സാമ്പത്തികോപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണം: സിപിഐ

Web Desk
Posted on June 12, 2019, 10:20 pm

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് പെരുപ്പിച്ചു കാട്ടിയതാണെന്ന അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ തുറന്നുപറച്ചിലിന്റെ വെളിച്ചത്തില്‍ രാജ്യത്തെ സമ്പദ്ഘടനയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
യഥാര്‍ഥ നിരക്കില്‍ നിന്ന് 2.5 ശതമാനം കൂട്ടിയാണ് രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കണക്കാക്കിയതെന്നാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും സര്‍ക്കാര്‍ പറഞ്ഞിരുന്ന കണക്കുകള്‍ കെട്ടിച്ചമച്ചതാണെന്നും സാമ്പത്തിക വളര്‍ച്ച കുറഞ്ഞുവെന്നുമുള്ള യാഥാര്‍ഥ്യമാണ് ഇതിലൂടെ പുറത്താകുന്നത്.

കയറ്റുമതി കുറഞ്ഞിരിക്കുന്നുവെന്നും കാര്‍ വിപണി 18 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി 21 ശതമാനമായെന്നുമുള്ള വിവരങ്ങളും നാലു വര്‍ഷംകൊണ്ട് 4.3 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതായെന്ന നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്ന കാര്യം സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സമീപ ദിവസങ്ങളില്‍ തൊഴിലില്ലായ്മ 6.1 ശതമാനമെന്ന നാലു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായിട്ടുണ്ട്. ഗ്രാമീണ ഉപഭോഗം കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടുമുണ്ട്. അതിനര്‍ഥം ഗ്രാമീണമേഖലയില്‍ കടം വര്‍ധിച്ചിരിക്കുന്നുവെന്നാണ്.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഈ വസ്തുതകളെല്ലാം മറച്ചുവയ്ക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും ഇപ്പോള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സമ്പദ്ഘടന മോശം അവസ്ഥയില്‍ തന്നെയാണ്. അതുകൊണ്ടാണ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ തൊഴിലില്ലായ്മയെയും നിക്ഷേപങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.