Web Desk

October 20, 2020, 3:30 am

മക്കാർത്തിയിസത്തിന്റെ പ്രേതബാധ

Janayugom Online

“യൂറോപ്പിനെ ഒരു ഭൂതം വിഴുങ്ങിയിരിക്കുന്നു- കമ്യൂണിസത്തിന്റെ ഭൂതം” എന്നു പറഞ്ഞു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. അക്കാലത്തെ അധികാര ശക്തികൾ കമ്മ്യൂണിസത്തെ ഇല്ലാതാക്കാൻ തൊടുത്തുവിട്ട വിമർശനങ്ങളെ തൊട്ടു കൊണ്ടാകണം കമ്മ്യൂണിസത്തെ ജനങ്ങൾ മനസിലാക്കേണ്ടത് എന്ന് മാർക്സും ഏംഗൽസും ചിന്തിച്ചുകാണും. ആ രചനാശൈലി മാനിഫെസ്റ്റോ വായനയെ കൂടുതൽ ഹൃദ്യമാക്കുന്നുവെന്നത് ഏവരുടേയും അനുഭവമായിരിക്കാം. 1848 ലെ ആ വരവോടുകൂടി കമ്മ്യൂണിസം ലോകത്തെ ഗാഢമായി സ്വാധീനിച്ചു. പഴയ യൂറോപ്പിന്റെ പിന്തിരിപ്പൻ ശക്തികളെല്ലാം ഒന്നിച്ച് അഴിച്ചുവിട്ട എല്ലാത്തരം വേട്ടയാടലുകളെയും നേരിട്ടുകൊണ്ട് കമ്മ്യൂണിസം ജനമനസുകളിൽ കുടിയേറി. അത് ഇരുപതാം നൂറ്റാണ്ടിന്റെ വികാസഗതിയെ നിയന്ത്രിക്കാൻപോലും ശക്തിയുള്ളതായി മാറി. ആ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കമ്മ്യൂണിസത്തിന്റെ ശക്തിക്ഷയവും പല കാരണങ്ങളാൽ ലോകം കണ്ടു. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ അതിനു മങ്ങലേറ്റെങ്കിലും കമ്മ്യൂണിസ്റ്റ് ലോകവീക്ഷണം തുടച്ചു മാറ്റപ്പെടുന്നില്ല. ലോകം തങ്ങളുടെ കാല്‍ക്കീഴിലായി എന്നും കമ്മ്യൂണിസത്തിന്റെ കഥ കഴിഞ്ഞു എന്നും മൂലധന ശക്തികൾ വിളിച്ചുപറയുമ്പോഴും പുതിയ യാഥാർത്ഥ്യങ്ങളോട് സർഗ്ഗാത്മകമായി പ്രതികരിക്കാൻ കരുത്തുനേടി കമ്മ്യൂണിസം തിരിച്ചുവരുമെന്ന് അതിന്റെ ബന്ധുക്കൾക്ക് ഉറപ്പുണ്ട്.

‘തുറന്ന സമുദായം സത്യത്തിൽ തുറന്നതാണോ’

കമ്മ്യൂണിസത്തിന്റെ വളർച്ച തടയാനായി ആഗോള വ്യാപകമായി തന്നെ മുൻകൈ എടുക്കുന്നവരിൽ ഒന്നാം സ്ഥാനത്താണ് എന്നും അമേരിക്ക. കമ്മ്യൂണിസം അടഞ്ഞ സമുദായം ആണെന്ന് ആരോപിച്ചുകൊണ്ട് തുറന്ന സമുദായത്തിന്റെ മേലങ്കിയാണ് എന്നും വൈറ്റ്ഹൗസ് സ്വയം ചാർത്തിയിട്ടുള്ളത്. അവിടെ ജനാധിപത്യ സ്വാതന്ത്ര്യങ്ങളും മനുഷ്യാവകാശങ്ങളും പൂത്തുലയാൻ ഭരണകൂടം സദാ ജാഗരൂകരാണെന്ന് അവർ അവകാശപ്പെടാറുണ്ട്. എന്നാൽ അമേരിക്കയിൽ കറുത്തവരും പാവങ്ങളും കുടിയേറ്റക്കാരും എന്നും അനുഭവിക്കുന്നത് അവഹേളനവും അവഗണനയുമാണ്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ആ ‘തുറന്ന’ സമുദായത്തിന്റെ തുറവിയെപ്പറ്റി കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ അമേരിക്കയിൽ സ്ഥിരതാമസത്തിന് യോഗ്യരല്ല എന്ന ട്രംപ് ഭരണകൂടത്തിന്റെ കല്പന ആണത്. യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവ്വീസസ് (യുഎസ്‌സിഐഎസ്) ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങുന്ന നയരേഖ കഴിഞ്ഞയാഴ്ച പുറത്തിറക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ട്രംപ് ഭരണത്തിൻ കീഴിൽ അമേരിക്ക കൂടുതൽ കൂടുതൽ വലത്തേക്ക് നീങ്ങുന്നു എന്നത് ഇന്ന് രഹസ്യമല്ല. തൊഴിലാളികളുടെ കുറഞ്ഞ കൂലിയുടെ കാര്യത്തിലും കറുത്തവരുടെ മനുഷ്യാവകാശ പ്രശ്നങ്ങളിലും തുടങ്ങിയ ഈ മാറ്റം കുടിയേറ്റ കാര്യത്തിൽ കൂടുതൽ മനുഷ്യത്വഹീനമായി. മെക്സിക്കോ അതിർത്തിയിൽ കെട്ടിപ്പൊക്കാൻ ശ്രമിച്ച കൂറ്റൻ മതിലും തുറന്നുവിടാൻ കരുതി വച്ച വിഷപാമ്പുകളും ലോകം ശ്രദ്ധിച്ച കാര്യങ്ങളാണ്. കോവിഡ് 19 ന്റെ വരവോടെ ആ ‘ലോക മഹാശക്തി‘യുടെ ജീവൻരക്ഷാ നയങ്ങളിലെ പാപ്പരത്തം ലോകമറിഞ്ഞു. വാക്സിൻ ഗവേഷണത്തേക്കാൾ അവർക്ക് തിടുക്കം യുദ്ധകോപ്പുകൾക്ക് മൂർച്ച കൂട്ടുന്ന ഗവേഷണങ്ങൾക്കായിരുന്നു. കാലങ്ങളായുള്ള യുഎസ് ബജറ്റ് നീക്കിയിരുപ്പുകൾ ഇത് വ്യക്തമാക്കുന്നു. അപ്പോഴും മനുഷ്യാവകാശവും ജനാധിപത്യവും തുറുപ്പുചീട്ടായി അവരുടെ നാവിൻതുമ്പത്തുണ്ടായിരുന്നു. ആ ജനാധിപത്യവും മനുഷ്യാവകാശവും രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളെ സമീപിക്കുന്നത് എങ്ങനെയാണ് എന്ന് മേൽപ്പറഞ്ഞ നയരേഖ വിളിച്ചു പറയുന്നു. ഇത്തരം നയങ്ങൾ അവലംബിക്കുന്ന ഭരണകൂടങ്ങൾ എല്ലാം രാജ്യരക്ഷയുടെ മറവിലാണ് കരുക്കൾ നീക്കാറ്. കമ്മ്യൂണിസ്റ്റ്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും ഭീഷണിയാണെന്ന വാദം മാനിഫെസ്റ്റോ പറഞ്ഞ “യൂറോപ്പിനെ വിഴുങ്ങിയ ഭൂത“ത്തെ ഓർമ്മപ്പെടുത്തുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയം മണക്കുന്ന ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കും ഈ തന്ത്രം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ് കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞിരിക്കുന്നു, സമനില തെറ്റിയ ട്രംപ്. മാനവരാശി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കമ്പോളം നിയന്ത്രിക്കുന്ന മുതലാളിത്തത്തിനു കഴിയില്ലെന്നു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പയും ഈ വിമർശനം കേട്ടതാണ്. ‘വത്തിക്കാനിലെ കമ്മ്യൂണിസ്റ്റ്’ എന്ന വിളിയുമായാണ് റിപ്പബ്ളിക്കൻ പാർട്ടിയിലെ വലതുപക്ഷം അദ്ദേഹത്തിന്റെ പ്രസ്താവനയെ എതിരേറ്റത്. അപ്രിയ സത്യങ്ങൾ പറയുന്നവരെ നേരിടാനുള്ള ഏറ്റവും മൂർച്ചയുള്ള അസ്ത്രമായി കമ്മ്യൂണിസ്റ്റ് മുദ്രകുത്തലിനെ അവർ കാണുന്നു. മാനിഫെസ്റ്റോ പറഞ്ഞത് എത്ര ശരിയാണ്! “അധികാരത്തിലിരിക്കുന്ന എതിരാളികൾ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാത്ത പ്രതിപക്ഷ പാർട്ടി എവിടെയാണുള്ളത്?”

മക്കാർത്തിയിസം എന്നാൽ

1930 കൾ മുതൽ ഏകദേശം രണ്ട് ദശാബ്ദക്കാലം അമേരിക്കയെ ഗ്രസിച്ച ‘മക്കാർത്തിയിസം’ തിരിച്ചുവരിക ആണോ എന്നുപോലും ലോകം ചോദിക്കും. അമേരിക്കൻ ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നും കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടി പുറത്താക്കലായിരുന്നു മക്കാർത്തിയിസത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. അതിനായി അമേരിക്കൻ വലതുപക്ഷ സെനറ്ററായിരുന്ന മക്കാർതിയുടെ മുൻകൈയിലാണ് അത് ആരംഭിച്ചത്. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന നിലയിൽ കമ്മ്യൂണിസത്തോട് അനുഭാവം സൂക്ഷിച്ച പതിനായിരങ്ങൾ അന്ന് നാനാതരം പീഡനങ്ങൾക്ക് അമേരിക്കയിൽ വിധേയരായി. രാജ്യരക്ഷയുടെ പേരിൽ കെട്ടിച്ചമച്ച കള്ളക്കേസുകൾ തന്നെയായിരുന്നു മക്കാർത്തിയിസത്തിന്റെ പ്രധാന ആയുധം. ‘ചുവപ്പന്മാർ’ എന്ന് വിളിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് അനുഭാവികൾക്കെതിരായി അപവാദ പ്രചരണങ്ങളുടെ വേലിയേറ്റമുണ്ടായി. പ്രൊഫസർമാരും ശാസ്ത്രജ്ഞരും കലാകാരന്മാരും ട്രേഡ് യൂണിയൻ നേതാക്കന്മാരും അടക്കം അമേരിക്കൻ സമൂഹം മാനിച്ച ആയിരക്കണക്കിനാളുകൾ തങ്ങളുടെ കമ്മ്യൂണിസ്റ്റ് അനുഭാവത്തിന് അന്ന് കനത്ത വില നല്കേണ്ടിവന്നു. ഓരോ കട്ടിലിനടിയിലും അമേരിക്കൻ രഹസ്യ പൊലീസ് ചുവപ്പന്മാരെ തിരഞ്ഞ കാലമായിരുന്നു അത്. അവർക്ക് യുഎസിനോട് കൂറുണ്ടാവുകയില്ല എന്നാണ് ‘മക്കാർതിയിസം’ പ്രചരിപ്പിച്ചത്. അതേ ചുവടുപിടിച്ചുകൊണ്ട് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് ഇപ്പോഴും പറയുന്നത് കമ്മ്യൂണിസ്റ്റുകാർ രാജ്യത്തെ നിയമങ്ങളെ പിന്തുണയ്ക്കില്ല എന്നാണ്. ലോകത്താകെ വീശിയ വലതുപക്ഷ കാറ്റ് അമേരിക്കൻ ഭരണനയങ്ങളിൽ അടിച്ചേല്പിക്കുന്ന ജനാധിപത്യ ധ്വംസനം ആണ് ഇത്. രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധികാരികളുടെ കൈച്ചീട്ട് വേണം എന്നതാണ് അതിന്റെ സാരാംശം. മക്കാർത്തിയിസം ഉറഞ്ഞുതുള്ളിയ ആ കാലത്തുപോലും അവർക്ക് അമേരിക്കയിൽ സ്ഥിര താമസം വിലക്കിയതായി അറിയില്ല. ഏകധ്രുവ ലോകം കൊതിച്ച അമേരിക്കയ്ക്ക് എന്നും ഒരു ശത്രുവിനെ ആവശ്യമുണ്ടായിരുന്നു. കമ്മ്യൂണിസം തങ്ങളുടെ ആജന്മശത്രു ആണെന്ന് അവർ സ്വയം വിശ്വസിപ്പിച്ചു. വിയറ്റ്നാമിലടക്കം അഴിച്ചുവിട്ട യുദ്ധങ്ങൾക്കെല്ലാം വൈറ്റ്ഹൗസ് ന്യായം ചികഞ്ഞത് ചുവപ്പന്മാരോടുള്ള ശത്രുതയിലാണ്. കാലപ്രവാഹത്തിൽ ലോക ഭൂപടത്തിലും ശാക്തിക ബലാബലത്തിലും ഒട്ടേറെ മാറ്റങ്ങൾ വന്നുവെങ്കിലും ‘കമ്മ്യൂണിസ്റ്റ് ഭൂത’ത്തേക്കുറിച്ചുള്ള അമേരിക്കൻ ശത്രുതയ്ക്ക് മാറ്റം ഉണ്ടാകുന്നില്ല. അന്ന് സോവിയറ്റ് യൂണിയൻ ആയിരുന്നെങ്കിൽ, ഇന്ന് ചൈനയെ ശത്രുസ്ഥാനത്ത് നിർത്തിക്കൊണ്ടാണത്രേ അമേരിക്ക ആശയ യുദ്ധത്തിനൊരുങ്ങുന്നത്. അതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ പൗര സമൂഹത്തിന്റെ ഭാഗമാവാൻ യോഗ്യരല്ലെന്ന കണ്ടുപിടുത്തം ജനാധിപത്യ വിരുദ്ധം മാത്രമല്ല അങ്ങേയറ്റം പ്രാകൃതവും കൂടിയാണ്. അമേരിക്കൻ ഭരണകൂടത്തിനും അതിന്റെ മേധാവികൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയെ രാഷ്ട്രീയമായും ആശയപരമായും എതിർക്കാം. അവർക്ക് ആ എതിർപ്പുകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാം. കമ്മ്യൂണിസ്റ്റുകാരുടെ പൗരാവകാശ നിഷേധത്തോളം ആ എതിർപ്പിനെ കയറൂരി വിടുന്നതും അവരെ വേട്ടയാടാൻ നിയമങ്ങൾ ഉണ്ടാക്കുന്നതും ഒരു ജനാധിപത്യ സമൂഹത്തിന്റെ മാർഗ്ഗമല്ല. അമേരിക്കൻ നയങ്ങൾ തീരുമാനിക്കുന്ന തീവ്ര വലതുപക്ഷ ശക്തികൾ അവരുടെ ജനാധിപത്യ മുഖംമൂടി പോലും അഴിച്ചുമാറ്റുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി സമഗ്രാധിപത്യ പാർട്ടി ആണെന്ന കണ്ടുപിടുത്തം ആണ് ഈ കരിനിയമത്തിനാധാരം. നദിയിലെ വെള്ളം കലക്കി എന്ന് പറഞ്ഞ് ആട്ടിൻകുട്ടിയെ കടിച്ചുകീറിയ ചെന്നായയെ ഓർത്തുപോകുന്നു.

ഏതെങ്കിലും രാജ്യത്ത് ഒരാൾ കമ്മ്യൂണിസ്റ്റ് ആവുകയെന്ന് പറഞ്ഞാൽ അയാൾ ചൈനീസ് നയങ്ങളെ പിന്താങ്ങുന്നു എന്നർത്ഥമില്ല. ചൈനീസ് നിലപാടുകളിലെ തെറ്റുകളെ വിമർശിക്കാൻ ഏത് രാജ്യത്തെ കമ്മ്യൂണിസ്റ്റുകാരനും അവകാശമുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും യുഎസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമടക്കം ലോകത്തിലെ ബഹുഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് പാർട്ടികളും 1960 കളിൽ തന്നെ അത് തെളിയിച്ചിട്ടുണ്ട്. 1962ൽ ചൈന നടത്തിയ അതിർത്തി ലംഘനങ്ങളെ തള്ളിപ്പറയാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി മടിച്ചിട്ടില്ല. ഇന്നും അതിർത്തിയിലെ സംഘർഷങ്ങളിൽ അതേ നിലപാടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാർക്ക് ഉള്ളത്. രാജ്യത്തിന്റെ ഓരോ മൺതരിയും അവർക്ക് പ്രിയപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റുകാർ സ്വന്തം രാജ്യത്തേക്കാൾ മറ്റേതോ രാജ്യത്തോട് കൂറുള്ളവരാണെന്ന പ്രചാരവേല കമ്മ്യൂണിസ്റ്റ് വിരോധികൾ ബോധപൂർവം കെട്ടിച്ചമയ്ക്കുന്നതാണ്. സ്വന്തം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി അടിപതറാതെ പോരാടിക്കൊണ്ടാണ് കമ്മ്യൂണിസ്റ്റുകാർ ലോകത്തെവിടെയുമുള്ള നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ പിന്താങ്ങുന്നത്. കമ്പോള താല്പര്യങ്ങളുടെ പേരിൽ ചൈനയോട് അമേരിക്ക പുലർത്തുന്ന വൈരാഗ്യമാണ് മക്കാർത്തിയിസത്തിലേക്ക് ട്രംപിനെ തിരിച്ച് നടത്തിക്കുന്നത്. കമ്മ്യൂണിസം സമം ചൈന എന്ന സമവാക്യമെഴുതിയാണ് ഈ യുദ്ധം നടക്കുന്നത്. ആശയങ്ങളെ മതിൽകെട്ടി പുറത്താക്കാനുള്ള ഈ നീക്കം 21-ാം നൂറ്റാണ്ടിന് അപമാനമാണ്.

ചൈനയിലെ പരീക്ഷണം

ചൈനയിൽ നടക്കുന്നത്, അവരുടെ തന്നെ ഭാഷയിൽ ഒരു പരീക്ഷണമാണ്. ചൈനീസ് മോഡൽ സോഷ്യലിസം എന്നാണ് അവർ അതിനെ വിളിക്കുന്നത്. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ കമ്പോളത്തിന്റെ സ്ഥാനം കണ്ടെത്തുകയാണ് അതിന്റെ ലക്ഷ്യമെന്ന് അവർ പറയുന്നു. അതിൽ ജയിക്കുന്നത് കമ്പോളമാണോ സോഷ്യലിസമാണോ എന്ന ചോദ്യം ഈ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ പൊന്തിവരുന്നുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയിൽ അമേരിക്കയെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ചൈന കുതിച്ചുകയറി എന്നത് സത്യമാണ്. അതോടൊപ്പം ചൈനീസ് സമൂഹത്തിൽ പുതിയ വെല്ലുവിളികൾ ഉയർന്നു വന്നതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ പറയുന്നു. പെരുകുന്ന സാമ്പത്തിക അന്തരം, വളരുന്ന അഴിമതി, പരിസ്ഥിതി നാശം എന്നിവ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ ഉത്കണ്ഠ ഉളവാക്കുന്നു. ചൈനയെ സംബന്ധിച്ചുള്ള ഈ വസ്തുതകൾ കണക്കിലെടുക്കാതെയുള്ള ഒരു പഠനവും പൂർത്തിയാവുമെന്ന് കമ്മ്യൂണിസ്റ്റുകാർ വിശ്വസിക്കുന്നില്ല. അമേരിക്കൻ ഭരണകൂടത്തിന്റെ ഏക ചിന്താവിഷയമാകട്ടെ തങ്ങളുടെ കമ്പോള വികസന മോഹങ്ങളെ ചൈനയുടെ സാമ്പത്തിക കുതിപ്പ് എങ്ങനെ ബാധിക്കും എന്നത് മാത്രമാണ്. അതിന്റെ പാരമ്യത്തിലാണ് അവർ കമ്മ്യൂണിസ്റ്റുകാർക്ക് വിലക്ക് പ്രഖ്യാപിക്കാൻ കോപ്പ് കൂട്ടുന്നത്. 21-ാം നൂറ്റാണ്ടിന്റെ ജനാധിപത്യ സങ്കല്പങ്ങൾക്കും ബൗദ്ധിക നിലവാരത്തിനും നിരക്കാത്ത നടപടിയാണിത്. റിപ്പബ്ലിക്കൻ പാർട്ടിക്കോ അമേരിക്കൻ ഭരണകൂടത്തിനോ കമ്മ്യൂണിസത്തോട് വിയോജിക്കുവാനോ ശത്രുത പ്രഖ്യാപിക്കാൻപോലുമോ അവകാശമുണ്ട്. എന്നാൽ മാനവരാശിയുടെ മഹാ പ്രയാണത്തിൽ നിർണായക പങ്ക് വഹിച്ച, കോടാനുകോടി മനുഷ്യരുടെ ചിന്തകളെ സ്വാധീനിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തോട് അന്ധമായ വൈരം പ്രഖ്യാപിക്കുന്നത് ഒരിക്കലും നീതീകരിക്കപ്പെടുന്നില്ല. മുതലാളിത്തത്തിന്റെ അധാർമ്മികതയെക്കുറിച്ച്, അതിന്റെ പരാജയത്തെക്കുറിച്ച് സാമ്പത്തിക‑രാഷ്ട്രീയ പണ്ഡിതന്മാർ തന്നെ വേണ്ടുവോളം പറഞ്ഞുകഴിഞ്ഞു. ലോകം പുതുവഴികൾ തേടിയില്ലെങ്കിൽ നീതിയെപ്പറ്റിയുള്ള മനുഷ്യ സങ്കല്പങ്ങൾ ഇവിടെ കൊഴിഞ്ഞുവീഴും. മനുഷ്യന് പുതിയ ആകാശവും പുതിയ ഭൂമിയും വേണം. ആ അന്വേഷണത്തിൽ കമ്മ്യൂണിസത്തിന്റെ നീതിബോധം ഏറിയും കുറഞ്ഞും അവരെ ആകർഷിക്കുന്നുണ്ട്. അത്തരമൊരു ആശയത്തിന് നേർക്ക് വാതിലുകൾ കൊട്ടിയടയ്ക്കുന്നവർ അമേരിക്കയുടെ ജനാധിപത്യ പാരമ്പര്യങ്ങളെയാണ് കുഴിച്ചുമൂടുന്നത്. അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നുണ്ട്. അതുകൊണ്ട് തന്നെ, ‘അവരോട് പൊറുക്കേണമേ’ എന്നു പറയാൻ പുതിയ കാലഘട്ടത്തിലെ പൗരന്മാർക്ക് കഴിയുകയില്ല. ഹാലിളകിയ മുതലാളിത്തവും അന്ധത ബാധിച്ച അതിന്റെ പടനായകരും ആശയ വൈവിധ്യങ്ങളോട് നടത്തുന്ന യുദ്ധമാണിത്. ഏത് അളവുകോലുകൊണ്ട് അളന്നാലും യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസിന്റെ നടപടി മനുഷ്യരുടെ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. അടിമയെപ്പോലെ അല്ലാതെ സ്വതന്ത്ര മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവകാശത്തിന് നേർക്കുള്ള യുദ്ധപ്രഖ്യാപനമാണിത്. അത് പുതിയ മനുഷ്യൻ വകവച്ചുകൊടുക്കാൻ പോകുന്നില്ല.