കുവൈറ്റില്‍ പ്രവാസികളെ പുകച്ചു പുറത്താക്കുന്നു

Web Desk
Posted on August 28, 2019, 10:12 pm
കെ രംഗനാഥ്

* സബ്‌സിഡികള്‍ എടുത്തുകളയും
* ആശ്രിത വിസ ഫീസ് കുത്തനെ കൂട്ടി

കുവൈറ്റ് സിറ്റി: ലക്ഷക്കണക്കിന് പ്രവാസി മലയാളികളുള്ള കുവൈറ്റില്‍ നിന്ന് വിദേശികളെ പുകച്ചു പുറത്തുചാടിക്കാന്‍ ഭരണകൂടം കടുത്ത നടപടികളുമായി രംഗത്ത്. പ്രവാസി ഭൂരിപക്ഷം ജനസംഖ്യയിലുണ്ടാക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ മറവില്‍ ആരംഭിച്ചിട്ടുള്ള നടപടികള്‍മൂലം പതിനായിരങ്ങള്‍ കുടിയിറക്കപ്പെടും.
കുടുംബങ്ങളെ കൂടെ താമസിപ്പിക്കണമെങ്കില്‍ പ്രവാസിയുടെ ശമ്പളം ഒരു ലക്ഷം രൂപയെങ്കിലുമായിരിക്കണമെന്ന നിയമം നിലവിലായതോടെ കുവൈറ്റിലേയ്ക്കുള്ള കുടുംബങ്ങളുടെ വരവും നിലച്ചിട്ടുണ്ട്. പ്രവാസികള്‍ക്കുള്ള സേവനങ്ങളുടെ നികുതി പലമടങ്ങായി വര്‍ധിപ്പിക്കുന്ന നടപടിയിലേക്കാണ് അടുത്ത നീക്കം. വിവിധ നിതേ്യാപയോഗ സാധനങ്ങള്‍ക്ക് സ്വദേശികളെപ്പോലെ വിദേശികള്‍ക്കും അനുവദിച്ചിരുന്ന സബ്‌സിഡി എടുത്തുകളയും. പെട്രോളിനും ഡീസലിനും പ്രവാസികള്‍ കൂടുതല്‍ വില നല്‍കേണ്ടി വരും.
പ്രവാസികള്‍ക്കു സഞ്ചാരനികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടാകുന്നതോടെ പ്രവാസികളായവരുടെ വാഹനങ്ങള്‍ നിരത്തിലിറങ്ങണമെങ്കില്‍ അധികരിച്ച ഇന്ധനച്ചെലവും നികുതിയുമടക്കം വാഹനയാത്ര തന്നെ ദുഷ്‌കരമാവും. ഇതെല്ലാം ജീവിതച്ചെലവ് പലമടങ്ങ് വര്‍ധിക്കാന്‍ ഇടയാക്കുമെന്നു തീര്‍ച്ചയാണ്.

ആശ്രിതവിസാ ഫീസ് മാനംമുട്ടെ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് പ്രവാസി കുടുംബങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുമൂലം പതിനായിരക്കണക്കിന് വീടുകള്‍ വാടകക്കാരില്ലാതെ ഒഴിഞ്ഞുകിടപ്പാണ്. ആശ്രിതവിസാ വര്‍ധനയും സ്വദേശിവല്‍ക്കരണംമൂലം തൊഴിലില്ലാതെ പ്രവാസികള്‍ നാട്ടിലേയ്ക്ക് മടങ്ങിപ്പോകുന്നതുംമൂലം ഫഹാഹീല്‍, മങ്കഫ്, ഹവല്ലി, സാല്‍മിയ, ഖൈത്താന്‍, ഫര്‍വാനിയ, ജലീജ്, ശൂബ് എന്നീ പ്രദേശങ്ങളിലാണ് ഏറ്റവുമധികം വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ കുറ്റപ്പെടുത്തി.

ഇക്കണക്കിനു പോയാല്‍ റിയല്‍ എസ്റ്റേറ്റു മേഖല പൂര്‍ണമായി തകരുമെന്നും യൂണിയന്‍ ആശങ്ക പ്രകടിപ്പിച്ചു. വാടക പകുതിയിലേറെയായി കുറച്ചിട്ടും വാടകക്കാരെ കിട്ടാതെ വരുന്നത് പ്രായോഗികബുദ്ധിയില്ലാത്ത സ്വദേശിവല്‍ക്കരണ പദ്ധതികളാണെന്ന ആരോപണം കുവൈറ്റിലെ സാമ്പത്തിക ശാസ്ത്രജ്ഞരും ഉന്നയിച്ചുകഴിഞ്ഞു.