Web Desk

December 30, 2019, 10:55 pm

ഗവർണർ പറയുന്നത് അബദ്ധപഞ്ചാംഗം: കാനം

Janayugom Online

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധമായി പാർലമെന്റ് ചെയ്യുന്നതെല്ലാം നടപ്പാക്കാനുള്ള ബാദ്ധ്യത തനിക്കുണ്ടെന്ന് ഗവർണർ പറയുന്നത് അബദ്ധപഞ്ചാംഗമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ സംഘടിപ്പിച്ച നൈറ്റ് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാവിരുദ്ധമാണോയെന്നത് തീരുമാനിക്കേണ്ടത് ഗവർണറോ, കേന്ദ്ര‑സംസ്ഥാന മന്ത്രിസഭകളോ അല്ല. ഭരണഘടന വ്യാഖ്യാനിക്കുന്നതും ശരിയും തെറ്റും നിശ്ചയിക്കുന്നതും നിയമസംവിധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്റിൽ നിയമത്തെ അനുകൂലിച്ചവർ പോലും രാജ്യത്തുണ്ടായ സാഹചര്യം മനസിലാക്കി നിലപാട് മാറ്റിയിട്ടുണ്ട്. എന്നിട്ടും അത് നടപ്പാക്കണമെന്ന് പറയുന്നവർക്ക് തലയ്ക്ക് സ്ഥിരതയില്ല. ഇത് കേവലം മതത്തിന്റെ പ്രശ്നമല്ല. ഭരണഘടനയുടെ അടിസ്ഥാന സങ്കൽപ്പങ്ങളെ തകർക്കുന്ന പ്രശ്നമാണ്. മോഡി സർക്കാരിന്റെ തീരുമാനങ്ങളെ ഒറ്റക്കെട്ടായി എതിർക്കുമെന്നും മതനിരപേക്ഷ പാരമ്പര്യത്തെ ഇല്ലാതാക്കുന്ന ഈ നിയമം പിൻവലിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും കാനം പറഞ്ഞു. മുല്ലക്കര രത്നാകരൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യുസിസി ജില്ലാപ്രസിഡന്റ് എം ശിവകുമാർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം എം ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി ജി മോട്ടിലാൽ, സിപിഐ ജില്ലാസെക്രട്ടറി ജി ആർ അനിൽ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ് വിജയകുമാരൻ നായർ, എഐടിയുസി സംസ്ഥാന സെക്രട്ടറി എം ജി രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.