ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ യുവതിയെ തീ കൊളുത്തിയ സംഭവം; യുവതിയുടെ നില അതീവ ഗുരുതരം

Web Desk
Posted on December 06, 2019, 10:28 am

ദില്ലി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച 23 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. യുവതിയെ ഇന്നലെ രാത്രിയോടെയാണ് എയർ ആംബുലൻസില്‍ ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചത്. ഉന്നാവോ ആശുപത്രിയിലും പിന്നീട് ലഖ്‌നൗ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എങ്കിലും യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാലാണ് ദില്ലിയിലേയ്ക്ക് മാറ്റിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് നടുറോഡിൽ തീകൊളുത്തിയത്. ബലാത്സംഗ കേസിന്റെ വിചാരണയ്ക്കായി പോയ യുവതിയെ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

യുവതിയ്ക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. മുഖ്യ പ്രതി ശിവം ത്രിവേദി ഉൾപ്പടെ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ഉന്നാവ് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. യുവതിയുടെ ചികിത്സാ ചിലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ  അറിയിച്ചിരുന്നു.

you may also like this video;