ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Web Desk
Posted on August 24, 2019, 11:29 am

തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ജീവന്‍ ബലി കഴിച്ചാണ് മറ്റൊരാളെ രക്ഷിക്കാന്‍ ജോണ്‍സണ്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോണ്‍സന്റെ കുടുംബത്തെ മുഖ്യമന്ത്രി അനുശോചനമറിയിച്ചു.

കഴിഞ്ഞ ദിവസം വലിയതുറ തീരത്തു നിന്നും ചെറിയതുറ സ്വദേശി ജോണ്‍സന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഈ മാസം 21നാണ് ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ ജോണ്‍സനെ തിരയില്‍പ്പെട്ട് കാണാതായത്. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷിച്ചു കരയില്‍ എത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ജോണ്‍സന് ബോധം നഷ്ടമാകുകയും തുടര്‍ന്ന് ജോണ്‍സനെ കാണാതാവുകയും ആയിരുന്നു.