സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെയാകെ വികാരം പ്രതിഫലിപ്പിച്ച് നിയമസഭ പാസാക്കിയ പ്രമേയത്തെ വെല്ലുവിളിച്ച് ഗവർണർ. നിയമസഭ പാസാക്കിയ പ്രമേയം സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കണ്ണൂരില്‍ നടന്ന ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസിന്റെ ഉപദേശം കൊണ്ടുകൂടിയാകാം നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നതെന്നും ഇതിലൊരു ക്രിമിനല്‍ ഘടകം കൂടിയുണ്ടെന്നും അദ്ദേഹം കടത്തിപ്പറയുകയും ചെയ്തു. ജനാധിപത്യപരമായ അവകാശങ്ങളയും ജനപ്രാതിനിധ്യനിയമത്തെയും ലംഘിക്കുന്നതാണ് ഗവർണറുടെ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. നിയമസഭ സമയവും സംവിധാനവും പാഴാക്കുകയാണെന്ന് പറഞ്ഞ് ജനാധിപത്യസംവിധാനത്തെ പരിഹസിക്കാനും അദ്ദേഹം തയ്യാറായി. പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. പ്രമേയത്തിന് ഭരണഘടനാപരമായും നിയമപരമായും സാധുതയില്ല.
അതേസമയം എല്ലാവര്ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഗവർണർ ആവർത്തിച്ചു. ചരിത്രകോണ്‍ഗ്രസില്‍ തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തില്‍ പൊലീസിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ചാന്‍സിലര്‍ എന്ന നിലയില്‍ തനിക്കും ഉത്തരവാദിത്തമുണ്ട്. തെറ്റ് അതിരു കടന്നാല്‍ ചാന്‍സിലര്‍ എന്ന നിലയില്‍ ഇടപെടും. പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കുന്ന കാര്യത്തില്‍ ഭരണഘടനാപരമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നിയമപരമാണെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ഒരു അഭ്യർത്ഥനയാണ് നിയമസഭ പാസാക്കിയത്. ഇതിന് മുമ്പും ഇത്തരം പ്രമേയം നിയമസഭ പാസാക്കിയിട്ടുണ്ട്. ചട്ടലംഘനം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.