പെൺകുട്ടിക്ക് ഹൃദയാഘാതം; ആദ്യത്തെ സംഭവമെന്ന് ഡോക്ടർമാർ

Web Desk
Posted on December 24, 2019, 9:05 am

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് 13 വയസുള്ള പെൺകുട്ടിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബൈപ്പാസ് സർജറി നടത്തി. സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയിൽ അപൂർവമായുമാണ് ചെറിയ പ്രായത്തിൽ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും അതിനു ബൈപ്പാസ് സർജറി വേണ്ടിവരുന്നതും. പെൺകുട്ടികളിൽ തന്നെ ഹൃദയാഘാത സാധ്യത വിരളമാണെന്നിരിക്കെ ചെറുപ്രായത്തിൽ ഒരു പെൺകുട്ടി തന്നെ രോഗിയായിയെന്നത് മറ്റൊരു പ്രത്യേകതയുമാണ്. നെഞ്ചുവേദനയെ തുടർന്ന് വിവിധ ആശുപത്രികളിൽ നടന്ന ചികിത്സയ്ക്കു ശേഷമാണ് കൊല്ലം നീണ്ടകര സ്വദേശിനിയായ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

കുട്ടികളിലെ ഹൃദയാഘാത സാധ്യത ഇതു വരെ ഇല്ലാതിരുന്നതിനാൽ രോഗിയുടെ ഹൃദയത്തിന് ജന്മനായുള്ള തകരാർ വല്ലതുമുണ്ടോയെന്ന പരിശോധനയാണ് ആദ്യം നടത്തിയത്. അതിൽ പ്രശ്നമൊന്നും കണ്ടില്ല. നെഞ്ചുവേദന തുടരുന്ന സാഹചര്യത്തിൽ കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ.ജോർജ് കോശിയുടെ നേതൃത്വത്തിൽ നടത്തിയ ഇസിജി പരിശോധനയിൽ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ആൻജിയോഗ്രാം ചെയ്യുകയായിരുന്നു. പരിശോധനയിൽ പ്രധാന രക്തധമനിയിൽ 99 ശതമാനം ബ്ലോക്കും മറ്റൊരു ധമനിയിൽ 50 ശതമാനം ബ്ലോക്കും കണ്ടു. മാത്രമല്ല, രക്തധമനീഭിത്തിയിലും തകരാറുണ്ടായിരുന്നു.

you may also like this video;

ഈ അവസ്ഥയിൽ ആൻജിയോപ്ലാറ്റി നടത്തി സ്റ്റെന്റ് ഇടുന്നതിൽ തടസമുള്ളതിനാൽ ബൈപ്പാസ് സർജറി തീരുമാനിച്ചു. സാധാരണ ഗതിയിൽ രക്തസമ്മർദ്ദം, പ്രമേഹം, പുകവലി എന്നീ കാരണങ്ങളാൽ ഉണ്ടാകുന്ന അത്രോസ്ക്ലെറോസിസാണ് മുതിർന്നവർക്ക് രക്തധമനിയിലെ ബ്ലോക്കിന് പ്രധാനമായി കാരണമാകുന്നത്. കുട്ടികളിലുണ്ടാകുന്ന രോഗങ്ങൾ ടാക്കയാസു ആർട്ടറൈറ്റിസ്, കാവസാക്കി ഡിസീസ്, ജന്മനായുള്ള തകരാറുകൾ എന്നിവയുമാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായ ലക്ഷണമാണ് കുട്ടിയിൽ കണ്ടത്. ശസ്ത്രക്രിയാ സമയത്ത് രക്തധമനിയുടെ ബയോപ്സിയെടുത്തു പരിശോധിച്ചതിൽ പ്രായമായവരിൽ വരുന്ന ഹൃദയാഘാതമല്ലെന്നു തിരിച്ചറിഞ്ഞു.

കുട്ടികളിലെ ഹൃദയധമനികളെ ബാധിക്കുന്ന പ്രത്യേകതരം രോഗമാണിത്. ആഹാരരീതിയുമായി നേരിട്ട് ബന്ധമുള്ള അസുഖമല്ലെന്നും ഡോ ജോർജ് കോശി പറഞ്ഞു. തന്റെ സേവനകാലയളവിൽ ഇതുവരെ ഈ പ്രായത്തിലുള്ള കുട്ടികളിൽ ഹൃദയാഘാതം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോ. വി സുരേഷ് കുമാറാണ് നേതൃത്വം നൽകിയത്.

you may also like this video;