പിനേഷനുണ്ടാകും. അത് ടീമിന്റെ പ്രഹര ശക്തി വർദ്ധിപ്പിക്കും.

കൊറോണ രോഗ പ്രതിരോധത്തിൽ കളിക്കാർ സ്വന്തം പങ്കും മറ്റുള്ളവരുടെ സഹായം സ്വീകരിക്കലും നടന്നുകൊണ്ടിരിക്കുന്നു. ലോകമാകെ വന്നുപ്പെട്ട മഹാമാരി വിതച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ എല്ലാ മേഘലകളെയും തകർക്കുമ്പോൾ കളിക്കാരും അതിൽ ഇഴുകിച്ചേരുകയാണ്.
ബാഴ്സലോണയിൽ തർക്കത്തിന്റെ കാലമാണിത്. കോവിഡ് 19 ന്റെ ദുരിതകാലത്ത് ബാഴ്സ തർക്കത്തിന്റെയും കലഹത്തിന്റെയും ഇടയിലാണ്. രണ്ടു വൈസ് പ്രസിഡന്റുമാർ ഉൾപ്പെടെ ആറ് ഡയറക്ടർമാർ രാജിവച്ചു. ക്ലബ്ബിന്റെ പ്രസിഡന്റ് ബർത്തോ മ്യൂ ആരോപണങ്ങളുടെ നടുക്കയത്തിലാണ്. പ്രൊഫഷണൽ ക്ലബ്ബുകളിൽ ഏറെ വ്യത്യസ്തത ബാഴ്‌ലോണയ്ക്കുണ്ട്. ക്ലബ്ബിന് ഓഹരിക്കാരില്ല. മെമ്പർമാരാണ് അധികാരികൾ. ഭാരവാഹികളെ അംഗങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. ഒന്നര ലക്ഷം മെമ്പർമാരുടെ കൂട്ടായ്മയാണിത്. മെസിയുടെ മുൻ കൈയിൽ കളിക്കാർ ശമ്പളത്തിന്റെ എഴുപത് ശതമാനം കുറച്ചു മതിയെന്ന തീരുമാനമെടുത്തത് ക്ലബ്ബിന് വലിയ ആശ്വാസമായിരുന്നു. എന്തായാലും നിലവിലുള്ള പ്രസിഡന്റിന്റെ കാലവധി അടുത്ത വർഷം ജുൺ വരെയാണ്. ഇത് ഒരു സന്നിഗ്ദ ഘട്ടമാണ് ബാഴ്സക്ക്. ഈ പ്രതിസന്ധി അതിജീവിച്ചേ മതിയാകൂ. ലോകമാകെയുള്ള ജനകോടികൾ ആരാധിക്കുന്ന ടീമുകളിൽ ഒന്നാം സ്ഥാനം ബാഴ്സക്കാണ്. മെസിയുടെ കളിയഴകും ജന ബാഹുല്യത്തിന് പ്രധാന കാരണമാണ്.

ട്വിറ്റർ ലീഗും കേരളാബ്ലാസ്റ്റേഴ്സും

ട്വിറ്റർ ലീഗ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയമാണ് വാർത്തയിൽ നിറഞ്ഞ് നിന്നത്. ആവേശ തീപ്പൊരിയമായി കടന്നുവന്ന് ലക്ഷക്കണക്കിനു് ആരാധകരുടെ മനസിൽ ഇടം പിടിച്ച ടീമായി കേരളം മാറി. എന്നാൽ അഞ്ചു വർഷം കഴിയുമ്പോഴേക്കും ജനങ്ങളിൽ നിന്നകലുന്ന സ്ഥിതിയിലായി. ആരാധകർ എന്നും കളിയുടെ നിലവാരത്തിനനുസരിച്ച് അഭിപ്രായങ്ങളിൽ മാറ്റം വരുത്തും. ഇതുതന്നെയാണ് ഉണ്ടായത്. ഐഎസ്എൽ മത്സരത്തിലെ മോശം പെർഫോമെൻസ് കാരണമാണ് ജനങ്ങൾ അകന്നുപോയത്. തുടർന്ന് ഗോകുലവുമായുള്ള ഫൈനൽ മത്സരത്തിൽ ജയിച്ചപ്പോൾ ആരാധകർ ഒപ്പം കൂടി. ഇത്തരമൊരു സാഹചര്യത്തിലാണ് ട്വിറ്റർ ലീഗിന്റെ പ്രാഥമിക റിസൾട്ട് വന്നത്. ഇന്തോനേഷ്യൻ ക്ലബ്ബായ പെരി സിബിനെ തോൽപ്പിച്ചായിരുന്നു കേരളത്തിന്റെ മുന്നേറ്റം. യുഎസിലെ സാൻ ബാസ് മീഡിയയാണ് മത്സരം സംഘടിപ്പിച്ചത്. ആരാധനാലോകം ഇഷ്ടപ്പെട്ട ടീമിന് ട്വിറ്ററിൽ വോട്ട് ചെയ്തു. മൊത്തം വോട്ടിന്റെ 51 ശതമാനവും ബ്ലാസ്റ്റേഴ്സ് നേടി. ഗലാട്ട സറയ് എന്ന തുർക്കി ക്ലബ്ബാണ് അടുത്ത എതിരാളികൾ.

ഒരു കേരള ടീം ലോക ശ്രദ്ധയുള്ള മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ടുന്നതും വിദേശികളെപ്പോലും വിസ്മയിപ്പിച്ചുകൊണ്ട് പ്രാഥമികതല വിജയം നേടുന്നത്. ചരിത്രത്തിൽ ആദ്യത്തേതാണത്. കേരള താരങ്ങൾ ഒളിമ്പിക്സിൽ കളിച്ചിട്ടുണ്ടെങ്കിലും ഒരു സാർവ്വദേശീയ ശ്രദ്ധനേടുന്ന ക്ലബ്ബ് എന്ന നിലയിൽ ആർക്കും നേടാൻ പറ്റാത്ത അംഗീകാരമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയെടുത്തത്. ട്വിറ്റർ മത്സരത്തിൽ പങ്കെടുക്കുന്ന ഫുട്ബാൾ ആരാധകരുടെ മനസിൽ ഇടംനേടാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.

YOU AMY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.