പ്രൊഫ. കെ അരവിന്ദാക്ഷന്‍

May 23, 2020, 3:03 am

വിശപ്പ് എന്ന ആഗോള പ്രതിഭാസവും ഇന്ത്യയും

Janayugom Online

കോവിഡ് 19 മഹാമാരി ലോകജനതയെ ആശങ്കയിലാക്കിയ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഈ മാരക പകര്‍ച്ചവ്യാധി ബാധിച്ചിരിക്കുന്നത് അമ്പതു ലക്ഷത്തിലേറെ പേരെ ആണ്. ആശങ്കാജനകമായ ഈ സ്ഥിതിവിശേഷം ആഗോള സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയുടെ നീരാളിപ്പിടിത്തത്തിൽ അകപ്പെടുത്തിക്കഴിഞ്ഞു. ഐക്യരാഷ്ട്രസഭ വരാനിരിക്കുന്ന പട്ടിണി എന്ന വന്‍‍ വിപത്തിനെപ്പറ്റി ശക്തമായ മുന്നറിയിപ്പും നല്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരും ചിന്തകരും പട്ടിണി പോലുള്ള സാമൂഹ്യപ്രശ്നങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ ലേഖനങ്ങളുടെ ഗ്രന്ഥങ്ങളും ലഘുലേഖകളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചു. ഒരു നൂറ്റാണ്ട് മുമ്പ് 1920 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം, നോര്‍വീജിയന്‍ എഴുത്തുകാരനായ നട്ട്ഹാംസനാണ് നല്കിയിരുന്നത്.

അദ്ദേഹത്തിന്റെ കൃതികളില്‍ ശ്രദ്ധേയമായത് ‘ഹങ്കര്‍’ ‑വിശപ്പ് എന്ന നോവലാണ്. ഗുരുതരമായ ദാരിദ്ര്യത്തില്‍ അകപ്പെട്ടൊരു നഗരത്തിലെ ജനതയുടെ ഭൗതികവും മാനസികവുമായ ഒരു ദുരന്തകഥയാണ് ഇതിലെ ഇതിവൃത്തം. യുക്തിചിന്തയ്ക്കതീതമായ വിധത്തില്‍ ഗുരുതരാവസ്ഥയിലായ വിശപ്പ്, ആത്മാവിന് താങ്ങാനാവുന്നതിനുമപ്പുറം വളര്‍ന്നതെങ്ങനെയെന്ന് തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെയാണ് ഹാംസണ്‍ വിവരിക്കുന്നത്. ഇതേത്തുടര്‍ന്ന് ധാര്‍മ്മികതയ്ക്കു ഒട്ടും നിരക്കാത്ത പ്രവൃത്തികള്‍ക്ക് മനുഷ്യന്‍ പ്രേരിതനാവുകയാണ്. മോഷണം, അഴിമതി, സ്വത്തുവകകളുടെ നശീകരണം എന്നുവേണ്ട സാമൂഹിക ജീവിതത്തെ ആകുലപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന എല്ലാ തെറ്റായ മാര്‍ഗങ്ങള്‍ക്കും മനുഷ്യന്‍ നിര്‍ബന്ധിതനായി മാറുന്നു.

19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ ക്രിസ്റ്റിയാനിയ എന്ന നോര്‍വയിലെ ചെറിയ പട്ടണത്തിലാണ് ഇതെല്ലാം നടക്കുന്നതായി നോവലിസ്റ്റ് ചിത്രീകരിച്ചിട്ടുള്ളത്. ഏതാണ്ട്, ഇത്തരം സംഭവ പരമ്പരകള്‍ക്ക് സമാനമായ അനുഭവം 21-ാം നൂറ്റാണ്ടിലും‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നാണ് കോവിഡ് 19 എന്ന മഹാമാരിയുടെ വരവോടെ ഐക്യരാഷ്ട്രസഭ ന്യായമായും ഭയപ്പെടുന്നത്. കോവിഡ് 19 എന്ന പാന്‍ഡമിക്കിനെപ്പോലെ തന്നെ വിശപ്പ് എന്ന പാന്‍ഡമിക്കിനും ദേശീയ അതിര്‍വരമ്പുകള്‍ ബാധകമായിരിക്കില്ല. പ്രത്യയശാസ്ത്രപരമായ ഭിന്നതകളും ഇവിടെ അപ്രസക്തമായിരിക്കും. രണ്ടു ദുരന്തങ്ങള്‍ക്കും ആഗോള മാനങ്ങളാണുണ്ടാവുക. കുടിയേറ്റ തൊഴിലാളികള്‍ അന്യസംസ്ഥാനങ്ങളിലുണ്ടായിരുന്ന തൊഴിലും വരുമാനവും കിടപ്പാടവും നഷ്ടമായതിനെ തുടര്‍ന്ന് തികഞ്ഞ നിസഹായവസ്ഥയിലകപ്പെട്ടപ്പോള്‍ തെരഞ്ഞെടുത്ത ഏക മാര്‍ഗം കിലോമീറ്ററുകള്‍ താണ്ടി കാല്‍നടയായി ഏതെങ്കിലും വിധത്തില്‍ സ്വന്തം നാടുകളിലെത്തുക എന്നതായി.

ഏതു വിധേനയും ലോക്ഡൗണ്‍ ഭേദിക്കുക, ജന്മനാടുകളിലെത്തിപ്പെടുക – ഇതു മാത്രമാണ് അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന ഏക പോംവഴി. ഇവരെയും നയിച്ചത് വിശപ്പ് എന്ന വികാരമായിരുന്നു. സ്വന്തം നാടുകളിലേയ്ക്ക് കാല്‍നടയായി സഞ്ചരിച്ചവര്‍, റയില്‍പാളത്തില്‍ക്കൂടി നടന്ന് ക്ഷീണിതരായതിനെ തുടര്‍ന്ന് പാളത്തില്‍തന്നെ ഉറങ്ങിപ്പോവുകയും അതില്‍ ഇരുപതില്‍പരം പാവങ്ങള്‍ മരണമടയുകയും ചെയ്ത ദുരന്തം നാം കണ്ടതാണല്ലോ. വിശപ്പ് എന്ന ഈ വികാരം താല്ക്കാലികമായി ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിനിന്നു എന്നേയുള്ളു. സ്വന്തം ജന്മസ്ഥലങ്ങളിലും അവര്‍ ഒറ്റപ്പെടേണ്ടിവരുന്ന പക്ഷം, റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളെപ്പോലെ അവരുടെ പലായനവും ആഗോളമാനം കൈവരിച്ചേക്കാം. ഹാംസണ്‍ ‘വിശപ്പ്’ എന്ന നോവലിന്റെ ഇതിവൃത്തമാക്കിയത് ആധുനിക ലോകത്താകെയുള്ള ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി നിലകൊള്ളുന്ന നോര്‍വയിലെ ഒരു നഗരത്തിന്റെ കഥയായിരുന്നു.

സൂചികകളില്‍ ഈ രാജ്യം ഇപ്പോള്‍ മുൻനിരയിലാണ്. ഒരു നൂറ്റാണ്ടിനു മുമ്പുള്ള നോര്‍വെയുടെ സ്ഥിതി ഇതായിരുന്നില്ല. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ അപേക്ഷിച്ച് നോര്‍വെയുടെ കൊറോണ പൂര്‍വകാല സ്ഥിതി വികസനത്തിന്റെ കാര്യത്തിൽ നിരവധി മടങ്ങ് മെച്ചമായിരുന്നു. ദാരിദ്ര്യത്തിന്റെ സൂചികപ്പെടുത്തല്‍ 2019ലെ ആഗോള ഹങ്കര്‍ ഇന്‍ഡെക്സില്‍ 117 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ സ്ഥാനം 102 ആയിരുന്നു. ഇതിന്റെ അര്‍ത്ഥം ഇന്ത്യ ഇതിന്റെ പേരില്‍ സ്വയം പഴിക്കണമെന്നോ, സ്വയം ശിക്ഷ അടിച്ചേൽപ്പിക്കണമെന്നോ അല്ല. കാരണം ഇന്ത്യയുടെയും നോര്‍വയുടെയും ഭൂമിശാസ്ത്രപരമായ അന്തരവും ജനസംഖ്യയിലുള്ള അന്തരവും അതീവ പ്രാധാന്യമുള്ള ഘടകങ്ങള്‍ തന്നെയാണ്. ഇന്ത്യയുടെ ജനസംഖ്യ 130 കോടിയാണെങ്കില്‍ നോര്‍വെയുടേത് ഉദ്ദേശം 5.5 മില്യന്‍ മാത്രമാണ്. സമീപകാലം വരെ നോര്‍വെ ഇന്ത്യയെപ്പോലെ തന്നെ ഒരു വികസ്വര രാജ്യമായിരുന്നു.

വിശപ്പും ഗ്രാമീണ ജനതയുടെ ദാരിദ്ര്യവും ഗുരുതരാവസ്ഥയിലുമായിരുന്നു. ഈ അനുഭവങ്ങള്‍ പ്ര­സ്തുത രാജ്യത്തിന്റെ പ്രതിച്ഛായക്ക് മ­ങ്ങ­ല്‍‍ ഏല്പിക്കുകയും ചെയ്തിരുന്നു. ‘വിശപ്പ്’ എന്ന നോവലിന്റെ ഇതിവൃത്തം ഈ ദുരവസ്ഥയുടെ പ്ര­തിഫലനമായിരുന്നു. ഒരു യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ തീരു. കോവിഡ് 19ന്റെ കടന്നാക്രമണം ആരംഭിക്കുന്ന സമയത്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം, നോര്‍വീജിയന്‍ സമ്പദ്‌വ്യവസ്ഥയുടേതിനെക്കാള്‍ വളരെ മോശപ്പെട്ട സ്ഥിതിയിലായിരുന്നു. ജീവന്‍ നിലനിര്‍ത്തുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം തുല്യപ്രാധാന്യമുള്ള വെല്ലുവിളികളാണ്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ വിശപ്പില്‍ നിന്നും മോചനം വേണം; പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ആരോഗ്യസുരക്ഷയും ഉറപ്പാക്കുകയും വേണം.

ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോഴാണ് ഇന്ത്യയെയും നോര്‍വ്വെയെയും തമ്മില്‍ താരതമ്യം ചെയ്യുക എന്നത് യുക്തിസഹമാവുന്നത്. ഇത്തരമൊരു താരതമ്യത്തിന് മുതിരുമ്പോള്‍ വ്യക്തമാകുന്നത് ഇന്ത്യയുടെ സ്ഥിതി പഴയ നോര്‍വെയുടേതിനേക്കാള്‍ വളരെയേറെ മോശപ്പെട്ട നിലയിലാണ് എന്നത് കൂടിയാണ്. ആധുനിക കാലഘട്ടത്തിലെ നോര്‍വെയും നോര്‍വീജിയൻ സമ്പദ്‌വ്യവസ്ഥയും ഇന്ത്യയുടേതിനേക്കാള്‍ വളരെയേറെ സമ്പന്നമാണ്. അസംസ്കൃത എണ്ണശേഖരം നോര്‍വെയുടെ സമ്പത്തിന്റെ മുഖ്യ ഉറവിടങ്ങളിലൊന്നാണ്. അവിടത്തെ ഭരണകൂടം ഏറെക്കാലമായി പുരോഗമന സ്വഭാവമുള്ള ജനാധിപത്യത്തില്‍ മുറുകെ പിടിക്കുന്ന ഒന്നായി തുടരുകയാണ്. നോര്‍വീജിയന്‍ ജനത ഇന്ത്യന്‍ ജനതയെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാസമ്പന്നരാണ്. കോവിഡ് 19നെ തുടര്‍ന്ന് ഉണ്ടായിരിക്കുന്ന എണ്ണ വിലത്തകര്‍ച്ച ഒരു പരിധിവരെ നോര്‍വീജിയന്‍ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയേക്കാം. എന്നിരുന്നാല്‍ തന്നെയും ദീര്‍ഘകാലമായി അവിടത്തെ ഭരണകര്‍ത്താക്കള്‍ നടത്തിയ വന്‍തോതിലുള്ള സാമൂഹ്യ നിക്ഷേപങ്ങള്‍ ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ അവരെ സഹായിക്കാതിരിക്കില്ല. ഈയൊരര്‍ത്ഥത്തില്‍ കേരളവും നോര്‍വെയും തമ്മില്‍ നിരവധി സമാനതകളുണ്ടെന്ന് പറയേണ്ടിവരും.

സാമ്പത്തിക മേഖലയുടെ പൊതുസ്ഥിതി പരിശോധിച്ചാല്‍ നോര്‍വെയും നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നതാണ് വസ്തുത. ഭക്ഷ്യധാന്യങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് നോര്‍വെ. ഇന്ത്യ ഭക്ഷ്യധാന്യശേഖരത്തില്‍ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ മുന്‍പന്തിയിലുള്ള വികസ്വരരാജ്യമാണ്. അതേ അവസരത്തില്‍ ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ പട്ടിണിപ്പാവങ്ങള്‍ക്കിടയില്‍ വിതരണം നടത്തുന്നതില്‍ നാം പിന്നണിയിലാണ്. ഭക്ഷ്യധാന്യങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതിന്റെ പേരില്‍ ലക്ഷക്കണക്കിന് ദരിദ്ര കര്‍ഷകരാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആത്മഹത്യയ്ക്ക് നിര്‍ബന്ധിതരാവുന്നത്. ദാരിദ്ര്യവും വിശപ്പും ഇന്ത്യയിലെ ഗ്രാമീണ ജനതയെ‍ അലട്ടിക്കൊണ്ടിരിക്കുകയാണെന്നല്ലേ. തൊഴിലില്ലായ്മ, വരുമാനത്തിന്റെയും നടത്തിപ്പിന്റെയും വിതരണത്തില്‍ നിലനില്ക്കുന്ന അന്തരങ്ങള്‍, സാമ്പത്തികവും സാമൂഹ്യവുമായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങളുടെ ചൂഷണം തുടങ്ങിയ അടിസ്ഥാന സാമൂഹ്യ‑സാമ്പത്തിക പ്രശ്നങ്ങള്‍ ആധുനിക ഇന്ത്യയില്‍ വ്യാപകമാണിത്. നോട്ടു­നിരോധനത്തിനും തൊട്ടുപിന്നാലെ വന്ന ജിഎസ്‌ടി പരിഷ്കാരവും അനൗപചാരിക, കാര്‍ഷിക, ഗ്രാമീണ മേഖലകളെ താറുമാറാക്കി. ദുരന്തങ്ങള്‍ക്കുള്ള പരിഹാരം സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും താഴെത്തട്ടില്‍ നിന്നാണ് തുടക്കം കുറിക്കേണ്ടത്.