വിവാഹത്തിൽ സ്ത്രീധനം ലഭിച്ച അഞ്ച് ലക്ഷം രൂപ വിവാഹ ആഘോഷങ്ങൾക്ക് ശേഷം വധുവിൻറെ വീട്ടുകാർക്ക് തന്നെ തിരികെ നൽകി 30 കാരനായ വരൻ. രാജസ്ഥാനിലാണ് സംഭവം. ഫെബ്രുവരി 14നാണ് സിവിൽ സർവീസ് ഉദ്യോഗാർത്ഥിയായ പരംവീർ റാത്തോർ കരാലിയ എന്ന ചെറു ഗ്രാമത്തിൽ വച്ച് നിഖിത ഭാട്ടി എന്ന പെൺകുട്ടിയെ വിവാഹം ചെയ്തത്. കുതിരപ്പുറത്തായിരുന്നു റാത്തോർ വിവാഹ വേദിയിലെത്തിയത്. ധോലുകളടക്കമുള്ള വിപുലമായ ആഘോഷങ്ങളോടെ ഗംഭീര സ്വീകരമാണ് വധുവിൻറെ വീട്ടുകാർ റാത്തോറിന് നൽകിയത്.
ഒരു ചുവന്ന തുണിയിൽ പൊതിഞ്ഞ പ്ലേറ്റിൽ വരന് നൽകാനായി കൊണ്ടുവന്ന് 5,51,000 രൂപയായിരുന്നു എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്. ” അവർ എനിക്ക് പണം നൽകി സ്വീകരിച്ചപ്പോൾ ഇപ്പോഴും സമൂഹത്തിൽ സ്ത്രീധനം പോലെയുള്ള ആചാരങ്ങൾ നിലനിൽക്കുന്നതോർത്ത് വിഷമം തോന്നി. പെട്ടന്ന അത് നിരസിക്കാൻ കഴിയാത്തതിനാൽ എനിക്ക് ചടങ്ങുകളുമായി മുന്നോട്ട് പോകേണ്ടി വന്നു. എൻറെ അച്ഛനോടും മറ്റ് കുടുംബാംഗങ്ങളോടും സംസാരിക്കുകയും ആ പണം തിരികെ നൽകണമെന്ന് അവരോട് പറയുകയും ചെയ്തു”വെന്നും റാത്തോർ പറഞ്ഞു.
ഞാൻ ഒരുപ സിവിൽ സർവീസ് ഉദ്യോഗാർത്ഥിയാണ്. ഞാൻ ഒരുപാട് പഠിച്ചിട്ടുണ്ട്. അതിനാൽ വിദ്യാസമ്പന്നരായ ആളുകൾക്ക് മാറ്റം കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്കാണ് കഴിയുക എന്ന് എനിക്ക് തോന്നി. നാം എപ്പോഴും സമൂഹത്തിന് മാതൃകയാകണം. എൻറെ മാതാപിതാക്കൾ എന്നെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തു. എനിക്കും ഒരു സഹോദരിയുള്ളതാണ്. ഇത്തരം ദുഷ്പ്രവണതകൾക്ക് അറുതി വരുത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നാം എപ്രകാരമാണ് സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.