സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം: മന്ത്രി എംഎം മണി

Web Desk
Posted on November 02, 2019, 9:58 pm

കൊച്ചി: സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം
എം മണി. ഇതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചതായും ടെന്‍ഡര്‍ നടപടി തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചി ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ നടക്കുന്ന ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോയുടെ ഭാഗമായി നടന്ന  സ്‌കില്‍ ബില്‍ഡ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ 200 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജ്ജത്തിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഉത്പാദനം ആയിരം മെഗാവാട്ടിലെത്തിക്കേണ്ടത് അനിവാര്യമാണ്. നിലവില്‍ സംസ്ഥാനത്തിന് ആവശ്യമായ 30 ശതമാനം വൈദ്യുതി മാത്രമേ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുള്ളു. ഈ സ്ഥിതിക്ക് മാറ്റം വരണമെങ്കില്‍  പുതിയ മാര്‍ഗങ്ങള്‍ തേടണം.ജലവൈദ്യുതിയുടെ സാധ്യത പരിമിതമായതിനാല്‍ സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള നവീന മാര്‍ഗങ്ങളെ ആശ്രയിക്കാതെ വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ഈ അവസ്ഥയില്‍ ക്രീപയുടെ നേതൃത്വത്തില്‍ നടക്കുന്ന  ഗ്രീന്‍ പവര്‍ എക്‌സ്‌പോ മാതൃതാപരമാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു വിഭാഗക്കാരില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഇത്തരം ആശയങ്ങള്‍ സമൂഹത്തിന്റെ വിവിധയിടങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്ഘടനയില്‍ ഊര്‍ജ്ജ മേഖലയുടെ പങ്ക് പ്രധാനമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച എസ് ശര്‍മ്മ എംഎല്‍എ പറഞ്ഞു. സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പൊതുജനങ്ങള്‍ പിന്തുണ നല്‍കുമ്പോഴാണ് പദ്ധതി വിജയകരമാവുകയെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.

ജില്ലാ കളക്ടര്‍ എസ് സുഹാസ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജി, അനര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ ജോസഫ് ജോര്‍ജ്ജ്, ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ ബി അശോക്, ക്രീപ പ്രസിഡന്റ് ജോസ് കല്ലൂക്കാരന്‍, ക്രീപ സെക്രട്ടറി സിഎം വര്‍ഗീസ്, ക്രീപ വൈസ് പ്രസിഡന്റ് കെഎന്‍ അയ്യര്‍, ജോയിന്റ് സെക്രട്ടറി ശിവരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി  പ്രത്യേക ശില്‍പശാല സംഘടിപ്പിച്ചു. സോളാര്‍ ലാമ്പ് എങ്ങനെ നിര്‍മ്മിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി നല്‍കുന്നതായിരുന്നു ശില്‍പശാല. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു