ആഗോള സമ്പദ്‌വ്യവസ്ഥ 7.2 ശതമാനം ചുരുങ്ങി

സ്വന്തം ലേഖകൻ

 ന്യൂഡൽഹി

Posted on September 26, 2020, 11:06 pm

സ്വന്തം ലേഖകൻ

കോവിഡ് പ്രതിസന്ധിയിൽ ആഗോള മൊത്ത ആഭ്യന്തര ഉല്പാദനം 2020 രണ്ടാം പാദത്തില്‍ 7.2 ശതമാനം ചുരുങ്ങിയതായി റിപ്പോർട്ട്. 1997 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിനെയാണ് ലോക സാമ്പത്തിക വ്യവസ്ഥ നേരിടുന്നതെന്നും വിലയിരുത്തപ്പെടുന്നു. മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 39 രാജ്യങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണിത്. വികസിത സമ്പദ്‌വ്യവസ്ഥയിലെ യഥാര്‍ത്ഥ ജിഡിപി 11 ശതമാനവും ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ 14 ശതമാനവും ചുരുങ്ങി. 39 രാജ്യങ്ങളുടെ പട്ടികയിൽ ചൈന മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയ ഏക രാജ്യം.

തായ്‌വാനില്‍ പ്രതിവര്‍ഷം 0.2 ശതമാനം മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തില്‍ ഇന്ത്യ 24 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഗോള ഉപഭോഗച്ചെലവ് കഴിഞ്ഞ പാദത്തില്‍ റെക്കോര്‍ഡ് തിരുത്തി 11 ശതമാനമായി കുറഞ്ഞു. എന്നാൽ യഥാര്‍ത്ഥ മൊത്ത മൂലധന രൂപീകരണം (ജിസി എഫ്) ആറ് ശതമാനം മാത്രമാണ് ഇടിഞ്ഞത്. ചൈനയിലെ 10 ശതമാനം വളര്‍ച്ചയാണ് ഇതിന് കാരണം. ആഗോളതലത്തില്‍ കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക ലോക്ക്ഡൗണുകള്‍ക്കും സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ക്കുമിടയില്‍ ഈ റെക്കോര്‍ഡ് ഇടിവ് ആശ്ചര്യകരമല്ലെന്ന് ഏജൻസി വിലയിരുത്തുന്നു.

അതേസമയം ഇന്ത്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വളര്‍ന്നുവരുന്ന വിപണികളിലെ ബാങ്കിംഗ് സ്ഥാപനങ്ങള്‍ മറ്റ് മേഖലകളിലെ ബാങ്കുകളേക്കാള്‍ മന്ദഗതിയിലായിരിക്കും കോവിഡിന് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് മടങ്ങിയെത്തുകയെന്ന് ധനകാര്യ സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവർ (എസ് ആന്റ് പി) വിലയിരുത്തുന്നു. 2023 ന് ശേഷം മാത്രമേ ഈ മേഖലകളിലെ ബാങ്കിംഗ് സ്ഥാപനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേയ്ക്ക് എത്തുകയുള്ളൂവെന്നാണ് എസ് ആന്റ് പി പഠനം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് മഹാമാരിയ്ക്ക് മുമ്പുതന്നെ കാര്യമായ ആസ്തി-ഗുണനിലവാര പ്രശ്നങ്ങളുണ്ടായിരുന്നു. കോവിഡിന്റെ ആഘാതം വളര്‍ന്നുവരുന്ന വിപണികളിലെ ബാങ്കുകളില്‍ വായ്പാ നഷ്ടത്തില്‍ ഈ വർഷം കുത്തനെ വര്‍ധനവുണ്ടാക്കുമെന്നും ഏജൻസി വിലയിരുത്തുന്നു.

Eng­lish sum­ma­ry; The glob­al econ­o­my has shrunk by 7.2 per­cent

You may also like this video;