ചരിത്രത്തിലെ ഏറ്റവും വലിയ കോപ്പിയടി; ഗുജറാത്തിലെ പ്ലസ് ടു പരീക്ഷയില്‍ 959 കുട്ടികളുടെ ഉത്തരകടലാസ് ഒരുപോലെ

Web Desk
Posted on July 16, 2019, 9:34 pm

അഹമ്മദാബാദ്: ഗുജറാത്തിലെ പ്ലസ് ടു പരീക്ഷയില്‍ ഒരേ ഉത്തരങ്ങള്‍ കോപ്പിയടിച്ച് എഴുതിയത് 959 കുട്ടികള്‍. ഗുജറാത്ത് സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കോപ്പിയടിയാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോപ്പിയടി നടത്തിയ വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുകയും 2020 വരെ ഇവരുടെ പരീക്ഷാഫലം തടയുകയും ചെയ്തിട്ടുണ്ട്. ജുനഗഡ്, ഗിര്‍ സോംനാഥ് ജില്ലകളിലാണ് വ്യാപക കോപ്പിയടി കണ്ടെത്തിയത്.  959 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളില്‍ ചോദ്യങ്ങള്‍ക്ക് ഒരേ തരത്തില്‍ എഴുതിയ ഉത്തരങ്ങള്‍ കണ്ടെത്തിയെന്നും ഉത്തരക്കടലാസില്‍ ഉണ്ടായിരുന്ന തെറ്റുകള്‍ പോലും ഒരുപോലെയായിരുന്നുവെനനുമാണ് വിദ്യാഭ്യാസ ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. ഒരു പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷയെഴുതിയ 200 വിദ്യാര്‍ത്ഥികളും ഒരു ഉപന്യാസം എഴുതിയത് തുടക്കം മുതല്‍ ഒടുക്കം വരെ ഒരേപോലെയായിരുന്നു.

അക്കൗണ്ടിങ്, സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷകളിലാണ് വ്യാപക കോപ്പിയടി കണ്ടെത്തിയത്. ഇവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുമെന്നും വിദ്യാഭ്യാസ ബോര്‍ഡ് അറിയിച്ചു. അട്ടിമറി കണ്ടെത്തിയ സാഹചര്യത്തില്‍ ഈ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ ബോര്‍ഡ് നേരിട്ട് വിളിച്ചു വരുത്തിയിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തില്‍ വെച്ച് അധ്യാപകര്‍ പറഞ്ഞു തന്ന ഉത്തരങ്ങളാണ് തങ്ങള്‍ എഴുതിയതെന്ന് ചില വിദ്യാര്‍ത്ഥികളും വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ചില സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രൈവറ്റായി പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളിലാണ് തിരിമറി നടന്നതെന്നും ഇത് ഗുരുതരമാണെന്നും വിദ്യാഭ്യാസ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവര്‍ സ്ഥിരമായി ക്ലാസില്‍ വരുന്ന കുട്ടികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വെറും രണ്ടാഴ്ച മാത്രമാണ് പലരും ക്ലാസുകളില്‍ പങ്കെടുത്തിട്ടുള്ളതെന്നാണ് വിവരം. കോപ്പിയടി നടന്ന പരീക്ഷാ സെന്ററുകള്‍ ഒഴിവാക്കാനും ഗുജറാത്ത് സെക്കന്‍ഡറി ആന്റ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് ആലോചിക്കുന്നതായും സൂചനയുണ്ട്.