അന്ന
‘മതമല്ല മതമല്ല മതമല്ല പ്രശ്നം’ എന്ന് എത്ര ആവർത്തിച്ച് പറഞ്ഞാലും മനസിലാക്കാൻ പ്രയാസമാണ് ചില പരിവാരങ്ങൾക്ക്! മതം മനുഷ്യന്റെ ഹൃദയം ഭേദിക്കുവാനുള്ള ആയുധമാക്കിയാലേ അവർക്ക് ഉറക്കം വരൂ. മതം നോക്കി പൗരനെ തെരഞ്ഞെടുക്കുന്ന പുത്തൻ പൗരത്വബില്ല് എന്നത് 1905 ഒക്റ്റോബർ 16ന് അന്നത്തെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിന്റെ നിർദേശപ്രകാരം, മതം നോക്കി ബംഗാളിനെ വെട്ടിമുറിച്ച അതേ വിഭജനരാഷ്ട്രീയമാണെന്ന് നിഷ്കളങ്കമായി വിശ്വസിക്കുന്നവർ ഒട്ടേറേ പേരുണ്ട്. ബംഗാൾ വിഭജനത്തിന് ബ്രിട്ടീഷുകാരനെടുത്ത വിഭജിച്ചു ഭരിക്കുക(ഉശ്ശറല മിറ ഞൗഹല) എന്ന രാഷ്ട്രതന്ത്രമാണ് 2019ൽ മോഡിഭരണകൂടം എടുത്ത് പ്രയോഗിക്കുന്നത് എന്ന നിരീക്ഷണം ലേശം പൊതുവൽക്കരണവും അതിലേറെ ലളിതവൽക്കരണവുമാണ്.
ബംഗാൾ വിഭജനകാലത്ത് ഇന്ത്യൻ സമൂഹത്തെ മതം കൊണ്ട് പിളർത്തുക എന്നത് അന്നത്തെ ഇന്ത്യയിലെ സാമൂഹ്യസമ്പ്രദായത്തിൽ ഒരു സ്വാഭാവികപ്രക്രിയ മാത്രമായിരുന്നെന്ന് കാണാനവകാശമുള്ളതും കരുതാനിടയുള്ളതുമായ ഒരു ചെറുവിഭാഗമെങ്കിലുമുണ്ടായിരുന്നു. ദുർബലവും സ്ഫോടനാത്മകവുമായ മതബന്ധങ്ങളുടെ അന്നത്തെ സാഹചര്യം അതിനെ അധികം പ്രതിരോധിച്ചിട്ടുമില്ല. മാത്രവുമല്ല മതംകൊണ്ടു പിളർത്തരുത് എന്നാവശ്യപ്പെടാൻ ഒരു പ്രമാണമോ ചരിത്രമോ അന്നുണ്ടായിരുന്നുമില്ല. ഇന്ത്യൻ ഭരണഘടനയുടെയും സെക്യുലർ ഇന്ത്യയുടെയും രൂപീകരണത്തിന് മുൻപായിരുന്നു ബ്രട്ടീഷുകാരന്റെ വിഭജിക്കൽ തന്ത്രം എന്നർത്ഥം. സ്വതന്ത്ര ഇന്ത്യയിൽ..… കുറേക്കൂടി മ്ലേച്ഛമാകുന്നത് അതുകൊണ്ടാണ്. 2019ൽ മോഡിയും അമിത്ഷായും ചേർന്ന് വിഭജനത്തിന്റെ തിരക്കഥയൊരുക്കുന്നത് വർഗീയതയുടെ പെരുങ്കളിയാട്ടമാടാൻ മാത്രമല്ല ഇന്ത്യൻ ഭരണഘടനയെയും അതിന്റെ സെക്യുലർ മൂല്യങ്ങളെയും ശിഥിലമാക്കുക എന്ന സംഘപരിവാറിന്റെ അപ്രഖ്യാപിത ലക്ഷ്യം കൂടി അതിനുണ്ട്. അതുകൊണ്ടാണ് പൗരത്വബില്ലിനെതിരായുള്ള സമരം ഭരണഘടനയുടെ സംരക്ഷണത്തിനുള്ള പ്രതിരോധം കൂടിയാവുന്നതും, ഇന്ത്യൻ ജനത ആ പ്രതിരോധത്തിനായി സമരങ്ങളുടെ സകല മാർഗ്ഗങ്ങളും തെരഞ്ഞെടുത്തതും. മനുഷ്യനെ പിളർത്തുന്ന ബില്ലിനെതിരായ സമരം ഏറ്റവും വലിയ കൊടുങ്കാറ്റായി മാറിയ സ്ഥലങ്ങളിലൊന്ന് ജാമിയ മിലിയ സർവ്വ കലാശാലയായിരുന്നു. പാദരക്ഷകളഴിച്ച് നിരത്തിൽ നിരത്തിവെച്ചും തോക്കും ലാത്തിയും ബയണറ്റുമുയർത്തുന്ന കൈകളിൽ പനിനീർപൂവുകൾ പിടിപ്പിച്ചും ഉടുതുണി നോക്കി മതം കണ്ടുപിടിക്കാനിരിക്കുന്ന ഭരണാധികാരികൾക്ക് മുന്നിൽ വിവസ്ത്രരായി നിന്ന് വെല്ലുവിളിച്ചുമാണ് വർഗ്ഗീയതയുടെ വിഷവൃക്ഷങ്ങളിൽ ഇന്ത്യൻജനത പ്രതിഷേധം എറിഞ്ഞുകൊള്ളിച്ചത്.
ആ സമര ഭൂമിയിൽ ജ്വലിച്ചുയർന്ന വിയോജിപ്പിന്റെ വികാരങ്ങൾക്ക് ലിപി ചമയ്ക്കുകയായിരുന്നു ജാമിയയിലെ ഗ്രഫിറ്റികൾ! ഏറ്റവും ലളിതമായി പറഞ്ഞാൽ പ്രതിഷേധത്തിന്റെ ചുമരു കലയാണ് ഗ്രഫിറ്റി.… . . രാഷ്ട്രീയ പ്രതിഷേധത്തിന്റെയും വേരുകൾ അറുത്തുമാറ്റപ്പെടുന്ന ഒരു ജനതയുടെ പ്രതിരോധത്തിന്റെയും ഹൃദയത്തിൽ തൊട്ടുമുക്കിയെഴുതിയ വാക്കുകളും വരകളുമാണ് ഗ്രഫിറ്റികൾ. പൊതുനിരത്തിലെ വൻചുമരുകളും വലിയ ഭിത്തികളും ആശയ സമ്പന്നമായ ചിത്രങ്ങൾ കൊണ്ടും അതിനേക്കാൾ വലിയ വാക്കുകൾ കൊണ്ടും നിറച്ച് കലയെ ഒരു രാഷ്ട്രീയ ആയുധമാക്കിമാറ്റുകയാണ് ഗ്രഫിറ്റികളിലൂടെ. ചരിത്രമുറങ്ങുന്ന ജാമിയ മിലിയ സർവ്വ കലാശാലയുടെ വെടിപ്പാർന്ന ഭിത്തികൾ ഈ സമരകാലത്ത് ഗ്രഫിറ്റികളിലൂടെ ഉറക്കെ ശബ്ദിക്കുന്നത് നാം കേട്ടു. മൺഭിത്തികൾ മിണ്ടിത്തുടങ്ങിയ പ്രതിഷേധത്തിന്റെ പ്രചണ്ഡകാലം! സത്യത്തിനും സ്വാതന്ത്ര്യത്തിനും സെക്യുലറിസത്തിനും വേണ്ടി ഗ്രഫിറ്റികൾ നൃത്തം ചവിട്ടുന്ന മൺചുമരുകൾ ആലപിച്ചുതുടങ്ങിയ സ്വാതന്ത്ര്യഗീതങ്ങൾ കൂടി കേട്ടിട്ട് തന്നെയാണ് അന്ധവും ബധിരവുമായിപ്പോയ പല ഭരണകൂടങ്ങളുടേയും കർണ്ണങ്ങൾ തുറന്നിട്ടുള്ളതും. പൊതുധാരയിൽ അധികാരപ്രയോഗം കൊണ്ട് അരികു ചേർപ്പെട്ടവർ സ്വന്തം ശബ്ദം നിറങ്ങളിലൂടെ കണ്ടെത്തുന്ന ഇടമാണ് ഗ്രഫിറ്റികൾ. വെറും ചുമര്/തെരുവ് (ണമഹഹ/ടൃേലലേ കലയല്ല ഗ്രഫിറ്റി. ഒരു ജനത സ്വന്തം അസ്തിത്വസ്ഥാപനത്തിന്റെ ഭാഗമായി കലയിലൂടെ സ്വയം പ്രക്ഷേപിക്കുന്ന പ്രതിരോധ രാഷ്ട്രീയം കൂടിയാണത്. അവിടെ അമിതസൗന്ദര്യത്തിന്റെ മേമ്പൊടിയോ സ്പോൺസർമാരുടെ മേൽക്കൈയോ ഇല്ല. പ്രതിരോധം കലയുടെ പ്രത്യയശാസ്ത്രമാകുന്ന പ്രതിഷേധമണ്ഡലം പ്രതികരിക്കുന്നവർ മുഴുവനും കലാകാരന്മാരാവുന്ന കലാത്മകത്വം. കലയുടെയും കലാപത്തിന്റെയും അതിർരേഖകൾ സ്വബോധ്യങ്ങൾ കൊണ്ട് ലയിച്ചില്ലാതാക്കപ്പെടുന്ന ഗ്രഫിറ്റികലയുടെ ചരിത്രത്തിന് കൃഷിയുടെ ചരിത്രത്തേക്കാൾ പ്രായമുണ്ടെന്നോർക്കണം. തെക്കൻ അർന്റീനയിലെ സാന്റാ ക്രൂയിസിലെ കിലോമീറ്ററുകൾ നീണ്ട ഗുഹാസമുച്ചയത്തിലൊന്നിലെ ഉൾഭിത്തി നിറയെ പതിപ്പിച്ച നൂറുകണക്കിന് കൈപ്പത്തികളാണ് മനുഷ്യൻ കണ്ടെത്തിയ ആദ്യത്തെ ഗ്രഫിറ്റി. അവ ആരെങ്കിലും വരച്ചതോ കൈകളിൽ മഷി പുരട്ടി പതിപ്പിച്ചതോ അല്ല, മറിച്ച് കൈപ്പത്തിയുടെ ആകൃതി വെട്ടിയെടുത്ത പ്രതലങ്ങളോ (േെലിരശഹ) കൈകൾ തന്നെയോ ഭിത്തിയിൽ ചേർത്തുവെച്ച് അതിനു ചുറ്റും നിറം സ്പ്രേ ചെയ്ത് രൂപപ്പെടുത്തിയ ‘കൈപ്പത്തിക്കാട്’ ആയതുകൊണ്ടാണ് അവയെ കലാനിരൂപകർ ഗ്രഫിറ്റിയുടെ ഗണത്തിൽ പെടുത്തുന്നത്. നിറം സ്പ്രേ ചെയ്യുന്നതിന് ആദിമ ഗ്രഫിറ്റികലാകാരൻമാർ ഉപയോഗിച്ചിരുന്ന കുഴൽരൂപത്തിലുള്ള അസ്ഥികൾ ഗുഹയ്ക്കുള്ളിൽനിന്നും കിട്ടിയിരുന്നു. അവ പരിശോധിച്ചപ്പോഴാണ് ‘കൈപ്പത്തിഗുഹകൾ’(ഇമ്ലെീള ഒമിറെ) എന്ന് പേരിട്ട ഈ ഗുഹാഗ്രഫിറ്റിയ്ക്ക് 15000 വർഷം പ്രായമുണ്ടെന്ന് കണക്കാക്കിയത്.
കൃഷിയും കുടുംബവും ഉണ്ടാകും മുമ്പെ ഗ്രഫിറ്റികല ഉണ്ടായെന്ന് ചുരുക്കം. മനുഷ്യൻ കലയിലൂടെ നടത്തിയ ആദ്യത്തെ സ്വതന്ത്ര സ്വത്വപ്രഖ്യാപനം! ആധുനികഗ്രഫിറ്റികളിൽ പ്രഥമഗണനീയമായത് ആധുനിക അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപകനേതാക്കളിൽ ഒരാളും എഴുത്തുകാരനുമായിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിൻ 1754ൽ ‘പെൻസിൽവാനിയ ഗസറ്റ് എന്ന സ്വന്തം പത്രത്തിൽ ഒന്നാംപേജിൽ പതിമൂന്നുകഷ്ണങ്ങളായി മുറിഞ്ഞുപോയ ഒരു പാമ്പിന്റെ ചിത്രം വരച്ചുചേർത്തതാണ്. അതിന് അദ്ദേഹം നല്കിയ അടിക്കുറിപ്പ് ‘ഷീശി ീൃ ഉശല’(ഒന്നാവുക അല്ലെങ്കിൽ മരിക്കുക) എന്നായിരുന്നു. ഇംഗ്ളീഷുകാരുടെയും ഫ്രഞ്ചുകാരുടെയും ആക്രമണങ്ങൾക്കും അധിനിവേശങ്ങൾക്കും മുന്നിൽ ഒന്നിച്ചുനിന്ന് പോരാടുകയോ അല്ലെങ്കിൽ മരണം വരിക്കുകയോ മാത്രമേ അമേരിക്കയിലെ 13 കോളനികൾക്ക് ചെയ്യാനുള്ളു എന്ന രാഷ്ട്രീയസമരപ്രഖ്യാപനമായിരുന്നു അത്. തെക്കനമേരിക്കയിലെ ചുമരുകളും തെരുവുകളും ഭിത്തികളും ‘മുറിഞ്ഞ പാമ്പി‘നെക്കൊണ്ടു നിറഞ്ഞു. ഒന്നാകുവാൻ ആഹ്വാനം ചെയ്ത ഗ്രഫിറ്റിയെ അമേരിക്കൻജനത ഏറ്റെടുക്കുകയും വിഭജിച്ചുനിന്നിരുന്ന കോളനികൾ ഒരുമിക്കുകയും അമേരിക്കൻ ഐക്യനാടുകൾ ഒന്നാമതാകുകയും ചെയ്ത ചരിത്രം ഫ്രാങ്ക്ളിന്റെ ഗ്രഫിറ്റിയുടെ കൂടിചരിത്രമാണ്. ആഴമേറിയ വർണ്ണങ്ങളും വാക്കുകളും സാങ്കേതികത്തികവോടെ സ്പ്രേപെയിന്റു് ഉപയോഗിച്ചുകൊണ്ടുള്ള ആധുനികഗ്രഫിറ്റിയുടെ ചരിത്രവും അമേരിക്കയ്ക്ക് അവകാശപ്പെട്ടതാണ്. 1960 കളിലെ ന്യൂയോർക്കിലെ മെട്രോ സ്റ്റേഷനുകളും ട്രെയിനുകളും ഗ്രഫിറ്റികൾകൊണ്ട് നിറഞ്ഞു. തുറന്ന സമീപനങ്ങൾ, അമിതസ്വാതന്ത്ര്യവാഞ്ഛ, പരിധിയില്ലാത്ത പ്രണയം, അധികാരരൂപങ്ങളെ ചോദ്യം ചെയ്യൽ തുടങ്ങിയ ഉള്ളടക്കത്തോടെ ഒരു പ്രതിസംസ്കാരം രൂപപ്പെട്ട കാലമായിരുന്നു അത്. അരാജകവാദികളും ഹിപ്പികളും അതികാൽപ്പനികരുമൊക്കെ തെരുവുകളിൽ നിറഞ്ഞുനീങ്ങിയ കാലം. അമേരിക്കൻ തെരുവുകളിൽ സ്വാതന്ത്ര്യപ്രതിമയെക്കാൾ ഉയരത്തിൽ കലയുടെ സ്വാതന്ത്ര്യവും കലാപവും ഉയർത്തിക്കൊണ്ട് നിറഞ്ഞുതുളമ്പിയ ഗ്രഫിറ്റികൾ ലോകത്തിന്റെ വിവിധയിടങ്ങളിലേക്ക് മനുഷ്യാവകാശത്തിന്റെ ചിഹ്നങ്ങളായും, പലായനങ്ങളുടെ പാഠപുസ്തകമായും കുടിയൊഴിക്കലിന്റെ പ്രതിരോധമായും, അധികാരപ്രയോഗങ്ങളുടെ പ്രതീകമായും അരികുവൽക്കരണത്തിനെതിരായ പ്രതിഷേധമായും തെരുവുകളിൽ ശബ്ദിച്ചുകൊണ്ടിരുന്നു.
കാലം കല്പിച്ചുനല്കിയ ആ കലാപോർജ്ജമാണ് ജാമിയയിലെ പരുപരുത്ത ഭിത്തികളിൽ ഭരണവർഗ്ഗീയതക്കെതിരെ കൂരമ്പെയ്തു് നിൽക്കുന്നത്. യുദ്ധംകൊണ്ടും ക്രൂരതകൊണ്ടും ലോകത്തെയും കാലത്തെയും രണ്ടായി പകുത്ത ഹിറ്റ്ലർ എന്ന ക്രൂരനായ ഭരണാധികാരിക്കെതിരായ രാഷ്ട്രീയയുദ്ധമായും ഗ്രഫിറ്റി ഉപയോഗിച്ചിട്ടുണ്ട്. നാസികാലത്തെ ഓർമ്മപ്പെടുത്തുന്ന കോൺസെൻട്രേഷൻ കാമ്പുകളുടെയും ദയാരഹിതമായ അടിച്ചമർത്തലുകളുടെയും ദയാരഹിത കാഴ്ചകൾ സ്വതന്ത്ര ഇന്ത്യയിലും കളിയാട്ടം നടത്തുമ്പോളാണ് ഗ്രഫിറ്റികൾ നിർമ്മിച്ച പ്രതിരോധത്തിന്റെ ചരിത്രം മിലിയയിലൂടെ നമ്മുടെ മണ്ണിലും ആവർത്തിക്കുന്നത്. ഹിറ്റ്ലറുടെ ലായമെന്ന പേരിൽ കുപ്രസിദ്ധമായ റെയ്ഷ്ടാഗ് എന്ന ജർമ്മൻ പാർലമെന്റ് മന്ദിരത്തിന് പുറത്ത് ഇന്നും സംരക്ഷിച്ചുവരുന്ന ഒരു ഗ്രഫിറ്റിയുണ്ട്. മനുഷ്യത്വം വിറങ്ങലിച്ചുനിന്ന കാലത്തിന്റെ മൗനം മുഴുവൻ പതിച്ചുവച്ച പ്രതിരോധകല!. 1945ഏപ്രിൽ രണ്ടിന് ജർമ്മൻ പാർലമെന്റ് മന്ദിരം പിടിച്ചടക്കി അതിനുമുകളിൽ ചെങ്കൊടി ഉയർത്തുന്ന രംഗത്തെ അനശ്വരമാക്കിക്കൊണ്ട് ഒരു ചെറുപ്പക്കാരൻ ചെയ്തുവച്ച ഗ്രഫിറ്റി ‘ഞാനിവിടെയുണ്ടായിരുന്നു’ എന്നായിരുന്നു!. കാലങ്ങളും ചരിത്രങ്ങളും സാക്ഷിയാക്കി ജാമിയയിലെ ഭിത്തികളും ഉച്ചത്തിൽ പറയുന്നു ‘ഞങ്ങളുടെ പ്രതിരോധം ജീവൻ പോയാലും ഇവിടെയുണ്ടാവും. ’ എന്ന‍്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.