സ്വർണ്ണക്കടത്ത് കേസന്വേഷണം രാഷ്ട്രീയ പകപോക്കലാവരുത്

Web Desk

ന്യൂഡൽഹി

Posted on October 17, 2020, 3:00 am

നീതിപീഠങ്ങളെയും ദേശീയ അന്വേഷണ ഏജൻസികളെയും പൊതുമാധ്യമങ്ങളെയും ഫേസ്ബുക്ക് പോലുള്ള നവമാധ്യമ കമ്പനികളെയും ക്രിമിനലുകളെയും രാഷ്ട്രീയലക്ഷ്യത്തിനായി ഭരണവർഗം കടിഞ്ഞാണിട്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യമാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. വിധിന്യായങ്ങളിലെ രാഷ്ട്രീയസമാനതയും ഭരണകൂടം ചൂണ്ടിക്കാണിക്കുന്ന സ്ഥാപനങ്ങൾക്കുമേലും രാഷ്ട്രീയ‑സാമൂഹിക പ്രവർത്തകർക്കുനേരെയും നടക്കുന്ന ലക്കുകെട്ട നിയമനടപടികളും പൗരന്റെ അഭിപ്രായങ്ങൾക്കുനേരെയുള്ള നവമാധ്യമ സ്ഥാപനങ്ങളുടെ ഇടപെടലുകളും ഭരണകൂട ചെയ്തികളെ എതിർക്കുന്നവരെ മാരകമായി കൈകാര്യം ചെയ്യുന്നതും തലച്ചോറുള്ളവരെയാകെ ഭീതിപ്പെടുത്തുന്നുണ്ട്. ആർഎസ്എസിന്റെ രാഷ്ട്രീയബുദ്ധിയിൽ സംഘപരിവാറും സാമ്പത്തിക‑സ്വാർത്ഥ രാഷ്ട്രീയത്തിലൂന്നി നരേന്ദ്രമോഡി-അമിത്ഷാ ദ്വയവും രണ്ട് തലങ്ങളിലൂടെയാണ് ഇന്ത്യയെ നിയന്ത്രിക്കുന്നത്.

2009ൽ ദേശീയ കുറ്റാന്വേഷണ വിഭാഗത്തെ (എൻഐഎ) രൂപീകരിക്കുമ്പോൾ ജനങ്ങളിലുണ്ടായ ആകാംക്ഷയും ആശ്വാസവുമല്ല ഇന്നുള്ളത്. തീവ്രവാദ പ്രവർത്തനങ്ങൾ രാജ്യരക്ഷയ്ക്ക് ഭീഷണിയാവുന്ന സാഹചര്യത്തിലായിരുന്നു എൻഐഎയ്ക്ക് രൂപംനൽകുന്നത്. തീവ്രവാദവും രാജ്യദ്രോഹപ്രവർത്തനങ്ങളും നാൾക്കുനാൾ വർധിച്ചുവരുന്നുണ്ടെങ്കിലും ഇന്ന് ദേശീയ അന്വേഷണ സംഘത്തെയാകെ സംഘപരിവാർ പോഷകസംഘടനകളാക്കി ഉപയോഗപ്പെടുത്തുന്നതായാണ് കാണുന്നത്. ലഷ്കർ ഇ ത്വയ്ബ ഭീകരവാദ സംഘടനയേയും തടിയന്റവിട നസീർ എന്ന കുറ്റവാളിയേയും കോഴിക്കോട് ഇരട്ട സ്ഫോടനത്തിന്റെ അന്വേഷണത്തി­ലൂടെ പരിചയപ്പെടുത്തിയാണ് എൻഐഎ സംഘം ആദ്യമായി കേരളത്തിലെത്തുന്നത്. കേരളത്തിൽ സിമി ക്യാമ്പ് നടത്തിയെന്ന വിലയിരുത്തലിൽ 16 പേരെ അറസ്റ്റ് ചെയ്തതും പിന്നീട് നിരപരാധികളാണെന്ന് പറഞ്ഞ് ഹൈ­ക്കോടതി അവരെയെല്ലാം വെറുതെവിട്ടതും എൻഐഎയുടെ എടുത്തുചാട്ടത്തിന്റെ ഫലമെന്ന് ഇന്ന് പറയേണ്ടിവരും. 2009ൽ നിന്ന് 2020ലേക്കെത്തിയപ്പോൾ ദേ­ശീ­യ അന്വേഷണ ഏ­ജൻസി ചുടുചോറുവാരുന്ന കു­ട്ടിക്കുരങ്ങന്റെ സ്ഥിതിയിലായി. ആർഎസ്എസും ബിജെപിയും അവരുടെ ലക്ഷ്യത്തിനുള്ള ആയുധമാക്കി എൻഐഎയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയെയും ചലിപ്പിക്കുന്നത് ഇ­ന്ത്യൻ രാഷ്ട്രീയം ലജ്ജയോടെയാണ് നോക്കിക്കാണുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഇതര സ­ർക്കാരുകളെയും പ്രതിപക്ഷത്തെ നേതാക്കളെയും അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി ത­കർക്കാൻ നോക്കി. അ­വിടങ്ങളിലെല്ലാം ബിജെപി നിർണായക രാഷ്ട്രീയസംവിധാനമാണെന്ന പ്രത്യേകതകൂടി ഉണ്ടായിരുന്നു. റെയ്ഡും കയ്യാമം വയ്ക്കലും തുറുങ്കിലടയ്ക്കലുമെല്ലാം രാഷ്ട്രീയത്തിൽ ഇന്നോളം കാണാത്ത പകയോടെയായിരുന്നു. കേരളത്തിലേക്ക് പലകുറി ഉന്നംവച്ചെങ്കിലും ബിജെപിക്ക് കാര്യമായ സംഭാവന ചെയ്യാനായില്ലെന്നത് ലക്ഷ്യത്തിലേക്കെത്താൻ തടസമായി. കേന്ദ്ര സർക്കാരിനു കീഴിൽത്തന്നെയുള്ള കസ്റ്റംസ് സംവിധാനത്തിന്റെ ബോധപൂർവമുള്ള പിഴവോടെയോ അറിവോടെയോ തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണ്ണക്കടത്ത് കേസാണ് കച്ചിത്തുരുമ്പായത്. പടിവാതിലിലെത്തിനിൽക്കുന്ന തെരഞ്ഞെടുപ്പുകളുടെകൂടി പശ്ചാത്തലത്തിൽ കോൺഗ്രസും യുഡിഎഫും കേരളത്തിലെ ബിജെപിക്ക് ഊന്നുവടിനൽകി. നികുതിവെട്ടിച്ച് സ്വർണം കടത്തിക്കൊണ്ടുപോന്ന സംഭവത്തിന്റെ അന്വേഷണം എൻഐഎ ആരംഭിച്ച ജൂലൈ മുതൽ ഇടവേളയില്ലാതെ സർക്കാരിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കാനാണ് ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും ശ്രമിച്ചത്. ദിനേന രാഷ്ട്രീയ വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതല്ലാതെ നാളിതുവരെയായിട്ടും സ്വർണ്ണക്കടത്ത് കേസിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

സ്വർണ്ണക്കടത്ത് കേസ് കേവലം രാഷ്ട്രീയ പകപോക്കലിനായി ചുരുങ്ങരുത്. കേസിലെ പ്രതികൾ ഓരോരുത്തരായി ജാമ്യംനേടി ഊരാക്കുടുക്കുകളിൽ നിന്നകലുന്നു. കഴിഞ്ഞ ദിവസം 10 പേർക്കാണ് ജാമ്യം ലഭിച്ചത്. 17 പേരാണ് കേസിലകപ്പെട്ടിരിക്കുന്നത്. രാജ്യസുരക്ഷയെ ഒരുനിലയ്ക്കും ഈ കേസ് ബാധിക്കുന്നില്ലെന്നതാണ് ഓരോദിവസവും തെളിയുന്നത്. സുതാര്യമായ നയതന്ത്ര ഉടമ്പടികളുണ്ടായിട്ടും മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് വിട്ടുകിട്ടാൻ എൻഐഎക്ക് കഴിയുന്നില്ലെന്നത് വിശ്വസിക്കാനാവുന്നതല്ല. ഒക്ടോബർ ആറിന് ഇയാൾ അവിടെ അറസ്റ്റിലായെന്ന വിവരം കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നുപോലും സംശയിക്കേണ്ടിവരുന്നു. സ്വർണം കടത്തിയാൽ യുഎപിഎ ചുമത്താമോ എന്ന കോടതിയുടെ ചോദ്യം തന്നെ പ്രസക്തമാണ്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന ചട്ടംപോലും പാലിക്കാനായില്ല. ഇപ്പോൾ എല്ലാ ശ്രദ്ധയും ലൈഫ് മിഷൻ കേസിലേക്ക് കൊണ്ടുവരാനാണ് എൻഐഎ ശ്രമിക്കുന്നത്. ഇതുതന്നെയാണ് നേരം പുലരുമ്പോൾ ബിജെപിയും കോൺഗ്രസും ലീഗും നടത്തുന്ന രാഷ്ട്രീയ വ്യായാമവും. നുണയിൽ നിന്ന് നുണയിലൂടെയുള്ള പ്രഭാതസവാരി. കേരളത്തിലെ ഈ രാഷ്ട്രീയ വർത്തമാനത്തെ ദേശീയ വിഷയമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബിജെപി നേതൃത്വം മന്ത്രി മുരളീധരനടക്കം പ്രസ്താവിച്ചതുകൂടി ചേർത്ത് വായിച്ചെടുക്കണം.