സ്വന്തം ലേഖകൻ

January 05, 2020, 10:28 pm

കശുഅണ്ടി വ്യവസായത്തെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാർ നിറവേറ്റണം; കാനം

Janayugom Online

കൊല്ലം: പ്രതിസന്ധി നേരിടുന്ന കശുഅണ്ടി വ്യവസായത്തെ സംരക്ഷിക്കാനും അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിലും കൂലിയും ഉറപ്പുവരുത്താനുമുള്ള സംസ്ഥാന സർക്കാരിന്റെ ബാധ്യത പൂർണ്ണമായി നിറവേറ്റണമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. മാറിമാറിവന്ന ഇടതുപക്ഷ സർക്കാരുകൾ കശുഅണ്ടി മേഖലയിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാൽ പൂർണ്ണമായും ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നുതന്നെയാണ് അതിന്റെ ഉത്തരമെന്നും അദ്ദേഹം പറഞ്ഞു. കേരള കശുഅണ്ടി തൊഴിലാളി കേന്ദ്രകൗൺസിൽ (എഐടിയുസി) സംസ്ഥാന പ്രതിനിധിസമ്മേളനം കൊല്ലം സിഎസ്ഐ ഹാളിൽ (അഡ്വ. ശശികുമാർ തെങ്ങമം നഗർ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതുൾപ്പെടെയുള്ള രംഗങ്ങളിൽ തീവ്രമായ പരിശ്രമവും ശ്രദ്ധയും ഉണ്ടെങ്കിൽ മാത്രമേ കശുഅണ്ടി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനാവൂ എന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. കേന്ദ്രകൗൺസിൽ പ്രസിഡന്റ് എ ഫസലുദ്ദീൻ ഹക്ക് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ അഡ്വ. എൻ അനിരുദ്ധൻ സ്വാഗതം പറഞ്ഞു. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, ജനറൽസെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ആർ ചന്ദ്രമോഹനൻ, അഡ്വ. എൻ രാജൻ, ജെ ചിഞ്ചുറാണി, സിപിഐ ജില്ലാസെക്രട്ടറി മുല്ലക്കര രത്നാകരൻ എംഎൽഎ, ജില്ലാ അസി.സെക്രട്ടറി പി എസ് സുപാൽ, എഐടിയുസി ജില്ലാസെക്രട്ടറി ജി ബാബു, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ രാജേന്ദ്രൻ, ഡോ. ആർ ലതാദേവി എന്നിവർ സംസാരിച്ചു. കേന്ദ്രകൗൺസിൽ ജനറൽസെക്രട്ടറി അഡ്വ. ജി ലാലു റിപ്പോർട്ട് അവതരിപ്പിച്ചു.