Web Desk

December 28, 2019, 9:07 pm

ചരിത്രകോൺഗ്രസ് ഉദ്ഘാടനവേദിയിൽ ഗവർണറുടെ രാഷ്ട്രീയ പ്രസംഗം: പ്രതിഷേധവുമായി പ്രതിനിധികൾ

Janayugom Online

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ എണ്‍പതാമത് സെഷന്റെ ഉദ്ഘാടനവേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസംഗത്തിനെതിരെ വിദ്യാർത്ഥികളും ചരിത്രകാരന്മാരും പ്രതിഷേധിച്ചതോടെ ഗവർണർ പ്രസംഗം പൂർത്തിയാക്കാതെ വേദിവിട്ടു. പ്രതിഷേധിക്കാനുള്ള അവകാശം പോലെ തനിക്ക് സംസാരിക്കാനും അവകാശമുണ്ടെന്ന് പറഞ്ഞാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ സംസാരിച്ചത്. എഴുതിത്തയ്യാറാക്കിയ പ്രസംഗമുണ്ടെങ്കിലും അതിന് മുന്നോടിയായി ചില കാര്യങ്ങൾ പറയാനുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പരാമർശിച്ച് സംസാരിച്ചത്. ഇതെത്തുടർന്നാണ് ചരിത്രകോൺഗ്രസ് പ്രതിനിധികളുൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

സംഭവത്തിൽ സമ്മേളന പ്രതിധികളെയുൾപ്പെടെ വിവിധ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എഐഎസ്എഫ് പ്രവർത്തകരും ചരിത്രകോൺഗ്രസ് പ്രതിനിധികളുമായ അലിഗഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ സിദ്ധാന്ത്, വിജയ് എന്നിവരും ജാമിയ മിലിയയിൽ നിന്നെത്തിയ പ്രതിനിധികളുമടക്കം സിഎഎ ബഹിഷ്ക്കരിക്കുക എന്ന മുദ്രാവാക്യമുയർത്തി ഹാളിൽ പ്രതിഷേധിച്ചു. പ്രതിഷേധമുയർന്നപ്പോൾ തന്നെ നിശ്ശബ്ദനാക്കാനാകില്ലെന്നും രാഷ്ട്രീയ സ്വഭാവമുള്ള വിഷയം വരുമ്പോൾ താൻ പ്രതികരിക്കുമെന്നും ഗവർണർ പറഞ്ഞു.ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താൻ അനുകൂലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ആവർത്തിച്ച് ഗവർണർ സ്വന്തം പ്രസംഗത്തിൽ പരാമർശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതിൽ എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയ്യാറാണെന്നും ഗവർണർ പറഞ്ഞു. എങ്കിൽ സംവാദം ഇപ്പോൾത്തന്നെ നടത്താമെന്ന് ചരിത്ര കോൺഗ്രസിൽ പങ്കെടുത്ത ചരിത്രകാരൻമാരും വിദ്യാർത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. ഗാന്ധിജിയുമായി ബന്ധപ്പെട്ട പരാമർശമുണ്ടായപ്പോൾ പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് വേദിയിൽ എഴുന്നേറ്റ് നിന്ന് പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ ഗവർണർ അതൊന്നും ശ്രദ്ധിക്കാതെ തന്റെ പ്രസംഗം തുടരുകയായിരുന്നു. തുടർന്ന് കയ്യിലുള്ള കടലാസുകളിൽ ‘പൗരത്വ നിയമഭേദഗതിയും എൻആർസിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാർഡുകളായി എഴുന്നേറ്റ് ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഇവരെ പൊലീസ് ഇടപെട്ട് പുറത്തേക്ക് കൊണ്ടുപോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധം കനത്തതോടെയാണ് എഴുതുിത്തയ്യാറാക്കിയ പ്രസംഗം പൂർത്തിയാക്കാതെ ഗവർണർ വേദിവിട്ടത്.

ഗവർണറുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി കാമ്പസിന് പുറത്ത് എ ഐ വൈ എഫ്, എഐ എസ് എഫ്, കെ എസ് യു, യൂത്ത് കോൺഗ്രസ്, എം എസ് എഫ് എന്നീ വിദ്യാർത്ഥി സംഘടനകളും കരിങ്കൊടിയുയർത്തി പ്രതിഷേധിച്ചു. സംഭവത്തിൽ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ വി രജീഷ്, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മയിൽ, എ ഐ വൈ എഫ് ജില്ലാ എക്സിക്യൂട്ടീവംഗം എം അഗേഷ്, എ ഐ വൈ എഫ് ജില്ലാ കൗൺസിലംഗം ഷുക്കൂർ അബ്ദുള്ള, ജസ്വന്ത് സി, എ ഐ എസ് എഫ് ജില്ലാ കൗൺസിലംഗം പ്രണോയ് എന്നിവരെ അറസ്റ്റ് ചെയ്തു. ഗവർണർക്ക് കരിങ്കൊടി കാണിച്ചതിന് കെ എസ് യു — യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റിജിൽ മാക്കുറ്റി, പി മുഹമ്മദ് ഷമ്മാസ് സുധീപ് ജെയിംസ്, അഭിജിത്ത്, സി ടി ഫർഹാൻ, മുണ്ടേരി, അൻസിൽ വാഴപള്ളിൽ, ജോസഫ് തലക്കൽ, ആകാശ് ഭാസ്കർ, സുജിൻ ആർ കെ, മെബിൻ പീറ്റർ, സുഫൈൽ തുടങ്ങിയവരെയും എം എസ് എഫ് പ്രവർത്തരെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വിദ്യാർത്ഥികളെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സി പി ഐ ജില്ലാ സെക്രട്ടറി പി സന്തോഷ്കുമാർ തുടങ്ങിയവർ സന്ദർശിച്ചു. അറസ്റ്റിലായവരെ വൈകീട്ടോടെ പൊലീസ് വിട്ടയച്ചു.