August 12, 2022 Friday

ജനങ്ങളെ ഭയപ്പെടുന്ന ഭരണകൂടം ജനനേതാക്കളെ തുറുങ്കലിലടയ്ക്കുന്നു

രാജാജി മാത്യു തോമസ്
February 10, 2020 5:15 am

ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കുകയും ആ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തരംതാഴ്ത്തുകയും ചെയ്തിട്ട് ആറുമാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. അവിടെ എല്ലാം സാധാരണ ഗതിയിലായെന്നും ഭീകരവാദത്തിനും വിഘടന വാദത്തിനും അറുതിയായെന്നും മോഡി ഭരണകൂടം നിരന്തരം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അത് രാജ്യത്തെ മാധ്യമങ്ങളെയൊ പാര്‍ലമെന്റിലെങ്കിലും പ്രതിപക്ഷത്തെയൊ ബോധ്യപ്പടുത്താനൊ സ്വതന്ത്രമായി ആ പ്രദേശം സന്ദര്‍ശിക്കാന്‍ അവരെ അനുവദിക്കാനൊ ഭരണകൂടം തയാറല്ല. എന്നാല്‍ പാശ്ചാത്യ രാഷ്ട്രങ്ങളെ തങ്ങളുടെ ആഖ്യാനം ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലാണ് അവര്‍ ഇപ്പോള്‍. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെയും നയതന്ത്ര പ്രതിനിധികളുടെയും മറ്റൊരു സന്ദര്‍ശനത്തിന് അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതായിരിക്കുന്നു ഇന്ത്യന്‍ നയതന്ത്രത്തിന്റെ മുഖ്യ ദൗത്യം. യൂറോപ്യന്‍ പാര്‍ലമെന്റിലെ ഒരു വന്‍ സംഘത്തെ മോഡി സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബറില്‍ കശ്മീരിലേക്ക് ആനയിച്ചിരുന്നു. യൂറോപ്പിലെ വിവിധ യാഥാസ്ഥിതിക രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ട 27 അംഗങ്ങളാണ് അന്ന് സന്ദര്‍ശനം നടത്തിയത്.

എന്നാല്‍ പ്രതീക്ഷിച്ചവിധം മോഡി സര്‍ക്കാരിന് സത്‌സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അവര്‍ സന്നദ്ധരായില്ല. പിന്നീട് അവരുടേത് തികച്ചും സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന് പറയേണ്ടിവന്നു. ജമ്മു കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ഇന്ത്യന്‍ ജനതയെ ഇരുട്ടില്‍ നിര്‍ത്തുകയും അവിടെ എല്ലാം ശാന്തമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ പുതിയ നയതന്ത്ര വ്യായാമത്തിന്റെ ഫലം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണുകതന്നെ വേണം. മോഡി സര്‍ക്കാര്‍ അവിടെ പിന്തുടര്‍ന്നുവരുന്ന നടപടികള്‍ ഭരണകൂടത്തിന്റെ അങ്കലാപ്പും അവരെ പിടികൂടിയിരിക്കുന്ന ചിത്തഭ്രമത്തെയുമാണ് തുറന്നുകാട്ടുന്നത്. ജമ്മു കശ്മീരിന് ഭരണഘടനയുടെ 370-ാം അനുച്ഛേദം അനുവദിച്ചു നല്‍കിയിരുന്ന പ്രത്യേക പദവി പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ മാത്രം പിന്‍ബലത്തില്‍, അഥവാ ഭൂരിപക്ഷവാദത്തിന്റെ മറവില്‍, റദ്ദാക്കിയത് ആ ഭൂപ്രദേശത്തെയും ജനങ്ങളെയും ഇന്ത്യയോട് ഉദ്ഗ്രഥിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ആയിരുന്നു. അതിന്റെ പേരില്‍ അവിടത്തെ രാഷ്ട്രീയ നേതാക്കളെയും ബിസിനസ് പ്രമുഖരെയുമടക്കം അനേകം പേരെ കരുതല്‍ തടങ്കലിലാക്കി. അവരില്‍ ഏതാനും പേരെ സമീപകാലത്ത് വിട്ടയച്ചിരുന്നു.

അത്തരത്തില്‍ വിട്ടയക്കപ്പെട്ട ചിലരെയെങ്കിലും കശ്മീരി ജനതയുടെ ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കുക, ഭൂപ്രദേശങ്ങളെ വിഭജിക്കുക എന്നിവ ആര്‍എസ്എസിന്റെയും മോഡി-ഷാ പ്രഭൃതികളുടെയും എക്കാലത്തെയും രാഷ്ട്രതന്ത്രത്തിന്റെ അടിത്തറയാണല്ലോ. അതുകൂടാതെ അവര്‍ക്ക് നിലനില്‍പ്പില്ല എന്നായിരിക്കുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആറുമാസം തികയും മുമ്പ് അസമിലെ ബോഡോ വിമതരുമായി മോഡി സര്‍ക്കാര്‍‍ ഉണ്ടാക്കിയ കരാര്‍ അവരുടെ ഇരട്ടത്താപ്പും വാദഗതികളുടെ പൊള്ളത്തരവും ആവോളം തുറന്നു കാട്ടുന്നു. വിഭജനവാദത്തെയും സ്വന്തം പൗരന്മാരെ ഭിന്നിപ്പിക്കുന്ന കൗടില്യത്തെയും ജനാധിപത്യത്തിലും ആധുനിക രാഷ്ട്രതന്ത്രത്തിന്റെ അടിത്തറയായ മത നിരപേക്ഷതയിലും വിശ്വസിക്കുന്ന ആരും അംഗീകരിക്കില്ല. മോഡി സര്‍ക്കാര്‍ പിന്തുണക്കായി ഉറ്റുനോക്കുന്ന യുഎസ് രാഷ്ട്രീയത്തിലെയും യൂറോപ്പിലെയും വ്യക്തമായ ഒരു പരിഛേദം അതിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ലോക രാഷ്ട്രസമുച്ചയത്തില്‍ ഇന്ത്യ ഇത്രയേറെ ഒറ്റപ്പെട്ട കാലഘട്ടം വേറെയില്ല. ആ തിരിച്ചറിവുതന്നെയാണ് യൂറോപ്യന്‍ നയതന്ത്രജ്ഞരെ ജമ്മു-കശ്മീരിലേക്ക് ആനയിച്ച് അവരുടെ സാക്ഷ്യപത്രം കൈക്കലാക്കാന്‍ മോഡി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നത്. തങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന അതിഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് അവിടെ എന്താണ് കാണിച്ചുകൊടുക്കാനുള്ളത്?

സമ്പൂര്‍ണമായി തകര്‍ന്ന സമ്പദ്ഘടന. ഭയവിഹ്വലമായ ഒരു ജനത. ഭരണകൂട ഭീകരത. അല്ലാതെ മറ്റെന്ത്? വിനോദ സഞ്ചാര മേഖലയടക്കം കശ്മീരിലെ ബിസിനസ് ലോകത്തിന്റെ നഷ്ടം പതിനായിരക്കണക്കിന് കോടിയാണെന്ന് ജമ്മു കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അടക്കം സാക്ഷ്യപ്പെടുത്തുന്നു. എല്ലാ പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട, അടിയന്തരാവസ്ഥയെപ്പോലും ലജ്ജിപ്പിക്കുന്ന അന്തരീക്ഷത്തില്‍, പരിസ്ഥിതി പ്രാധാന്യമുള്ള ആയിരക്കണക്കിന് ഏക്കര്‍ വനഭൂമിയടക്കം ഭൂപ്രദേശങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കായി പിടിച്ചെടുക്കപ്പെടുന്നു. ഇന്റര്‍നെറ്റടക്കം ആധുനിക വാര്‍ത്താവിനിമയോപാധികളുടെ അഭാവത്തില്‍ മാധ്യമ സ്വാതന്ത്ര്യം എന്ന വാക്കിനുപോലും പ്രസക്തിയില്ലാതായിരിക്കുന്നു. ഭരണകൂടം ഒരുക്കിയിരിക്കുന്ന ഇന്റര്‍നെറ്റ് കേന്ദ്രം ഒഴികെ മറ്റൊരിടത്തുനിന്നും വാര്‍ത്തകളയയ്ക്കാനോ സ്വീകരിക്കാനോ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാര്‍ഗമില്ല. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നിഷേധിക്കപ്പെട്ട കേന്ദ്രത്തില്‍ ഒരാള്‍ക്ക് 15 മിനിറ്റില്‍ അധികം, അധികൃതരുടെ കര്‍ക്കശ നിരീക്ഷണത്തില്‍, കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കാനാവാത്ത അവസ്ഥ. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ‘എല്ലാം സാധാരണ നിലയിലാ‘ണെന്ന പതിവു പല്ലവിക്ക് അപ്പുറം യാതൊന്നും പറയാനില്ല.

ശ്രീനഗറില്‍ ഓഗസ്റ്റ് അഞ്ചു മുതല്‍ കരുതല്‍ തടങ്കലിലായിരുന്ന മുന്‍ മുഖ്യമന്ത്രിമാര്‍ ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്‌തിയെയും ഫെബ്രുവരി നാലിന് അതീവ കര്‍ക്കശമായ പൊതു സുരക്ഷാ നിയമം (പിഎസ്എ) അനുസരിച്ച് തടങ്കലിലാക്കി. അവര്‍ക്കു പുറമെ അവരുടെ പാര്‍ട്ടികളില്‍പ്പെട്ട മറ്റ് നാലു നേതാക്കളും അതേ കരിനിയമം അനുസരിച്ച് തടവിലായി. വിചാരണകൂടാതെ ആരെയും രണ്ടു വര്‍ഷക്കാലത്തേക്ക് തടവിലാക്കാവുന്ന കരിനിയമമാണ് പിഎസ്എ. മറ്റൊരു മുഖ്യമന്ത്രിയും നിലവില്‍ ലോക്‌സഭാംഗവുമായ എണ്‍പത്തിമൂന്നുകാരന്‍ ഫാറുഖ് അബ്ദുള്ള നേരത്തെ തന്നെ പിഎസ്എ തടവുകാരനാണ്. പിഎസ്‌എ അനുസരിച്ച് തടവിലാക്കപ്പെട്ട മറ്റൊരു നേതാവ് പിഡിപിയുടെ നയിം അഖ്തറാണ് പിഡിപി-ബിജെപി സഖ്യ സര്‍ക്കാരിന്റെ (2015–18) ഔദ്യോഗിക വക്താവായിരുന്ന അഖ്തര്‍ ആ കൂട്ടുകെട്ടിന്റെ പേരില്‍ ആസിഡ് ആക്രമണമടക്കം ഭീകര ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ അടിയുറച്ചുനിന്നതും അതിന്റെ പേരില്‍ നിരന്തരം ഭീകരവാദികളുടെ ഭീഷണിയുടെ നിഴലില്‍ ജീവിക്കേണ്ടിയും വന്ന നേതാക്കളാണ് ഇപ്പോള്‍ ഫാസിസ്റ്റ് മോഡി ഭരണത്തിന്റെ ഇരകളായിരിക്കുന്നത്. മോഡിസര്‍ക്കാര്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വഞ്ചനാപരമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒത്തുതീര്‍പ്പുകള്‍ക്കും കരാറുകള്‍ക്കും നിര്‍ബന്ധിതമായിരിക്കുന്നു.

ഏതാണ്ട് അതിന് സമാനമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ് ജമ്മു-കശ്മീരിലും നിലനിന്നിരുന്നത്. അവിടെ സുശക്തമായ ഇന്ത്യന്‍ ദേശീയതയ്ക്കൊപ്പം ജമ്മു കശ്മീര്‍ രാജ്യത്തെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായിരുന്നുവെന്നത് മാത്രമാണ് വ്യത്യാസം. ഇന്ത്യ- പാകിസ്ഥാന്‍ ബന്ധങ്ങളില്‍ സാധാരണനില കൈവരിക്കുംവരെ നിതാന്ത ജാഗ്രതയും ഉന്നത നയതന്ത്രജ്ഞതയും തുടരുകയെ നിവൃത്തിയുള്ളു. അതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്റേതാണ്. സ്വന്തം പരാജയങ്ങള്‍ക്ക് ഒരു ജനതയെയാകെ അവരുടെ മതത്തിന്റെ പേരില്‍ ഭീകരവാദികളായി മുദ്രകുത്തി ശിക്ഷിക്കാന്‍ ഒരുമ്പെടുന്നത് പ്രാകൃതമാണ്. ലോകമെമ്പാടും ജനാധിപത്യവും മതനിരപേക്ഷതയും മനുഷ്യാവകാശങ്ങളും പുരോഗമനപരമായ പരിണാമത്തിന് വിധേയമാണ്.

ഇന്ത്യയെപ്പോലെ പ്രവിശാലമായ ഒരു രാഷ്ട്രത്തിന് ഫെഡറല്‍ സങ്കല്പങ്ങളെ അവഗണിച്ച് ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കാനാവില്ല. അത് അംഗീകരിച്ചുകൊണ്ട് മാത്രമെ രാജ്യത്തിന്റെയും ജനതയുടെയും ഐക്യവും അവിഛിന്നതയും നിലനിര്‍ത്താനാവു. ദൗര്‍ഭാഗ്യവശാല്‍ ആ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന യാഥാസ്ഥിതികത്വത്തിലും കെട്ടുകഥകളിലും അഭയം തേടുന്നവരാല്‍ നയിക്കപ്പടുന്ന ഒന്നായി മാറിയിരിക്കുന്നു മോഡി ഭരണകൂടം. ജനങ്ങളെയും ജനാധിപത്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും ഭയപ്പെടുന്ന ഒരു ഭരണകൂടത്തിനാണ് നരേന്ദ്രമോഡി നേതൃത്വം നല്‍കുന്നത്. സ്വന്തം അധികാരത്തെപ്പറ്റിയും അതിന്റെ തുടര്‍ച്ചയെപ്പറ്റിയുമുള്ള ചിത്തഭ്രമത്തോളം വളര്‍ന്ന ഭയപ്പാടാണ് അവരെ നയിക്കുന്നത്. അവര്‍ ഭയപ്പെടുന്ന സ്വതന്ത്ര ജനതയെ രാജ്യദ്രോഹികളും ഭീകരവാദികളുമായി മുദ്രകുത്തുന്നു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന മഹാഭൂരിപക്ഷം ജനതയ്ക്കെതിരായ യുദ്ധത്തിലാണ് മോഡി സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.