8 December 2024, Sunday
KSFE Galaxy Chits Banner 2

മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം

ഇന്നത്തെ ഇന്ത്യക്കും ലോകത്തിനുമുള്ള പാഠങ്ങൾ
ഡി രാജ
November 7, 2024 4:30 am

യുഎസ് സാമ്രാജ്യത്വം അസ്ഥിരീകരണ ശക്തിയായി പ്രവർത്തിക്കുന്ന ഇപ്പോഴത്തെ ലോകക്രമം, സംഘർഷങ്ങളുടെയും സഖ്യങ്ങളുടെയും ബഹുമുഖ ഘടകങ്ങളാൽ അടയാളപ്പെട്ടു നിൽക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സി (യുഎസ്) ന്റെ സൈനിക കടന്നുകയറ്റങ്ങൾ, സാമ്പത്തിക ഉപരോധങ്ങൾ, ഭരണ അട്ടിമറിക്കുള്ള പ്രേരണ എന്നീ സ്വഭാവ സവിശേഷതകളടങ്ങിയ ഇടപെടൽ വിദേശനയമാണ് പ്രാദേശിക അസ്ഥിരതകൾക്ക് — പ്രത്യേകിച്ച് മധ്യേഷ്യയിലും ദക്ഷിണേഷ്യയിലും — കാരണമായത്. ഈ സാമ്രാജ്യത്വ സമീപനം ആഗോള ഭൗമരാഷ്ട്ര ക്രമത്തെ സങ്കീർണമാക്കുകയും ഐക്യരാഷ്ട്രസഭയുടെ പങ്ക് ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇത് ബഹുധ്രുവലോകത്തിലെ പിരിമുറുക്കം വർധിപ്പിക്കുന്നതും സുസ്ഥിരവും നീതിയുക്തവുമായ ഒരു ആഗോളക്രമത്തിനു വേണ്ടിയുള്ള അന്വേഷണത്തെ വെല്ലുവിളിക്കുന്നതുമാണ്. ഈ സാഹചര്യത്തിൽ, ആഗോളവും ആഭ്യന്തരവുമായ കാര്യങ്ങളിൽ — പ്രത്യേകിച്ച് ഇന്ത്യയിൽ — സമാധാനം, സ്ഥിരത, പരസ്പര ബഹുമാനം, ഐക്യം എന്നിവ സൃഷ്ടിക്കുന്നതിൽ 1917ലെ റഷ്യൻ വിപ്ലവത്തിന്റെ പാഠങ്ങൾ വളരെ പ്രധാനമാണ്.

ഒന്നാം ലോക യുദ്ധത്തിന്റെയും വിശാലമായ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ 1917 നവംബർ 26ന് വി ഐ ലെനിൻ പുറപ്പെടുവിച്ച സമാധാന വിളംബരം സുപ്രധാനമായ ഘട്ടമായിരുന്നു. ബോൾഷെവിക് വിപ്ലവത്തിൽ നിന്ന് ഉയർന്നുവന്ന ഈ വിളംബരം, ശത്രുത ഉടനടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നതും കൂട്ടിച്ചേർക്കലുകളോ വിട്ടുപോകലുകളോ ഇല്ലാതെ സമാധാന ചർച്ചകൾക്ക് വേണ്ടി വാദിക്കുന്നതുമായിരുന്നു. ഒന്നാം ലോകയുദ്ധം മാനവരാശിക്കു നൽകിയ കടുത്ത ആഘാതത്തിനെതിരായും സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന വ്യാപകമായ ആവശ്യത്തോടുമുള്ള നേരിട്ടുള്ളതും ശക്തവുമായ പ്രതികരണമായിരുന്നു അത്. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികളുടെ സാമ്രാജ്യത്വ അഭിലാഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജനങ്ങളോടുള്ള ആകുലതകളോടെ, സമാധാനത്തിന്റെ ചാമ്പ്യന്മാരായി തന്നെയും പാർട്ടിയെയും സ്ഥാപിച്ച ലെനിൻ, ബോൾഷെവിക്കുകൾക്ക് വൻതോതിൽ പിന്തുണ നൽകി. മുതലാളിത്തത്തിന്റെ സാമ്രാജ്യത്വ ഘട്ടത്തെ വിലയിരുത്തിയ ലെനിൻ സോഷ്യലിസമാണ് ബദലെന്ന് ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വികസനത്തിനും സമാധാനത്തിനുമായി നിലകൊള്ളുന്നത് സോഷ്യലിസം മാത്രമാണ്. എല്ലാവരുടെയും പൊതുനന്മയും സന്തോഷവും അഭിവൃദ്ധിയുമാണ് സോഷ്യലിസത്തിന്റെ ലക്ഷ്യം. എല്ലാ തരത്തിലുള്ള ചൂഷണത്തെയും അടിമ മനോഭാവത്തെയും അത് നിഷ്കാസനം ചെയ്യുന്നു. വിവേചനങ്ങളിൽ നിന്നും അനീതികളിൽ നിന്നും ജനങ്ങളെ വിമോചിപ്പിക്കുന്നു.

യൂറോപ്യൻ ശക്തികളുടെ നേട്ടത്തിനായി വിഭവങ്ങളും ജനങ്ങളെയും ചൂഷണം ചെയ്ത കൊളോണിയൽ രാജ്യങ്ങൾക്കിടയിൽ യുദ്ധത്തോടുള്ള വ്യാപകമായ നിരാശ നിറഞ്ഞ ആഗോളപശ്ചാത്തലമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സമാധാനത്തിനായുള്ള ഈ വിളംബരം റഷ്യയിൽ മാത്രമല്ല സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ ശക്തിയാർജിച്ചുകൊണ്ടിരുന്ന എല്ലാ ഭൂപ്രദേശങ്ങളിലും പ്രതിധ്വനികൾ സൃഷ്ടിച്ചു.

ലെനിന്റെ വിളംബരത്തിലൂടെ, സാമ്രാജ്യത്വ ശക്തികളുടെ വീര്യം ചോരുന്നുവെന്നും അത് സ്വയം നിർണയാവകാശവും സ്വാതന്ത്ര്യവും നേടുന്നതിനായി പ്രയോജനപ്പെടുത്താൻ കഴിയുമെന്നും കോളനിവൽക്കരിക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളിൽ പ്രതീക്ഷ സൃഷ്ടിച്ചു. സോവിയറ്റുകളുടെ സാമ്രാജ്യത്വ വിരുദ്ധ നിലപാടും സമാധാനത്തിനായുള്ള വാദവും കൊളോണിയൽ ഭരണത്തെ തകർത്തെറിയാൻ ശ്രമിക്കുന്ന പല രാജ്യങ്ങളിലെയും ജനതയെ ആഴത്തിൽ സ്വാധീനിച്ചു. ഏഷ്യയിലും ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ഇത് വ്യാപകമായ മുന്നേറ്റത്തിന് പ്രചോദനമായി. ലെനിന്റെ വിളംബരത്തിന്റെ പ്രതിഫലനങ്ങൾ റഷ്യക്ക് പുറത്തേക്കും വ്യാപിക്കുകയും ലോക രാഷ്ട്രീയഘടനയെ കാര്യമായി സ്വാധീനിക്കുകയും ചെയ്തു. കൊളോണിയൽ വിഷയങ്ങൾ സമാധാനത്തിനും സ്വയംനിർണയത്തിനും വേണ്ടിയുള്ള ആഹ്വാനമായി നിർവചിക്കാൻ തുടങ്ങിയപ്പോൾ അതാത് രാജ്യങ്ങളിലെ ജനങ്ങളുടെ പോരാട്ടങ്ങളുടെ ഒരു രൂപരേഖയായി അത് മാറി. ഒപ്പം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ദേശീയ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിന് കാരണമാവുകയും ചെയ്തു. ഇന്ത്യ, ഈജിപ്ത് പോലുള്ള രാജ്യങ്ങളിൽ കോളനിവാഴ്ചയ്ക്കെതിരായ മുന്നേറ്റവും ബോൾഷെവിക് മാതൃക അനുകരിക്കാനുള്ള അഭിവാഞ്ഛയും ശക്തമായി. അതിനൊപ്പം സ്വയം നിർണയമെന്ന ആശയം യുദ്ധാനന്തര ഒത്തുതീർപ്പിൽ — പ്രത്യേകിച്ച് പാരിസ് സമാധാന സമ്മേളനത്തിൽ — സ്വാധീനം ചെലുത്തുകയും ചെയ്തു. എങ്കിലും സാമ്രാജ്യശക്തികൾ ഈ പ്രതീക്ഷകള്‍ക്ക് തുരങ്കം വയ്ക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ സമാധാനത്തിനുവേണ്ടിയുള്ള ലെനിന്റെ വിളംബരം റഷ്യൻ ചരിത്രഗതിയെ മാറ്റിമറിക്കുക മാത്രമല്ല, സാമ്രാജ്യത്വ അരാജകത്വത്തിനും ചൂഷണത്തിനും ഇടയിൽ ലോകമെമ്പാടുമുള്ള കോളനി വ്യവസ്ഥയുടെ അടിത്തറയെ വെല്ലുവിളിക്കുകയും ലോകസമാധാനത്തെക്കുറിച്ച് പ്രതീക്ഷയേകുന്ന ഒരു തരംഗത്തിന് തുടക്കമിടുകയും ചെയ്തു.

അതേസമയംതന്നെ ദേശീയ സ്വയംഭരണത്തിനായുള്ള ലെനിന്റെ ആഹ്വാനം കോളനി രാജ്യങ്ങളിൽ ആഴത്തിൽ പ്രതിധ്വനിച്ചു. അത് അതാത് രാജ്യങ്ങളിൽ സ്വാതന്ത്ര്യ വാഞ്ഛയോടെ നിലനിന്നിരുന്ന കോളനിവിരുദ്ധ മുന്നേറ്റത്തിന് ശക്തമായ ചട്ടക്കൂട് പ്രദാനം ചെയ്തു. സ്വന്തം വിധി നിർണയിക്കാനുള്ള രാഷ്ട്രങ്ങളുടെ അവകാശം സംബന്ധിച്ച ലെനിന്റെ ഊന്നൽ ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ നിരവധി നേതാക്കളെയും പ്രവർത്തകരെയും പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കോളനികളുടെ അടിമത്തത്തിനെതിരായ തങ്ങളുടെ പോരാട്ടത്തിനുള്ള സാധൂകരണമായി വീക്ഷിക്കപ്പെടുകയും ചെയ്തു. ഈ വികാരം ഇന്ത്യയിലെ വിവിധ പ്രസ്ഥാനങ്ങളിലും പ്രകടമായി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആശയപരമായ പരിണാമത്തിൽ ലെനിന്റെ സിദ്ധാന്തങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു. ജവഹർലാൽ നെഹ്രുവിനെപ്പോലുള്ള നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ അജണ്ടകളിൽ സ്വയംനിർണയാവകാശത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും ആശയങ്ങൾ ഉൾപ്പെടുത്താൻ തുടങ്ങി. വൈവിധ്യമാർന്ന ഇന്ത്യൻ സമൂഹങ്ങളുടെ ഐക്യത്തിന്റെ പ്രാധാന്യവും നേതാക്കൾ തിരിച്ചറിഞ്ഞു.

1925ൽ സിപിഐയുടെ ആവിർഭാവം ലെനിനിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ ചെലുത്തിയ സ്വാധീനത്തിന്റെ പ്രതിഫലനമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തെ ആഗോള വിപ്ലവ പ്രസ്ഥാനവുമായി യോജിപ്പിക്കാനുള്ള ശ്രമങ്ങളും അതിന്റെ ഫലമായുണ്ടായി. പ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും ലെനിന്റെ ആഹ്വാനത്താൽ സ്വാധീനിക്കപ്പെട്ടുവെന്ന് മാത്രമല്ല, കൊളോണിയൽ പശ്ചാത്തലത്തിൽ ദേശീയ സ്വയംനിർണയത്തെക്കുറിച്ചുള്ള ലെനിന്റെ ആശയങ്ങളുടെ പരിവർത്തന ശക്തിയെ പ്രതിഫലിപ്പിച്ച് 1947ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ കലാശിക്കുന്ന ചെറുത്തുനില്പിനും സംഭാവനകൾ നൽകി.

അതേസമയം വിശാലമായ റഷ്യൻ ഭൂപ്രദേശങ്ങളിൽ നിലനിന്ന വിവിധ ദേശീയതകൾ അവിടെ വലിയ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു. ഈ വൈവിധ്യത്തിൽ നിന്നാണ് സോവിയറ്റ് റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത്. റഷ്യൻ ദേശീയതകളുടെ പ്രശ്നത്തോടുള്ള ലെനിന്റെ സമീപനം വ്യത്യസ്ത വംശീയ വിഭാഗങ്ങളുടെ സ്വയംനിർണയാവകാശത്തെയാണ് ഊന്നിപ്പറഞ്ഞത്. ഇത് ഇന്ത്യയെപ്പോലെ ബഹുഭാഷാ, ബഹുവംശീയ രാജ്യത്തെ സംബന്ധിച്ച് വളരെയധികം പ്രസക്തമാണ്. നിരവധി ഭാഷകളും മതങ്ങളും വംശീയ പശ്ചാത്തലങ്ങളും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ജനസംഖ്യയുള്ള ഇന്ത്യക്ക് ഈ ആശയം ശക്തമായ ഒരു ഫെഡറൽ ചട്ടക്കൂട് ഉണ്ടാക്കുന്നതിനൊപ്പം ഐക്യം വളർത്തുന്നതിനുള്ള മാർഗനിർദേശക തത്വമായി വർത്തിക്കുകയും ചെയ്യുന്നു. ദേശീയതകളെക്കുറിച്ചുള്ള ലെനിന്റെ ഉൾക്കാഴ്ചകൾ ഇന്ത്യക്ക് അതിന്റെ സങ്കീർണമായ വൈവിധ്യഘടനയിൽ ഉപയോഗിക്കുവാനുള്ള സാധ്യതകൾ നൽകുന്നു. നാനാത്വത്തിൽ ഏകത്വം ലക്ഷ്യമിട്ടുള്ളതാണത്. രാജ്യത്തിന്റെ ഭാവിസഞ്ചാരത്തിൽ എല്ലാ വിഭാഗങ്ങൾക്കും പങ്കാളിത്തം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

1917ലെ റഷ്യൻ വിപ്ലവം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ പ്രക്ഷോഭത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയെന്ന വസ്തുത നമ്മുടെ ബോധ്യത്തിലുണ്ടാകണം. വിവിധ ദേശീയതാ വിഭാഗങ്ങളിൽ അത് രാഷ്ട്രീയ അവബോധത്തിന്റെ പുതിയ തരംഗത്തിന് കാരണമായി. ബോൾഷെവിക്കുകൾ സാറിസ്റ്റ് ഭരണകൂടത്തെ വിജയകരമായി അട്ടിമറിച്ചതും സാമ്രാജ്യത്വ വിരുദ്ധതയ്ക്ക് ഊന്നൽ നൽകിയതും ഇന്ത്യൻ നേതാക്കളിലും പ്രവർത്തകരിലും — പ്രത്യേകിച്ച് രാജ്യത്ത് ഉയർന്നുവരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ- ആഴത്തിൽ പ്രതിധ്വനിച്ചു. ബ്രിട്ടീഷ് കോളനിഭരണത്തിൽ കൂടുതൽ നിരാശരായ ഇന്ത്യൻ ദേശീയവാദികളുടെ പ്രവർത്തനങ്ങൾക്കും അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കും സ്വയംനിർണയമെന്ന ആവശ്യകതയ്ക്കും മുൻഗണന നൽകുന്ന ഒരു വിപ്ലവമെന്ന ആശയത്തിനും അത് വ്യക്തമായ രൂപരേഖ നൽകി. ഇതാണ് 1925ൽ സിപിഐ രൂപീകരിക്കുന്നതിലേക്ക് നയിക്കുകയും സാമ്രാജ്യത്വത്തിനെതിരെ വിവിധ സാമൂഹിക വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിനും തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി വാദിക്കുന്നതിലും നിർണായക പങ്ക് വഹിക്കുകയും ചെയ്തത്. തൊഴിലാളി പ്രവർത്തനങ്ങളിലും കർഷക പ്രസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടൽ വിശാലമായ കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന് വിപുലമായ സംഭാവനകളും നൽകി. ഇത് വർഗസമരവും ദേശീയ വിമോചനവും തമ്മിൽ സുപ്രധാനമായ ബന്ധം സൃഷ്ടിക്കുകയുമുണ്ടായി. ഈ കാലഘട്ടത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ നടത്തിയ ത്യാഗങ്ങൾ സ്വാതന്ത്ര്യ അഭിവാഞ്ഛയോടുള്ള അവരുടെ പ്രതിബദ്ധതയുടെ തെളിവുമായി.

മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്താൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ട ഭഗത് സിങ്ങിനെപ്പോലുള്ള ധീരവിപ്ലവകാരികൾ ബ്രിട്ടീഷ് അടിച്ചമർത്തലിനെതിരായ പോരാട്ടത്തിൽ രക്തസാക്ഷികളായി. 1931ലെ അദ്ദേഹത്തിന്റെ വധശിക്ഷ രാജ്യത്തുടനീളമുള്ള യുവാക്കളെ പ്രചോദിപ്പിച്ചു, യഥാർത്ഥ സ്വാതന്ത്ര്യത്തിന് വിപ്ലവം ആവശ്യമാണ് എന്ന ആശയത്തെ അത് ശക്തിപ്പെടുത്തി. കൂടാതെ, 1940കളുടെ അവസാനം നടന്ന തെലങ്കാന സായുധസമരം നീതിക്കുവേണ്ടി ആയുധമെടുക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ സന്നദ്ധതയും പ്രകടമാക്കി. വ്യക്തികളുടെ ത്യാഗങ്ങളും വിപുലമായ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ സമ്പന്നമാക്കുക മാത്രമല്ല, വർഗ — ദേശീയ പോരാട്ടങ്ങളുടെ പരസ്പര ബന്ധത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു. അവരുടെ പൈതൃകം ഇന്ത്യയിലെ സാമൂഹിക നീതിയെയും സമത്വത്തെയും കുറിച്ചുള്ള സമകാലിക ചർച്ചകളെ സ്വാധീനിക്കുന്നത് ഇപ്പോഴും തുടരുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലും ഒരു പുതിയ ഇന്ത്യ — സോഷ്യലിസ്റ്റ് ഇന്ത്യ — കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും റഷ്യൻ വിപ്ലവത്തിന്റെ ശാശ്വതമായ സ്വാധീനമാണ് ഇതിലൂടെ അടിവരയിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.