രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍: മുഖ്യമന്ത്രി

Web Desk
Posted on September 17, 2019, 8:32 pm

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കനിവ് 108 സൗജന്യ ആംബുലന്‍സ് സേവനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവില്‍ നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്ന ഭയത്താല്‍ പലരും ഇതിന് മടിക്കുന്നു. ഇതിന് മാറ്റമുണ്ടാവുന്നതോടെ പൊലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജനം സഹജീവി സ്‌നേഹം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ട്രോമകെയര്‍ സംവിധാനവുമായി സഹകരിക്കണം. 315 ആംബുലന്‍സുകളാണ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങുന്നത്.

ഒക്‌ടോബര്‍ മുതല്‍ പദ്ധതി പൂര്‍ണ പ്രവര്‍ത്തനം ആരംഭിക്കും. സ്ഥിരമായി അപകടം നടക്കുന്ന ബഌക്ക് സ്‌പോട്ടുകളിലാവും ആംബുലന്‍സുകള്‍ വിന്യസിക്കുക. 108 എന്ന സൗജന്യ നമ്പറില്‍ വിളിച്ചും മൊബൈല്‍ ആപ്പ് മുഖേനയും ആംബുലന്‍സിന്റെ സേവനം തേടാനാവും. 70 എമര്‍ജന്‍സി റെസ്‌പോണ്‍സ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കോള്‍ സെന്റര്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ആരോഗ്യവകുപ്പിനൊപ്പം റവന്യു, പൊലീസ്, ഗതാഗത വകുപ്പുകളും സഹകരിച്ചു പ്രവര്‍ത്തിക്കും. തെലങ്കാനയിലെ ജിവികെ എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് സെന്ററിനാണ് നടത്തിപ്പ് ചുമതല. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ പദ്ധതി ഏകോപനം നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റവും ഫഌഗ് ഓഫും സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
വാഹനാപകട മരണനിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ ഭാഗമായി സ്ഥിരം ട്രോമ കെയര്‍ പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
സമഗ്ര ട്രോമ കെയര്‍ പദ്ധതിയില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെ എം പാനല്‍ ചെയ്യും. ആശുപത്രികളിലെ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സംവിധാനം ശക്തിപ്പെടുത്തും. താലൂക്ക് തലം വരെ ആശുപത്രികളില്‍ ആധുനിക ട്രോമ കെയര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, കെഎംഎസ്‌സി എല്‍ എം ഡി ഡോ. ശര്‍മിള മേരി ജോസഫ്, ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ്ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ജിവി കെ പ്രതിനിധി നാഗരാജു, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.