ഗ്രാമീൺ ബന്ദ് രാജ്യത്തെ സ്തംഭിപ്പിക്കുന്ന വിധം ശക്തമാകും

Web Desk
Posted on January 05, 2020, 10:07 pm

ന്യൂഡൽഹി: എട്ടിന്റെ ഗ്രാമീൺ ബന്ദ് രാജ്യത്തെ സ്തംഭിപ്പിക്കുന്ന വിധത്തിൽ ശക്തമായിരിക്കുമെന്ന് അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി അതുൽ കുമാർ അഞ്ജാൻ പറഞ്ഞു. കേന്ദ്ര തൊഴിലാളി സംഘടനകൾ പണിമുടക്കിന് ആഹ്വാനം നൽകിയ എട്ടിന് ഗ്രാമീൺ ബന്ദ് നടത്തുന്നതിന് നൂറിലധികം വരുന്ന കർഷക സാമൂഹ്യ സംഘടനകളാണ് ആഹ്വാനം നൽകിയത്.

പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് അഭ്യർഥിച്ച് വിവിധ പാർട്ടി നേതാക്കൾക്ക് കത്തയച്ചതായി അഞ്ജാൻ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, ബിഎസ്‌പി നേതാവ് മായാവതി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറേ തുടങ്ങിയവർക്കാണ് കത്തയച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകൾക്ക് പുറമേ വിദ്യാർഥി യുവജന സംഘടനകളും പ്രമുഖ വ്യക്തികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശിയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും പൊതുമേഖലയെ വിദേശികൾക്കുൾപ്പെടെ സ്വകാര്യവൽക്കരിക്കുകയും സ്വദേശി വ്യവസായങ്ങൾക്കും കാർഷിക മേഖലയ്ക്കും പ്രത്യാഘാതമാകുന്ന സ്വതന്ത്ര വ്യാപാര കരാറുകളുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന കേന്ദ്രസർക്കാരിനെതിരായ ഗ്രാമീണ ഇന്ത്യയുടെ വൻ പ്രതിഷേധം എട്ടിന് രാജ്യത്ത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറ‍ഞ്ഞു. മേഖലാ സമഗ്ര പങ്കാളിത്ത കരാറിൽ നിന്ന് പിൻവാങ്ങിയെന്ന് പറഞ്ഞുവെങ്കിലും അടുത്തിടെ ജർമ്മനിയിൽ നടന്ന ചർച്ചകളിൽ ഇന്ത്യ പങ്കാളിയായിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ ഇപ്പോൾതന്നെ തകർന്ന കാർഷിക മേഖലയെയും സമ്പദ്ഘടനയെയും കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഷയങ്ങളോടൊപ്പം സമീപകാലത്ത് രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിധത്തിൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവും ചേരുമ്പോൾ രാജ്യം അക്ഷരാർഥത്തിൽ സ്തംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; The Grameen Band will become so pow­er­ful that it desta­bi­lizes the coun­try

‘you may also like this video’