പൊതുവിതരണരംഗം കൂടുതൽ സുതാര്യമാക്കാനുള്ള നടപടികളുമായി സർക്കാർ

Web Desk
Posted on October 28, 2019, 11:00 pm

സബിന പത്മൻ

കണ്ണൂർ: പൊതുവിതരണരംഗത്തെ അഴിമതിയും ക്രമക്കേടും ഇല്ലാതാക്കി കൂടുതൽ സുതാര്യമാക്കാനുള്ള ശക്തമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഇപോസ് മെഷീനുകളിൽ വീണ്ടും മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നു. റേഷൻ വിഹിതം അർഹതപ്പെട്ട ഗുണഭോക്താക്കളിലെത്താതെ കരിഞ്ചന്തയിലേക്ക് കടത്തുന്നുവെന്ന പൊതുവിതരണ സംവിധാനത്തിന്റെ ഏറ്റവും വലിയ ന്യൂനതയ്ക്ക് ശാശ്വത പരിഹാരമായാണ് കേരളത്തിലെ എല്ലാ കടകളിലും ഇപോസ് മെഷീൻ സ്ഥാപിച്ചത്. ഇ പോസ് പ്രവർത്തിക്കുമ്പോൾ അതുപയോഗിച്ചുള്ള പ്രവർത്തനങ്ങൾ വിതരണം തുടങ്ങി എല്ലാ വിവരങ്ങളും തത്സമയം തന്നെ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കുവാൻകഴിയും. അത് പൊതുജനങ്ങൾക്ക് epos.kerala.gov.in എന്ന വെബ്സൈറ്റിലൂടെ കാണുവാനും സാധിക്കും. ഈ സംവിധാനത്തിലൂടെ റേഷൻവിഹിതത്തിന്റെ വകമാറ്റം ശക്തമായി തടയാനും സാധിച്ചിട്ടുണ്ട്.

എങ്കിലും നൂതനസാങ്കേതിക വിദ്യകളെ പോലും വെട്ടിച്ചുകൊണ്ട് സാധനങ്ങൾ പൂഴ്ത്തിവയ്ക്കപ്പെടുന്നുവെന്ന സാഹചര്യം ഒഴിവാക്കാനാണ് മെഷീനിലെ പുതിയ സാധ്യതകളെ കൂടി അടിയന്തരമായി ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇനി മുതൽ റേഷൻ സാധനങ്ങളുടെ തൂക്കം അറിയുന്നതിനുള്ള സംവിധാനം ഇ പോസ് മെഷീനുമായി കണക്റ്റ് ചെയ്യും. ഇതിനുള്ള സൗകര്യം ഇപോസ് മെഷിനിൽ മുമ്പെയുണ്ടായിരുന്നുവെങ്കിലും അത് നടപ്പിലാക്കിയിരുന്നില്ല. എന്നാൽ ഇനിമുതൽ ഇതുകൂടി നടപ്പിലാകുന്നതോടെ ഗുണഭോക്താക്കളെ യാതൊരുവിധത്തിലും കബളിപ്പിക്കുവാൻ സാധിക്കുകയില്ല.നിലവിൽ ഒരു ഗുണഭോക്താവിന് നൽകുന്ന റേഷൻ സാധനങ്ങളുടെ അളവ് കൃത്യമല്ലെങ്കിലും എങ്ങനെയാണോ എന്റർ ചെയ്ത് നൽകുന്നത് അതുപോലെ ബില്ല് പ്രിന്റ് ചെയ്യപ്പെടും. ബില്ല് കൈപ്പറ്റുകയും അത് പരിശോധിച്ച് തനിക്ക് ഈ മാസം ലഭിക്കേണ്ട റേഷൻ സാധനത്തിന്റെ അളവ് ഇത്രയല്ലെന്ന് അറിയാത്ത ഒരു ഗുണഭോക്താവിനെ കബളിപ്പിക്കുവാനും സാധിക്കും.

പക്ഷെ പുതിയ മാറ്റം വരുത്തുന്നതോടെ ഇനി ഇത്തരം കബളിപ്പിക്കൽ നടത്തുവാൻ സാധ്യമല്ല. ഒരു റേഷൻകാർഡുടമയ്ക്ക് അയാൾക്ക് ഓരോ മാസം അർഹതപ്പെട്ട സാധനങ്ങളുടെ തൂക്കത്തിനനുസരിച്ചല്ല കൊടുക്കുന്നതെങ്കിൽ ബില്ല് പ്രിന്റ് ആവില്ല. ബില്ല് നിർബന്ധമായും കൈപ്പറ്റണം എന്ന കാര്യം മാത്രമെ ഗുണഭോക്താവ് ശ്രദ്ധിക്കേണ്ടതുള്ളു. ഇത് കൂടാതെ റേഷൻ സാധനങ്ങളുടെ കരിഞ്ചന്ത തടയുന്നതിന് വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ജിപിഎസ് എനേബിൾഡ് വെഹിക്കിൾ ട്രാക്കിങ്ങ് സിസ്റ്റം നടപ്പിലാക്കുന്നതിലേക്കായി സപ്ലൈക്കോ മുഖാന്തിരം ഇഒഐ (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ്)ക്ഷണികയും അത് സംബന്ധിച്ചുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യഭദ്രതാനിയമവും ആദ്യന്ത കംപ്യൂട്ടറൈസേഷൻ പദ്ധതിയും സംസ്ഥാനത്ത് നല്ല രീതിയിൽ നടപ്പിലായതോടെ പൊതുവിതരണവകുപ്പിന് നവീന മുഖമാണ് ലഭിച്ചിരിക്കുന്നത്. ഇനി വൺ റേഷനിങ്ങ് സംവിധാനവും കൂടി വന്നാൽ കേരളം ഈ രംഗത്ത് വൻ നേട്ടമാണ് കൈവരിക്കാൻ പോകുക. അതിനുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാനത്ത് തുടങ്ങികഴിഞ്ഞു. ഈ മാസം മുതൽ കർണാടകയിൽ നിന്നും റേഷൻ വാങ്ങാൻ സാധിക്കുന്ന സംവിധാനം സജ്ജമായിട്ടുണ്ട്.