പ്രാദേശിക വിപണിയിൽ പരിചിതമല്ലാത്ത ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വിജയം നേടിയിരിക്കുകയാണ് തൃശൂർ കേച്ചേരി സ്വദേശി പാറപ്പുറം മുസ്തഫ. കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് ചിറമനേങ്ങാടാണ് മുസ്തഫയുടെ ഡ്രാഗൺ ഫ്രൂട്ട് തോട്ടം. രണ്ട് ഏക്കർ വരുന്ന സ്ഥലത്ത് 2000 ചെടികളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച കൃഷിയിൽ മികച്ച വിളവ് ലഭിച്ച് തുടങ്ങി. അബുദാബിയിൽ ബിസിനസ് നടത്തുന്ന മുസ്തഫ ഒരു വർഷം നാട്ടിലും ഒരു വർഷം വിദേശത്തും എന്ന നിലയിലാണ് കഴിയുന്നത്. നാട്ടിലുള്ള സമയത്ത് കൃഷി ചെയ്യണമെന്ന ചിന്തയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് നയിച്ചത്.
ഹൈദ്രാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് ഇതിനാവശ്യമായ തൈകൾ കൊണ്ട് വന്നത്. ചെടി പടർന്നു കയറാനായി കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചു നൽകിയിട്ടുണ്ട്. ജലസേചനം കുറവുമതിയെന്നതാണ് ഡ്രാഗൺഫ്രൂട്ട് കൃഷിയുടെ മറ്റൊരു ആകർഷണം. കടങ്ങോട് പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണവും കൃഷിക്കുണ്ട്.
പഴങ്ങളിലെ താരമായ ഡ്രാഗൺ ഫ്രൂട്ടിന് വിപണിയിൽ കിലോഗ്രാമിന് 300 രൂപയോളം വിലയുണ്ടെങ്കിലും മുസ്തഫ തന്റെ തോട്ടത്തിലെത്തുന്നവർക്ക് ഒരു കിലോ ഫ്രൂട്ട് 150 രൂപയ്ക്കാണ് നൽകുന്നത്. ഒരു പഴം തന്നെ അര കിലോഗ്രാമിൽ അധികം തൂക്കം വരുമെന്നും വലിയ ആയാസമില്ലാതെ മികച്ച ആദായം ലഭിക്കുന്ന കൃഷിയാണ് ഡ്രാഗൺ ഫ്രൂട്ടെന്നും മുസ്തഫ പറയുന്നു.
ഡ്രാഗൺ ഫ്രൂട്ട് വൈറ്റമിനുകളുടെ കലവറയാണ്. രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ശേഷിയുണ്ട്. രൂപ ഭംഗിയിലെ ഇതര പഴങ്ങളെ വെല്ലും ഡ്രാഗൺ ഫ്രൂട്ട് രുചിയിലും കേമനാണ്. 20 മുതൽ 25 വർഷം വരെ ആയുസ് പ്രതീക്ഷിക്കുന്ന ഡ്രാഗൺ ഫ്രൂട്ട് വർഷത്തിൽ ചുരുങ്ങിയത് ഏഴ് തവണ വിളവെടുപ്പ് നടത്താൻ കഴിയും.
ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ള ഈ പഴത്തിന് ഡയബെറ്റിസ്, കൊളസ്ട്രോൾ, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും പറയപ്പെടുന്നു.
പ്രാദേശിക വിപണിക്കു പുറമെ മൊത്തകച്ചവടക്കാരും പഴത്തിനായി സമീപിക്കുന്നതായി മുസ്തഫ പറഞ്ഞു. അടുത്ത മാസത്തെ വിളവെടുപ്പിൽ ഒരു ടണ്ണോളം പഴം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിൽ ആവശ്യക്കാരേറുന്നതിനാൽ ഡ്രാഗൺ ഫ്രൂട്ട് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മുസ്തഫ.
English summary;The garden is full of dragon fruit
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.