Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

September 29, 2021, 5:17 am

തട്ടിപ്പുകള്‍ക്ക് വഴിമരുന്നിടുന്ന അത്യാര്‍ത്തി അവസാനിപ്പിക്കണം

Janayugom Online

ഓരോ ഘട്ടത്തിലും പുതുമയുള്ള ഓരോ തട്ടിപ്പുകള്‍ക്ക് കേരളം സാക്ഷ്യംവഹിക്കുകയാണ്. ഒരുനാള്‍ പിടിക്കപ്പെടുമെന്ന യാതൊരാശങ്കയുമില്ലാതെ കാണാക്കാശിനുവേണ്ടി ഈവിധം ഒരുമ്പിടുന്നവര്‍ ഇനിയുമേറെ നിഴലുകള്‍പ്പുറത്തുണ്ടാകാം. ഇത് നാടിന്റെ സംവിധാനപ്പിഴവല്ല. എങ്കിലും ചൂണ്ടുവിരല്‍ അധികാരത്തിലേക്ക് നീട്ടുന്നത് ഒരുതരം കീഴ്‌വഴക്കമായിമാറിയിരിക്കുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണമുള്‍പ്പെടെ കടത്തിക്കൊണ്ടുപോന്ന സംഭവത്തിലടക്കം ഉണ്ടായത് ഈ രാഷ്ട്രീയചുഴലിയാണ്. ഇപ്പോള്‍ വ്യാജ പുരാവസ്തു ഉരുപ്പടി തട്ടിപ്പിന്റെ പേരില്‍ കെപിസിസി അധ്യക്ഷനടക്കം സ്വന്തം കാല്‍ മണ്ണില്‍പ്പൂഴ്‌ത്തിക്കൊണ്ട് ആരോപിക്കുന്നതെല്ലാം സംസ്ഥാന സര്‍ക്കാരിനെന്തോ പങ്കുണ്ടെന്ന പോലെയാണ്. തട്ടിപ്പിന്റെ സിംഹാസനത്തിലിരിക്കുന്ന മോന്‍സന്‍ മാവുങ്കലുമായി കെ സുധാകരനുള്ള അടുപ്പത്തില്‍ മുന്‍ യുഡിഎഫ് കണ്‍വീനര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ പോലും സംശയം പ്രകടിപ്പിക്കുന്നുവെന്നത് പൊതുജനം വീക്ഷിക്കുന്നുമുണ്ട്. സുധാകരന്റെ ജാഗ്രതക്കുറവ് പുരാവസ്തു തട്ടിപ്പ് കേസില്‍ മാത്രമല്ല, പലകാര്യത്തിലും ഉണ്ടെന്നത് കോണ്‍ഗ്രസിലിപ്പോള്‍ അങ്ങാടിപ്പാട്ടാണ്. സ്വര്‍ണക്കടത്തുപോലെ ഇതും രാഷ്ട്രീയ കോണിലേക്ക് തട്ടി, പരസ്പരം വിഴുപ്പലക്കി തട്ടിപ്പുകള്‍ തുടരാന്‍ നിഴലുകള്‍ക്കപ്പുറത്തുള്ളവര്‍ക്ക് അവസരങ്ങളുണ്ടാക്കരുത്.

 


ഇതുകൂടി വായിക്കൂ: മോൺസൺ മാവുങ്കലിന്റെ തട്ടിപ്പ്: സുധാകരന്‍ പത്തു ദിവസം വീട്ടില്‍ താമസിച്ച്‌ ചികില്‍സ നടത്തി; 25 ലക്ഷം കൈമാറിയത് കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തില്‍; മുന്‍ ഡിഐജി സുരേന്ദ്രനെതിരേയും കടുത്ത ആരോപണങ്ങള്‍


 

കൃത്യമായ അന്വേഷണമാണ് വേണ്ടത്. ടിപ്പുവിന്റെ സിംഹാസനം, മോശയുടെ അംശവടി, നബി നമസ്ക്കരിക്കാനുപയോഗിച്ച മരവുരി, ക്രിസ്തുവിനെ ഒറ്റക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളിക്കാശില്‍ രണ്ട് നാണയം, ശബരിമല ശാസ്താക്ഷേത്രമായി ബന്ധപ്പെട്ട ‘ഭൂമിയില്‍ അവശേഷിക്കുന്ന’ ഏക അതിപുരാതന താളിയോല രേഖ… കേള്‍ക്കുമ്പോള്‍ കൗതുകത്തിനേക്കാള്‍ തമാശയായി തോന്നിയേക്കാം. ഇവിടെയാണ് തട്ടിപ്പിനിരയായവരുടെ മനോനില പരിശോധിക്കപ്പെടേണ്ടത്. ഒപ്പം നിന്ന് ചിത്രം പിടിച്ചവരും അത് പങ്കുവച്ചവരും ഇതിനെയെല്ലാം എത്രമാത്രം വിശ്വസിച്ചാണ് മോന്‍സനെ വലിയവനാക്കിയതെന്നും ഓര്‍ക്കണം. സമ്പന്നരും ഇടത്തരക്കാരുമായ ഒരുവിഭാഗം മലയാളികളുടെ പണത്തോടുള്ള അത്യാര്‍ത്തിയാണ് മോന്‍സനെപ്പോലെയുള്ളവരുടെ ഗ്രാഫ് ഉയര്‍ത്തുന്നത്. ചിന്താശേഷിയുടെ വൈകല്യം കൂടിയാണിതെന്നുവേണം കരുതാന്‍. ഉന്നത പൊലീസുദ്യോഗസ്ഥരും സാമൂഹ്യ‑രാഷ്ട്രീയ‑സിനിമാ രംഗങ്ങളിലുള്ളവരുമെല്ലാം തട്ടിപ്പുകാരന്റെ തോള്‍ചേരുന്നതും സിംഹാസനങ്ങളില്‍ അമര്‍ന്നിരുന്ന് ചിരിക്കുന്നതും ഈ വൈകല്യങ്ങളുടെ ലക്ഷണങ്ങളാണ്. മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും മോന്‍സന്റെ ‘പുരാവസ്തുകേന്ദ്രം’ സന്ദര്‍ശിക്കുകയും തട്ടിപ്പ് മണക്കുന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന്റെ വജ്രായുധമായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റി(ഇഡി)ന് കൈമാറുകയും ചെയ്തിരുന്നു. രാഷ്ട്രീയ ലാക്കോടെ അന്വേഷണത്തിനിറങ്ങുന്ന ഇഡി പക്ഷെ ഇക്കാര്യത്തില്‍ ചെറുവിരലനക്കിയില്ല എന്നത് ശ്രദ്ധേയമാണ്.

 


ഇതുകൂടി വായിക്കൂ: സുധാകരൻ ജാഗ്രത പാലിക്കണമായിരുന്നു, മോൻസൺ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിലെ ഇന്ത്യയിലെ കണ്ണിയെന്ന് : ബെന്നി ബെഹ്നാന്‍


 

ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണിപ്പോള്‍ ഈ കുറ്റവാളി. തട്ടിപ്പിന്റെ വിവിധ വശങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളില്‍ നിന്നും മോന്‍സനെതിരെ പരാതികളും ഉയരുന്നു. സാമ്പത്തിക തട്ടിപ്പിനപ്പുറം സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. മോന്‍സന്റെ മ്യൂസിയത്തിലേക്ക് വ്യാജ ഉരുപ്പടികള്‍ സൃഷ്ടിച്ച കലാകാരന്മാര്‍ താജ്മഹല്‍ തീര്‍ത്ത ശില്പിവര്യരെപ്പോലെ പിന്നാമ്പുറത്താണ്. അവര്‍ക്കെല്ലാം തങ്ങളുടെ കഴിവില്‍ അഭിമാനിക്കാന്‍ പോലും വകയില്ലാതെ അപമാനിതരായി സമൂഹത്തിനുമുന്നില്‍ മറഞ്ഞിരിക്കേണ്ടിവന്നിരിക്കുന്നു. കലാകാരന്മാരോടുപോലും ഈ തട്ടിപ്പുവീരന്‍ കാണിച്ചത് കൊടും വഞ്ചനയാണ്. പുറത്തുവരാത്തവിധം തുറങ്കിലടയ്ക്കപ്പെടേണ്ട കുറ്റകൃത്യമായി ഇത്തരം തട്ടിപ്പുകളെയും വഞ്ചനയെയും നീതിന്യായ കോടതികള്‍ കാണണം. ഒപ്പം പണത്തിനും പകിട്ടിനും വേണ്ടി ചിന്തിക്കാതെയും അന്വേഷിക്കാതെയും ഇത്തരം തട്ടിപ്പുകാരെ വളര്‍ത്തുന്ന സാമൂഹിക അവസ്ഥയും മാറണം. തട്ടിപ്പുകള്‍ക്ക് ഇരയാവരും ഇരയാവുമെന്നറിഞ്ഞിട്ടും പണമിറക്കുന്നവരും സ്വയം തിരുത്തലുകള്‍ക്ക് മുതിരുന്നതാണ് ഇങ്ങനെയുള്ള കുറ്റവാളികളെ ഇല്ലായ്മ ചെയ്യാനുള്ള ഏക പോംവഴി. പണത്തിനോടുള്ള അത്യാര്‍ത്തി അവസാനിപ്പിച്ച് സ്വയം സാംശീകരിക്കാനും തയാറാവണം.