Web Desk

ന്യൂഡല്‍ഹി

March 11, 2020, 11:10 pm

കലാപം 36 മണിക്കൂറിനുള്ളിൽ നിയന്ത്രിച്ചെന്ന് സർക്കാർ; മനുഷ്യത്വം നഷ്ടമായെന്ന് പ്രതിപക്ഷം

Janayugom Online

സർക്കാരിന് മനുഷ്യത്വം നഷ്ടപ്പെട്ടെന്ന് ഡൽഹി കലാപം സംബന്ധിച്ച ചർച്ചയിൽ ലോക്‌സഭയില്‍ പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. കലാപം ഉണ്ടായി 36 മണിക്കൂറിനുള്ളില്‍ അത് നിയന്ത്രിക്കാന്‍ പൊലീസിനു കഴിഞ്ഞെന്ന അമിത് ഷായുടെ അവകാശവാദമാണ് ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഡല്‍ഹി കലാപം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ഹോളിക്ക് ശേഷമാകാമെന്ന് അറിയിച്ചിരുന്നു. ഇന്നലെ സഭ പുനഃരാരംഭിച്ചപ്പോൾ ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം പ്രതിരോധം തീർത്തു. റൂള്‍ 193 പ്രകാരം വോട്ടിങ്ങില്ലാതെ ചർച്ച ആവാമെന്ന് സ്പീക്കർ അറിയിക്കുകയും ഉച്ചയോടെ ചർച്ച ആരംഭിക്കുകയുമായിരുന്നു. കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധിര്‍ രഞ്ചന്‍ ചൗധരിയാണ് ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചത്. മൂന്നു ദിവസം കലാപം നടക്കുമ്പോള്‍ സര്‍ക്കാരും പൊലീസും നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയാണുണ്ടായതെന്ന് ചൗധരി പറഞ്ഞു. കലാപത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേതാണെന്നും ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഷാ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കലാപം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റിന് ആതിഥ്യം നല്‍കുന്ന തിരക്കിലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിഎഎക്കെതിരെ സമരം നടത്തിയവരാണ് കലാപം സൃഷ്ടിച്ചതെന്നും ബിജെപി നേതാക്കളുടെ പ്രസംഗം മൂലമല്ല കലാപം ഉണ്ടായതെന്നുമാണ് ബിജെപി അംഗം മീനാക്ഷി ലേഖി പറഞ്ഞത്. ലേഖിയുടെ പ്രസംഗത്തെ വിദ്വേഷ പ്രസംഗം എന്നായിരുന്നു തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ടു സംസാരിച്ച തൃണമൂല്‍ അംഗം സൗഗത റോയി ചൂണ്ടിക്കാട്ടിയത്. കലാപത്തിന്റെ ഇരകളെ മന്ത്രിമാര്‍ സന്ദര്‍ശിക്കണമെന്നും സംഭവം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഡിഎംകെ അംഗം ടി ആര്‍ ബാലു ആവശ്യപ്പെട്ടു. കലാപത്തില്‍ 25,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ബിഎസ്‌പി അംഗം റിതേഷ് പാണ്ഡെ ചൂണ്ടിക്കാട്ടി. രാവിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക് സഭ ആദ്യം 12.30 വരെയും പിന്നീട് 1.30 വരെയും നിർത്തി വച്ചിരുന്നു.

ഇതിനു ശേഷം സ്പീക്കര്‍ ഓം ബിര്‍ല കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന് സഭാ നടപടികള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ പിന്തുണ തേടി. സിപിഐ അംഗം കെ സുബ്ബരായന്‍, സിപിഐ (എം) അംഗം എ എം ആരിഫ്, ഐയുഎംഎല്‍ അംഗം പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ത്തിയത്. ചര്‍ച്ചകള്‍ വൈകാന്‍ ഇടയായത് ഹോളിയെന്ന ആഘോഷത്തിനു ഭംഗം വരാതിരിക്കാനും സമാധാനം പുലരാനുമായിരുന്നെന്നാണ് ചര്‍ച്ചകള്‍ക്കുള്ള മറുപടി പ്രസംഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കലാപം മറ്റ് മേഖലകളിലേക്കു വ്യാപിക്കാനിരിക്കാനാണ് മുഖ്യ പരിഗണന നല്‍കിയത്. പൊലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നില്ല. സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണുണ്ടായത്. കലാപത്തിനു പിന്നില്‍ ഗൂഢാലോചന നടന്നതായും സാമ്പത്തിക സ്രോതസായി പ്രവര്‍ത്തിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും ഏകപക്ഷീയ നിലപാടാണ് അമിത് ഷാ വിശദീകരിച്ചത്. പ്രസംഗത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വാക്കൗട്ട് നടത്തി.

you may also like this video;