ആലങ്കോട് ലീലാകൃഷ്ണൻ

October 16, 2020, 5:00 am

നിരുപാധിക സ്നേഹത്തിന്റെ മഹാകവി

Janayugom Online

ഹാകവി അക്കിത്തത്തിന്റെ വേർപാടോടുകൂടി നവോത്ഥാനാന്തര മലയാള കവിതയിലെ മൗലിക വ്യത്യസ്തമായ മനുഷ്യദർശനത്തിന്റെ ദീർഘകാവ്യയുഗമാണ് അസ്തമിച്ചത്. ‘മനുഷ്യൻ’ തന്നെയായിരുന്നു അക്കിത്തത്തിന്റെ കാവ്യദർശനത്തിന്റെ കേന്ദ്രം. മനുഷ്യനെ സഹജമായ ശക്തിദൗർബല്യങ്ങളോടുകൂടി ദർശിച്ചപ്പോഴും അജയ്യമായ മനുഷ്യേച്ഛയിൽ അക്കിത്തം ഉറച്ചുവിശ്വസിച്ചു. വേദനയും കണ്ണുനീരും സംഘർഷങ്ങളും സമരങ്ങളുമായി അനന്തയുഗങ്ങളിൽക്കൂടി തളരാതെ പോരാടിക്കയറിവരുന്ന മനുഷ്യസമൂഹം സ്വന്തം ഭാഗധേയങ്ങൾ സൃഷ്ടിക്കാൻ മാത്രമുള്ള അതിജീവന ബലവുംകൂടി ഒപ്പം കൊണ്ടുനടക്കുന്നുണ്ടെന്ന് ദീർഘദർശനം ചെയ്തു.

‘ഊറും കണ്ണീർ തനിയേ മുത്തായ്

മാറുന്നു, ണ്ടാമുത്താലേ

നമ്മൾ ജയിപ്പൂശോകത്തെ, സ്സഖി

നമ്മൾ രചിപ്പൂ നാകത്തെ’

(കവിത: ഭാരതീയന്റെ ഗാനം)

കണ്ണുനീരാൽ വിമലീകരിക്കപ്പെട്ട ഈ അടിസ്ഥാന ജീവിതവർഗത്തിന്റെ അവസാനമില്ലാത്ത രാഷ്ട്രീയ ചലനങ്ങളിൽ കവി എന്നും വിശ്വസിച്ചിരുന്നു. രാഷ്ട്ര നൈതികതയെ ചൊല്ലി വിലപിച്ചപ്പോഴും അക്കിത്തത്തിനുള്ളിലെ ബുദ്ധൻ ഉച്ചരിച്ച അനന്തധ്വനിമാനങ്ങളുള്ള ഒരു നവ രാഷ്ട്രീയോപനിഷത്ത് ഇപ്പോഴും നമുക്ക് പൂർണമായും ഉൾക്കൊള്ളാനായിട്ടില്ല.

‘വെളിച്ചം ദുഃഖമാണുണ്ണീ

തമസല്ലോ സുഖപ്രദം’ ഇത്രമാത്രം ദുർവ്യാഖ്യാനിക്കപ്പെടുകയും സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കപ്പെടുകയും ചെയ്ത വരികൾ മലയാള സാഹിത്യത്തിൽ വേറെ ഉണ്ടായിട്ടില്ല. വെളിച്ചത്തെ വെറുക്കുന്ന ഇരുട്ടിന്റെ കവിയാണ് അക്കിത്തം എന്നുവരെ ചിലർ വിധിച്ചുകളഞ്ഞു. ‘വെളിച്ചം ദുഃഖമാണെന്നു പറയുമ്പോൾ ദുഃഖം വെളിച്ചമാണെന്നുകൂടി അർത്ഥമുണ്ടെന്നുള്ളതാണ് ആ രൂപകാലങ്കാരത്തിന്റെ യുക്തി. ദുഃഖത്തെ വെളിച്ചമാക്കുക എന്നത് ഒരു ബുദ്ധധർമ്മമാണ്.

നാലപ്പാടന്റെ പൗരസ്ത്യ ദീപം വായിച്ച കാലം മുതൽ വിട്ടുമാറാതെ ബുദ്ധൻ കൂടെയുണ്ടെന്ന് അക്കിത്തം പറഞ്ഞിട്ടുണ്ട്. ദിഗ്വിജയം പോലുള്ള കവിതകളിലെല്ലാം ആ ബുദ്ധൻ പ്രകടമായി വെളിപ്പെടുന്നുണ്ട്. കെ ദാമോദരനുമായുള്ള ചില സംവാദങ്ങളിൽ ബുദ്ധദർശനങ്ങളെയും ഋഗ്വേദത്തിലെ സംവാദസൂക്തത്തെയും കമ്മ്യൂണിസ്റ്റുകാർ വർഗസിദ്ധാന്തം വായിച്ചു പഠിക്കേണ്ടതുണ്ടെന്ന് അക്കിത്തം പറയുന്നുണ്ട്. (ഭാരതീയ തത്വചിന്തയിൽ ഋഗ്വേദത്തിലെ ‘സംഘച്ഛധ്വംസംവദധ്വം’ എന്ന ഐകമത്യസൂക്തം കമ്മ്യൂണിസത്തിന്റെ കാഴ്ചപ്പാടാണെന്ന് കെ ദാമോദരൻ ചൂണ്ടിക്കാണിക്കുന്നത് ഓർക്കാം).

വി ടിയുമായും കെ ദാമോദരനുമായും ഇഎംഎസുമായും ഐസിപിയുമായും ആഴമേറിയ ഹൃദയബന്ധമാണ് അക്കിത്തത്തിനുണ്ടായിരുന്നത്. അതിനു കാരണം വി ടിയുടെ നവോത്ഥാന പ്രവർത്തനങ്ങളാണ്. എംആർബിയും പ്രേംജിയും ഐസിപിയും ഇഎംഎസും കെ ദാമോദരനുമൊക്കെ അവിടെ നിന്നാണ് രാഷ്ട്രീയം തുടങ്ങിയത്.

ആഢ്യത്വവും ജന്മിത്വവുമുള്ള ഒരു വൈദിക ബ്രാഹ്മണ കുടുംബത്തിൽ യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ നടുക്കു ജനിച്ചുവളർന്നിട്ടും ഒരു നിർണായക ചരിത്രഘട്ടത്തിൽ താനുൾക്കൊണ്ട സമുദായത്തെ അടിമുടി ഉടച്ചുവാർത്ത വിസ്ഫോടനാത്മകമായ ഒരു സാമുദായിക വിപ്ലവത്തിൽ പങ്കുചേർന്നവനാണ് അക്കിത്തം എന്ന ഉണ്ണി നമ്പൂതിരി. വള്ളുവനാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കൂടി നിലമൊരുക്കിയ ആ സാമൂഹ്യ വിപ്ലവത്തിൽ വി ടി തന്നെയായിരുന്നു അക്കിത്തത്തിന് ഗുരു.

ബ്രഹ്മസ്വവും ദേവസ്വവും സംബന്ധ വ്യവസ്ഥിതിയും കടവല്ലൂർ അന്യോന്യവും വരെ കടപുഴകി വീണ ആ കൊടുങ്കാറ്റിലാണ് അഗ്നിഹോത്രമുപേക്ഷിച്ച് അനാഥ ജനസഞ്ചയത്തിൽ അണിചേരുന്ന പുതു യോഗക്ഷേമ സിദ്ധാന്തം അക്കിത്തം പഠിച്ചത്. നമ്പൂതിരി മനുഷ്യനായ ചരിത്രത്തിന്റെ ഭാഗമാണത്. ആദ്യത്തെ നവോത്ഥാന മാസികകളിലൊന്നിന്റെ പത്രാധിപരുമായിരുന്നു അന്ന് അക്കിത്തം.

യൗവനാരംഭത്തിലെ തീക്ഷ്ണദിനങ്ങളിൽ നഷ്ടപ്പെടുവാനൊന്നുമില്ലാത്തവരുടെ സമരസംഘങ്ങളിൽ പോരാളിയാവാനും ഈ കവിക്ക് വൈമുഖ്യമുണ്ടായില്ല. വിപ്ലവകാരിയുടെ വേദനാമയമായ ഏകാകിതയും കൂടി കവി കണ്ടു.

‘കാവുമ്പായ, ക്കരിവെള്ളൂരിൽ

മുനയൻകുന്നിലും വൃഥാ

അലയുന്നുണ്ടൊരാളാത്മ-

ചൈതന്യ പരിപീഡിതൻ

അവൻ കൈകളുയർത്തുന്നു

വലിപ്പൂനിജമൂർദ്ധജം

അപാരാകാശത്തിൽ നോക്കി

കിതച്ചീടുന്നുമുണ്ടവൻ’

എല്ലാ സംഘങ്ങളിലും ഒറ്റയ്ക്കായിപ്പോവുകയും എല്ലാ സമരങ്ങളിലും തോറ്റുപോവുകയും എല്ലാ യുദ്ധങ്ങളിലും മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അനാഥ മനുഷ്യനെയാണ് അക്കിത്തം എന്നും സ്വന്തം നെഞ്ചിൽ കാത്തുപോറ്റിക്കൊണ്ടു നടന്നത്. ഒരിക്കലെങ്കിലും സ്നേഹവിരുദ്ധമായ മുഖം ആ മനുഷ്യന് അക്കിത്തം നൽകിയിട്ടില്ല. അവന്റെ കണ്മുനീരിന്റെയും അതിജീവനത്തിന്റെയും ഇതിഹാസമാണ്, കണ്ണീരിലമൃതം ചേർത്ത അക്കിത്തത്തിന്റെ ഇതഃപര്യന്തമുള്ള കാവ്യജീവിതം. (ഒരിക്കൽ കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തെ തൃത്താലഫർക്കയിൽ സ്ഥാനാർത്ഥിയാക്കാൻ കൂടി ആലോചിച്ചതാണെന്നും ഓർക്കേണ്ടതാണ്).

‘നിന്നെക്കൊന്നവർ കൊന്നൂപൂവേ

തന്നുടെ തന്നുടെ മോക്ഷത്തെ’

എന്നു വിഷാദിച്ചപ്പോഴും (ഇടിഞ്ഞുപൊളിഞ്ഞ ലോകം).

‘എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകൾ

എന്റെയല്ലീമഹാക്ഷേത്രവും മക്കളേ’

എന്നു ജീവിത വിരക്തനായപ്പോഴും (പണ്ടത്തെ മേശാന്തി)

‘ഒരു കണ്ണീർക്കണം മറ്റു-

ള്ളവർക്കായ് ഞാൻ പൊഴിക്കവേ,

ഉദിക്കയാണെന്നാത്മാവി-

ലായിരം സൗരമണ്ഡലം’

എന്നു ബോധോദയമാർന്നപ്പോഴും (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം)

‘കാണാതായപ്പടി കണ്ണുനീരാകിലും

ഞാനുയിർക്കൊള്ളുന്നു വിശ്വാസശക്തിയാൽ‍’

എന്ന പ്രത്യാശ നേടിയപ്പോഴും (പണ്ടത്തെ മേശാന്തി) പോരാടുന്ന ആധുനിക മനുഷ്യന്റെ അവസാനമില്ലാത്ത കണ്ണുനീരിനെയാണ് അക്കിത്തം കവിതയാക്കിയത്.

മലയാള കവിതയിൽ യഥാർത്ഥമായ കേരളീയാധുനികതയുടെ തുടക്കംകുറിച്ച കവിയുമാണ് അക്കിത്തം. ‘കരതലാമലകം’ എന്ന കവിതയിൽ കാലത്തിന്റെ ആധുനികമായ വിഹ്വലതകളെയും സന്ത്രാസങ്ങളെയും മാനവിക ഭയങ്ങളെയും രണ്ടേരണ്ടു വരികളിൽ അക്കിത്തം ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു:

‘ഈ യുഗത്തിന്റെ പൊട്ടിക്കരച്ചിലെൻ

വായിൽ നിന്നു നീ കേട്ടുവെന്നോ, സഖി? ’

ഈ ചോദ്യത്തിലടങ്ങിയിരിക്കുന്നു ആധുനിക മനുഷ്യയുഗത്തിന്റെ വിശിഷ്ടമായൊരു ദുരന്തദർശനം.

എന്നാൽ അക്കിത്തം ഒരിക്കലും അന്യവല്ക്കരണത്തിന്റെ ആ ദുരന്താവബോധത്തിൽ നിന്നില്ല.

‘ആ വിയർപ്പിന്റെ തുള്ളിയുണ്ടിന്നുമെ-

ന്നാത്മശക്തിതൻ മുത്തുക്കിരീടമായ്

ഉജ്ജ്വലപ്രഭ തൂകിത്തിളങ്ങുന്നി-

തുഗ്രമാമെന്നബോധാന്ധകാരത്തിൽ’

വിയർപ്പിന്റെ ഈ വെളിച്ചംതന്നെയായിരുന്നു എന്നും അക്കിത്തത്തിന്റെ അതിജീവന പ്രത്യാശ. കൽക്കത്താ തിസീസിനോടുള്ള വിയോജിപ്പാണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ’ പ്രേരണ. അവിടെയും സർഗാത്മകതയുടെ പ്രത്യാശ അക്കിത്തം കൈവിട്ടിട്ടില്ല.

‘തോക്കിനും വാളിനും വേണ്ടി-

ച്ചെലവിട്ടോരിരുമ്പുകൾ

ഉരുക്കി വാർത്തെടുക്കാവൂ

ബലമുള്ള കലപ്പകൾ

ബോംബിനായ് ദുർവ്യയം ചെയ്യു-

മാണവോൽബണശക്തിയാൽ

അന്ധഗ്രാമക്കവലയിൽ

സ്നേഹദീപം കൊളുത്തുക’

ഈ പ്രത്യാശനിർഭരമായ പരിവർത്തനമായിരുന്നു കവി എന്നും ആഗ്രഹിച്ചത്. പിൽക്കാലത്ത് കൽക്കത്താ തിസീസ് തള്ളിക്കളഞ്ഞ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിന്റെ പേരിൽ വിയോജിച്ചുനിന്ന അക്കിത്തത്തെപ്പോലുള്ളവരെ തിരിച്ചറിയുവാൻ കുറച്ച് വൈകിപ്പോയിട്ടുണ്ടാവാം. പക്ഷേ, അക്കിത്തം ഒരിക്കലും തന്റെ എഴുത്തിൽ മതവാദിയും പിന്തിരിപ്പനുമായിട്ടില്ല. ‘അബ്ദുള്ള’ പോലുള്ള കവിതകളിൽ ‘അബ്ദുള്ള, കാണുമോ മേലിൽ നമ്മൾ’ എന്ന ചോദ്യത്തിലെ മാനവികമായ വിങ്ങൽ‍ കേൾക്കാതിരുന്നുകൂടാ.

താരതമ്യേന പുതിയ കാലത്തെഴുതിയ കവിതയിലും പഴയ നിരുപാധിക സ്നേഹബോധം കൂടുതൽ തീക്ഷ്ണതയോടെ തെളിയുന്നതു വായിക്കാം.

‘മതമെന്തെങ്കിലുമാട്ടേ മനുജാത്മാവേ

കരഞ്ഞിരിക്കുന്നേൻ

നിരപാധിക സ്നേഹം നിന്നിൽ

പൊട്ടിക്കിളിർത്തു പൊങ്ങട്ടെ’

മനുജാത്മാവിനെ മതങ്ങൾക്കും വർഗങ്ങൾക്കുമതീതമായ നിരുപാധിക മനുഷ്യസ്നേഹത്തിലേയ്ക്കുയർത്തുവാൻ വേണ്ടി അക്ഷരം അമൃതാക്കിമാറ്റിയ മലയാളത്തിന്റെ വിശ്വ മഹാകവി അക്കിത്തത്തിന് മരണമില്ല.