May 31, 2023 Wednesday

ഫെഡറലിസത്തെ വെല്ലുവിളിക്കുന്ന ഗവർണറുടെ ധാർഷ്ട്യം

വി പി ഉണ്ണികൃഷ്‌ണൻ
January 10, 2020 5:00 am

 

1956 നവംബർ ഒന്നിന് നിലവിൽ വന്ന ഐക്യകേരളത്തിന്റെ ഗവർണർമാരായി ഇതിന് മുമ്പ് 23 വ്യക്തിത്വങ്ങൾ പ്രവർത്തിച്ചിരുന്നു. 24-ാമത്തെ ഗവർണറായി നരേന്ദ്രമോഡി ഭരണകൂടം അവരോധിച്ച മുഹമ്മദ് ആരിഫ്ഖാനെപ്പോലെ ഏകാധിപതിയുടെ ഭാഷയും പ്രവൃത്തികളും പ്രകടമാക്കിയ മറ്റൊരാളില്ല. 1950 ജനുവരി 26ന് നിലവിൽ വന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും അടിസ്ഥാന തത്വങ്ങൾ അനുസരിച്ചാണ് മുൻ ഗവർണർമാർ ചുമതല നിർവഹിച്ചിരുന്നതെങ്കിൽ ആരിഫ് മുഹമ്മദ്ഖാൻ ഭരണഘടന ഫെഡറൽ തത്വങ്ങളെ പാടേ വിസ്മരിക്കുന്നതാണ് രാഷ്ട്രം കാണുന്നത്. 1956 നവംബർ 22ന് ചുമതലയേറ്റ ബർഗുല രാമകൃഷ്ണ റാവുവായിരുന്നു ഐക്യകേരളത്തിന്റെ ആദ്യ ഗവർണർ. 1960 ജൂലൈ ഒന്നു വരെ അദ്ദേഹം കേരള ഗവർണറായിരുന്നു. കുത്സിത അജണ്ടകളുടെ ഭാഗമായി 1959ൽ അരങ്ങേറിയ വിമോചന സമരത്തെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചുകൊണ്ട് തന്റെ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയം പ്രകടമാക്കുകയും ബാലറ്റുപേപ്പറുകളിലൂടെ അധികാരത്തിലെത്തി ചരിത്രമെഴുതിയ ഒന്നാം സിപിഐ സർക്കാരിനെ പിരിച്ചുവിടാൻ ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുകയുണ്ടായി.

സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യത്തെ ജനാധിപത്യ ധ്വംസനമായിരുന്നു 1959ലെ കേരള സർക്കാർ പിരിച്ചുവിടൽ. കേരളത്തിലെ പ്രതിലോമ ശക്തികളുടെയും കോൺഗ്രസുകാരുടെയും സഖ്യകക്ഷികളുടെയും ജാതിമത ശക്തികളുടെയും സമ്മർദ്ദത്തിന് വിധേയമാകേണ്ടിവന്ന അപമാനകരമായ ചരിത്രമാണ് കോൺഗ്രസ് നയിച്ച കേന്ദ്ര സർക്കാരിനാൽ അന്ന് അരങ്ങേറ്റപ്പെട്ടത്. രാമകൃഷ്ണ റാവു കേരളത്തിലെ ആദ്യ രാഷ്ട്രപതി ഭരണത്തിന്റെ നായകനായി ചരിത്രത്തിൽ കറുത്ത സ്ഥാനം പിടിച്ചു. തൊട്ടുപിന്നാലെ കേരളാ ഗവർണറായി വന്നത് പിൽക്കാലത്ത് ഇന്ത്യൻ രാഷ്ട്രപതിയായ വി വി ഗിരിയാണ്. 1960 ജൂലൈ ഒന്ന് മുതൽ 1965 ഏപ്രിൽ രണ്ട് വരെയായിരുന്നു വി വി ഗിരി ഗവർണർ പദവി വഹിച്ചത്. അജിത് പ്രസാദ് ജെയിൽ തൊട്ടുപിന്നാലെ കേരള ഗവർണറായി. 1965 ഏപ്രിൽ രണ്ട് മുതൽ 1966 ഫെബ്രുവരി ആറ് വരെയാണ് ഇദ്ദേഹം കേരളാ ഗവർണർ പദവി വഹിച്ചത്. 1966 ഫെബ്രുവരി ആറ് മുതൽ 1967 മെയ് 15 വരെ ഭഗവാൻ സഹായ്യും 1967 മെയ് 15 മുതൽ 1973 ഏപ്രിൽ ഒന്നുവരെ വി വിശ്വനാഥനും ഗവർണറായി പ്രവർത്തിച്ചു. എൻ എൻ വാഞ്ചു 1973 ഏപ്രിൽ ഒന്നു മുതൽ 1977 ഒക്ടോബർ 10 വരെ ഗവർണറായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഗവർണറായിരുന്ന, അമിതാധികാരങ്ങൾ സ്വായത്തമായിരുന്ന ആ ഘട്ടത്തിൽപ്പോലും നിയമസഭയെയും മന്ത്രിസഭയെയും വെല്ലുവിളിക്കുവാനും ചോദ്യം ചെയ്യുവാനും നിഷേധാത്മക സ്വരത്തിൽ പ്രതികരിക്കുവാനും ഗവർണർ സന്നദ്ധനായിരുന്നില്ലെന്നത് ചരിത്രപാഠമാണ്. 1977 ഒക്ടോബർ 14 മുതൽ 1982 ഒക്ടോബർ 22 വരെ ജ്യോതി വെങ്കിടാചലവും 1982 ഒക്ടോബർ 27 മുതൽ 1988 ഫെബ്രുവരി 23 വരെ പി രാമചന്ദ്രനും 1988 ഫെബ്രുവരി 27 മുതൽ 1990 ഫെബ്രുവരി 12 വരെ രാം ദുലാരി സിൻഹയും 1990 ഫെബ്രുവരി 12 മുതൽ 1990 ഡിസംബർ 20 വരെ സ്വരൂപ് സിംഗും ഗവർണർ പദവി വഹിച്ചു. 1990 ഡിസംബർ 20 മുതൽ 1995 നവംബർ 9 വരെ ഡി രാച്ചയ്യയും 1995 നവംബർ 12 മുതൽ 1996 മെയ് ഒന്നുവരെ പി ശിവശങ്കറും 1996 മെയ് അഞ്ച് മുതൽ 1997 ജനുവരി 25 വരെ ഖുർഷിദ് ആലംഖാനും 1997 ജനുവരി 25 മുതൽ 2002 ഏപ്രിൽ 18 വരെ സുഖ്ദേവ് സിങ് കാങും 2002 ഏപ്രിൽ 18 മുതൽ 2004 ജൂൺ 23 വരെ ടി എൻ ചതുർവേദിയും 2004 ജൂൺ 23 മുതൽ 2008 ജൂലൈ 10 വരെ ആർ എൽ ഭാട്ട്യയും 2008 ജൂലൈ 10 മുതൽ 2011 സെപ്റ്റംബർ ഏഴ് വരെ ആർ എസ് ഗവായിയും 2011 സെപ്തംബർ എട്ട് മുതൽ 2012 ജനുവരി 26 വരെ എം ഒ എച്ച് ഫാറുഖും 2012 ജനുവരി 26 മുതൽ 2013 മാർച്ച് 22 വരെ എച്ച് ആർ ഭരദ്വാജും 2013 മാർച്ച് 23 മുതൽ 2014 മാർച്ച് 11 വരെ നിഖിൽ കുമാറും 2014 മാർച്ച് 11 മുതൽ 2014 ഓഗസ്റ്റ് 26 വരെ ഷീലാദീക്ഷിതും 2014 സെപ്തംബർ നാല് മുതൽ 2019 സെപ്തംബര്‍ അഞ്ച് വരെ പി സദാശിവവും ഗവർണർമാരായിരുന്നു. ഇവർക്കാർക്കുമില്ലാത്ത ഭരണകൂട ദാസ്യത്തോടെയാണ് നിലവിലെ ഗവർണർ പ്രവർത്തിക്കുന്നത്.

ഫാസിസ്റ്റ് തന്ത്രങ്ങളും വർഗീയ മന്ത്രങ്ങളുമായി അരങ്ങുതകർക്കുന്ന മോഡി ഭരണകൂടത്തിന്റെ വിനീത വിധേയദാസനും വിഷലിപ്ത ആശയങ്ങളുടെ പ്രചാരകനുമായി അധഃപതിച്ചിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ ഐകകണ്ഠ്യേന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത് തെല്ലും ദഹിക്കാത്തത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. അദ്ദേഹം നിയമസഭയേയും നിയമസഭ പാസാക്കിയ പ്രമേയത്തെയും നിമിഷ നേരത്തിനുള്ളിൽ തള്ളിപ്പറയുകയും നിയമസഭയുടെ അവകാശത്തെയും അധികാരത്തെയും ചോദ്യം ചെയ്യുകയുണ്ടായി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയെയാണ് അദ്ദേഹം ഭരണഘടനാ തത്വങ്ങൾ മറന്ന് തെരുവിൽ തള്ളിപ്പറയുന്നത്. ബിജെപിയുടെ ഏക നിയമസഭാംഗമായ ഒ രാജഗോപാൽ പോലും എതിർത്ത് വോട്ട് ചെയ്യാതിരുന്ന പ്രമേയത്തേയാണ് കേരളാ ഗവർണർ തെരുവുകളിൽ തള്ളിപ്പറയുന്നത്. സമയാസമയം പല പാർട്ടികൾ മാറി സ്വന്തം രാഷ്ട്രീയ ലാഭം കൊയ്ത ആരിഫ് മുഹമ്മദ് ഖാൻ ബിജെപി നൽകിയ ഗവർണർ പദവി എന്ന പരിതോഷികത്തിനെ അവരുടെ കുഴലൂത്തുകാരനായി നന്ദി സമർപ്പിക്കുകയാണ്. ബിജെപിയുടെയും സംഘപരിവാറിന്റെയും കേരളത്തിലെ വക്താവായി തരംതാണുപോയി കേരളാ ഗവർണർ എന്നത് ജനാധിപത്യ ഇന്ത്യക്ക് അപമാന മുദ്രയാണ്. തനിക്കെതിരെ പ്രതികരിച്ചാൽ, പ്രതിഷേധിച്ചാൽ അവരെയെല്ലാം ക്രിമിനൽ കുറ്റം ചുമത്തി കാരാഗൃഹത്തിലടയ്ക്കുമെന്ന ധാർഷ്ട്യവും അദ്ദേഹം പ്രകടിപ്പിച്ചു. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനും നാനാത്വത്തിൽ ഏകത്വത്തെ തകർക്കുന്നതിനും മതപരമായ വിഭജനം ഉറപ്പാക്കുന്നതിനും സംഘപരിവാര ശക്തികളുടെ നിഗൂഢ ദേശവിരുദ്ധ അജണ്ടയെ എതിർക്കുന്നവരാകെ അദ്ദേഹത്തിന് കൊടും ക്രിമിനലുകളാണ്. വിശ്വപ്രസിദ്ധനായ ഇന്ത്യൻ ചരിത്രകാരൻ ഇർഫാൻ ഹബീബ് ഉൾപ്പെടെയുള്ളവർ ചരിത്ര കോൺഗ്രസിനെയും വർഗീയ ധ്രുവീകരണത്തിനായി ദുരുപയോഗം ചെയ്യാൻ ഗവർണർ യത്നിച്ചപ്പോൾ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ആ സമയം ഉച്ചഭാഷിണിയിലൂടെ ആ ചരിത്ര മഹാപ്രതിഭകൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുമെന്ന് കേരളാ ഗവർണർ ആക്രോശിക്കുന്നതും ജനത കണ്ടു. മോഡി — അമിത് ഷാ ഭരണത്തിൽ ഗവർണർമാർ അവരുടെ കാൽക്കീഴിൽ പ്രവർത്തിക്കുന്ന കളിപ്പാവകളാണ്.

മഹാരാഷ്ട്രയിലെ ഗവർണർ ബിജെപിയെ അധികാരത്തിലെത്തിക്കുവാൻ അർധരാത്രിയിൽ ഉറക്കമിഴിച്ചിരുന്ന് നടത്തിയ ജനാധിപത്യ വിരുദ്ധതയും ഗോവയിലും മണിപ്പൂരിലും ബിജെപിയെ അധികാരത്തിലെത്തിക്കുവാൻ ‘ആയാറാം ഗയാറാം’ നടപ്പാക്കി കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിച്ച ഗവർണർമാരെയും രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുന്ന ലഫ്റ്റനന്റ് ഗവർണറെയും വർഗീയ വിഷം നിരന്തരം വർഷിക്കുന്ന ബിജെപി ഗവർണർമാരെയും രാജ്യം കണ്ടുകൊണ്ടിരിക്കുന്നു. ഗവർണർ പദവിയുടെ മാന്യതയും മഹത്വവും സംഘപരിവാര ഫാസിസ്റ്റ് സർക്കാർ കവർന്നെടുക്കുകയും അവരെ അടിമകളാക്കി പരിണമിപ്പിക്കുകയും ചെയ്തു. ഭരണഘടനാ തത്വങ്ങളെ മറക്കുകയും ജനാധിപത്യ നിഷ്പക്ഷത ഉപേക്ഷിച്ച് ഏതെങ്കിലുമൊരു കക്ഷിയുടെ ഉച്ചഭാഷിണിയാകുന്ന, ഗവർണർ പദവിയുടെ മഹത്വം മറക്കുന്ന കൂട്ടരെ ജനാധിപത്യ മതനിരപേക്ഷ കേരളം തള്ളിക്കളയുമെന്നത് തീർച്ചയാണ്. ആരിഫ് മുഹമ്മദ് ഖാനെപ്പോലെയുള്ളവർ കേരളത്തിന്റെ നവോത്ഥാന ചരിത്രം അല്പമെങ്കിലും വായിച്ച് മനസിലാക്കിയാൽ നന്നായിരിക്കും. ഏകാധിപതിയെപ്പോലെ പെരുമാറിയ സി പി രാമസ്വാമി അയ്യരുടെ മൂക്ക് വെട്ടി നാടുകടത്തിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. ജനാധിപത്യ ധ്വംസകർ ഈ ചരിത്ര യഥാർത്ഥ്യം തിരിച്ചറിയുന്നത് അവർക്ക് നല്ലതാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.