July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

പൊന്നാനിക്കാരനായ മഹാകവി

By Janayugom Webdesk
March 13, 2020

ലയാളത്തിന്റെ മഹാകവിയും കേരള വാല്മീകിയുമായ വള്ളത്തോൾ നരായണ മേനോൻ ആധുനിക കവിത്രയത്തിലെ പ്രധാനിയും ശബ്ദസുന്ദരനും കൂടിയാണ്. ഇന്ത്യൻ സ്വാതന്ത്യ്ര സമരം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ ഭാരതീയരെ ദേശസ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മഹത്വവും ആവശ്യകതയും വരികളിലൂടെ ഉണർത്തിവിട്ട വള്ളത്തോളിന്റെ കവിതകളും പഠനവും മിക്കവാറും എല്ലാ ക്ലാസുകളിലും പഠിക്കാനുണ്ട്. മഹാകവി പിന്നിട്ട വഴിത്താരകളും കൃതികളും ചേർത്തൊരു അധിക വായന. കഥകളിക്കും കൂട്ടിയാട്ടത്തിനും മറ്റുമായി ചെറുതുരുത്തിയിൽ സ്ഥാപിച്ച ‘കേരള കലാമണ്ഡല’ ത്തിന്റെ സ്ഥാപകൻ എന്നതിലപ്പുറം ദേശബോധം സ്ഫുരിക്കുന്ന കവിതകൾ കേരളത്തിനു സമ്മാനിച്ച ഈ പൊന്നാനിക്കാരൻ 1878 ഒക്ടോബർ 16ന് വെട്ടത്തുനാട്ടിൽ മംഗലം അംശത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും പുത്രനായാണ് ജനിച്ചത്. വീട്ടിൽ നിന്നു തന്നെ സംസ്കൃതം പഠിച്ച് പിന്നീട് വൈദ്യവും സ്വായത്തമാക്കി. കവിതയെഴുത്തിലും കഥകളിയിലും തൽപരനായിരുന്ന കവി ശ്ലോകങ്ങളായിരുന്നു എഴുതിത്തുടങ്ങിയത്.

പ്രഥമാംഗീകാരവും കൃതികളും

ഭാഷാപോഷിണി എന്ന സാംസ്കാരികസഭ കോഴിക്കോട്ടുവെച്ച് 1894ൽ സംഘടിപ്പിച്ച കവിതാമത്സരത്തിൽ ഈ കവിക്കായിരുന്നു ഒന്നാം സ്ഥാനം. ഈ പ്രചോദനവും പ്രോത്സാഹനവും ഭാഷാപോഷിണിയടക്കം അന്നത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ വള്ളത്തോളിന്റെ കൃതികൾ വന്നു തുടങ്ങി. നിയോ ക്ലാസിക് മാതൃകയിലുള്ള കവിതകളായിരുന്നു തുടക്കത്തിൽ അദ്ദേഹത്തിന്റെത്. 1905ൽ തുടങ്ങിയ വാല്മീകി രാമായണം വിവർത്തനം 1907ൽ പൂർത്തിയായി. തൃശൂരിലെ ‘കേരളകൽപദ്രുമം’ എന്ന അച്ചുകൂടത്തിന്റെ മാനേജരായി 1905മുതൽ 1910 വരെ സേവനമനുഷ്ഠിച്ചു.

അനുഭവത്തിൽ നിന്ന് ബധിരവിലാപം 

അനുഭവങ്ങൾ കവികളുടെയും, കലാകാരന്മാരുടെയും സർഗവാസനകളെ വളരെയേറെ സ്വാധീനിക്കാറുണ്ട്. വള്ളത്തോളിന്റെ ‘ബധിരവിലാപം’ എന്ന ഖണ്ഡകാവ്യം ഇതിനുദാഹരണമാണ്. 1909ൽ അദ്ദേഹത്തിന് കേൾവിശക്തി പൂർണമായും നഷ്ടപ്പെട്ടു. ചികിത്സകൾ നിരവധി ചെയ്തു നോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഈ വേദനയിൽ നിന്നാണ് ബധിരവിലാപത്തിന്റെ പിറവി. 1910ലായിരുന്നു ഇത് എഴുതിയത്. ചിത്രയോഗം എന്ന മഹാകാവ്യമായിരുന്നല്ലോ അദ്ദേഹത്തെ മഹാകവിയാക്കിയത്. ബധിരനായിക്കൊണ്ടായിരുന്നു പിന്നീടുള്ള രചനകളെല്ലാം അദ്ദേഹം നിർവഹിക്കുന്നത്. 1910–1913 കാലത്താണ് ചിത്രയോഗം തീരുന്നത്. ഖണ്ഡകാവ്യങ്ങളിലും വ്യുൽപത്തി നേടിയ കവി നിരവധി കാവ്യങ്ങളാണ് രചിച്ചത്.

സാഹിത്യമഞ്ജരിയുടെ സവിശേഷത

1913ൽ ഗണപതി, 1914ൽ ബന്ധനസ്ഥനായ അനിരുദ്ധൻ, 1918 ൽ ശിഷ്യനും മകനും, 1921 ൽ മഗ്ദലനമറിയം, 1927ൽ കൊച്ചുസീത, 1936ൽ അച്ഛനും മകളും. ഇവയാണ് കവിയുടെ പ്രസിദ്ധ ഖണ്ഡകാവ്യങ്ങൾ. ഒറ്റക്കവിതകളുടെ സമാഹാരമായ ‘സാഹിത്യമഞ്ജരി’ പതിനൊന്ന് ഭാഗങ്ങളിലാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. വള്ളത്തോൾ കവിതയുടെ ലയഭംഗിയും ഗാംഭീര്യവും ഈ സമാഹാരങ്ങളിൽ നിന്ന് അനുഭവിച്ചറിയാനാവും. അമ്പാടിയിൽ ചെല്ലുന്ന അക്രൂരൻ, എന്റെ ഗുരുനാഥൻ, എന്റെ ഭാഷ, ഒരരിപ്പിറാവ്, ഒരു തോണിയാത്ര, ഒരു വീരപത്നി, കർമ്മഭൂമിയുടെ പിഞ്ചുകാൽ, തറവാട്ടമ്മ, തിരൂർ പൊന്നാനിപ്പുഴ, ഭക്തിയും വിഭക്തിയും, മലയാളത്തിന്റെ തല, മാതൃവന്ദനം തുടങ്ങിയ കവിതകൾ സാഹിത്യമഞ്ജരിയുടെ വിവിധ ഭാഗങ്ങളിലുണ്ട്. കവിതയുടെ പ്രതിഭാ വിലാസവും കാല്പനിക ഭാവങ്ങളും വ്യക്തിത്വവുമെല്ലാം ശരിക്കും തെളിഞ്ഞു കാണുന്നത് സാഹിത്യമഞ്ജരി കവിതകളിലാണ്.

സ്വാതന്ത്ര സമരവും ദേശീയതാബോധവും 

കോൺഗ്രസ് പ്രവർത്തനവും ഗാന്ധിജിയോടുളള ആരാധനയും വർദ്ധിച്ചപ്പോൾ ദേശീയതാ ബോധം കവിയിൽ വേരൂന്നി. ഭാരതീയ പാരമ്പര്യത്തിൽ അഭിമാനിച്ചിരുന്ന കവി 1924ലെ വൈക്കം സത്യാഗ്രഹ കാലത്ത് മഹാത്മാഗാന്ധിയെ നേരിൽ കണ്ടതോടെ ആരാധന വർദ്ധിച്ചു. എന്റെ ഗുരുനാഥൻ എന്ന കവിത അങ്ങനെ ജനിച്ചതായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1927ലെ മദ്രാസ് സമ്മേളനത്തിലും 1928ലെ കൽക്കത്ത സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. 1917 ൽ രചിച്ച “മാതൃവന്ദനം’ എന്ന കവിതയോടെയാണ് ദേശീയതാ ബോധവും സ്വാതന്ത്യ്രകാംക്ഷയും കവിതകളിൽ വ്യാപകമായത്.

വിവർത്തന കൃതികൾ

ബാല്യകാലത്തുള്ള സംസ്കൃത വിദ്യാഭ്യാസം കാരണം പല സംസ്കൃത രചനകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാൻ വള്ളത്തോളിനു സാധിച്ചു. വാത്മീകി രാമായണം, മാതംഗലീല, മാർക്കണ്ഡേയ പുരാണം, പദ്മപുരാണം, വാമപുരാണം, മൽസ്യപുരാണം, ഭാസന്റെ ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്ന വാസവദത്തം, കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, ബോധി സത്വാപദാനകല്പലത, ഋഗ്വേദസംഹിത എന്നിവയും പരിഭാഷയിൽ പ്രമുഖങ്ങളാണ്.

ബഹുമതികളും അവാർഡുകളും

1919ൽ “കവിതിലകൻ” എന്ന ബഹുമതി നൽകി കൊച്ചി മഹാരാജാവ് ആദരിച്ചു. 1923ൽ തിരുവിതാംകൂർ മഹാരാജാവ് “വീരശ്യംഖലയും “കവിസർവ്വഭൗമ” സ്ഥാനവും നൽകി. 1946ൽ മദിരാശി ഗവൺമെന്റ് വള്ളത്തോളിനെ ആസ്ഥാന കവിയായി തെരഞ്ഞെടുത്ത് അഞ്ചുവർഷക്കാലത്തേക്ക് ആയിരം രൂപ വീതം നൽകി. 1955ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. (പത്മഭൂഷൺ നേടുന്ന പ്രഥമ മലയാളിയാണ് വള്ളത്തോൾ). കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനുമായിരുന്നു. 1946മുതൽ 1956 വരെ കേരളസാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷനായും സേവനമനുഷ്ഠിച്ചു.  1954ൽ കേന്ദ്രസാഹിത്യ അക്കാദമിയിൽ മലയാളത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. വെയിൽസ് രാജകുമാരൻ, കുമാരനാശാനോടൊപ്പം നൽകാനിരുന്ന പട്ടും വളയും വള്ളത്തോൾ നിരസിച്ചു. ഈ ബഹുമതി വള്ളത്തോൾ നിരസിച്ചത് ബ്രിട്ടീഷ് ഗവൺമെന്റിനോടുള്ള പ്രതിഷേധം കൊണ്ടായിരുന്നു. 1966ൽ മരണാനന്തര ബഹുമതിയായി സോവിയറ്റ് ലാന്റിന്റെ നെഹ്റു സമാധാന സമ്മാനം വള്ളത്തോളിന് ലഭിച്ചു.

കഥകളിക്ക് ഒരു ജീവിതം 

കേരളത്തിന്റെ ഐഡന്റിറ്റിയായ കല എന്നു വിശേഷിപ്പിക്കുന്ന കഥകളിയെ പുനരുജ്ജീവിപ്പിക്കാൻ കവി നടത്തിയ ശ്രമങ്ങൾ ചെറുതായിരുന്നില്ല. 1927ൽ (1930 ൽ എന്നും കാണുന്നുണ്ട്.) തൃശൂരിലെ കുന്ദംകുളത്ത് വള്ളത്തോൾ സ്ഥാപിച്ച കഥകളി വിദ്യാലയമാണ് പിൽക്കാലത്ത കേരള കലാമണ്ഡലമായി വികസിച്ചത്. 1930ൽ ഇതിന്റെ ധനശേഖരണത്തിനായി കഥകളിസംഘത്തോടൊപ്പം ഇന്ത്യ ഒട്ടുക്കും മറ്റു വിദേശ രാജ്യങ്ങളിലും സഞ്ചരിച്ചു. 1934 ൽ മലേഷ്യ, 1935 ൽ ബർമ, (ഇപ്പോൾ മ്യാൻമർ) 1950ൽ പോളണ്ട്, ഇറ്റലി, ഫ്രാൻസ്, 1951 ൽ റഷ്യ, 1953 ൽ ചൈന എന്നിവയാണാ രാജ്യങ്ങൾ. ആസ്ഥാന കവിയായും വള്ളത്തോളിനെ ആദരിച്ചു പോന്നിട്ടുണ്ട്. കേരള സംസ്ഥാനം രൂപപ്പെടുന്നതിനുമുമ്പ് അന്നത്തെ മദ്രാസ് സർക്കാറായിരുന്നു 1948 ൽ ഈ ബഹുമതി നല്കിയത്. 1957ൽ രോഗബാധിതനായതിനെത്തുടർന്ന് ഋഗ്വേദത്തിന്റെ പരിഭാഷയുടെ ജോലികൾക്കിടയിൽ 1958 മാർച്ച് 13ന് വള്ളത്തോൾ ഓർമ്മയാവുകയും ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.