23 April 2024, Tuesday

Related news

November 11, 2022
October 5, 2022
January 25, 2022
December 27, 2021
December 15, 2021
October 15, 2021
October 13, 2021
October 8, 2021

കുരുന്ന് മനസുകളിൽ ആദ്യാക്ഷരം എഴുതി കൊടുത്തിരുന്ന നിലത്തെഴുത്ത് കളരികൾ അന്യമാകുന്നു

Janayugom Webdesk
മാന്നാര്‍
October 15, 2021 7:51 pm

കുരുന്നു മനസുകളിൽ ആദ്യാക്ഷരം എഴുതി കൊടുത്തിരുന്ന നിലത്തെഴുത്ത് കളരികൾ അന്യമാകുന്നു. ഒപ്പം എഴുത്താശാൻ മാരുടെ ജീവിതവും, മലയാള മണ്ണിന്റെ അക്ഷര സ്വപനങ്ങളായിരുന്ന എഴുത്തോലയും, നാരായവും ഓർമ്മയിലായി.

ഒരു കാലത്ത് നാട്ടിൽ പുറങ്ങളിലെ സർവകലാശാലകളായിരുന്നു നിലത്തെഴുത്ത് കളരികൾ. പണ്ട് പ്രഭാതങ്ങളിലും, സായാഹ്നങ്ങളിലും എഴുത്തോലയും പിടിച്ചു കൊണ്ടു പോകുന്ന കുരുന്നുകൾ പതിവുകാഴ്ചയായിരുന്നു. മേലോട്ടു നോക്കിയാൽ ആ കാശത്തിന്റെ ചിത്രങ്ങൾ കാട്ടുന്ന പൊടിഞ്ഞ മേൽക്കൂരയും, ഏവർക്കും സ്വാഗതമെന്ന മട്ടിൽ തുറന്നു കിടക്കുന്ന കതകില്ലാത്ത വാതിലുകൾ, കുഴിയാനകൾ ചിത്രരചന നടത്തുന്ന മൺ തറകൾ ഈ രൂപത്തിലുള്ള കൊച്ചു കുടിലുകളിലായിരുന്നു പണ്ട് കാലത്ത് നിലത്തെഴുത്ത് അഭ്യസിച്ചിരുന്നത്.

നാട്ടിൻ പുറങ്ങളിലെ സർവ്വകലാശാലകളായിരുന്ന ഇവിടെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചിരുന്നത് ആശാൻമാരും, ആശാട്ടിമാരുമായിരുന്നു. പണ്ട് പനയോലയിലാണ് ആശാൻമാർ നാരായം കൊണ്ട് അക്ഷരം എഴുതി കൊടുത്തിരുന്നത്. കുട്ടികളെ കൊണ്ട് അക്ഷരം എഴുതിക്കുന്നതാകട്ടെ മണലിലും. നെയ്തെടുത്ത തഴപ്പായിൽ തുമ്പിലിരിക്കുന്ന പനയോലത്താളുകളിൽ നാരായമുനയിൽ പതിച്ചിരുന്ന അക്ഷരങ്ങൾ മുന്നിൽ നിരത്തിയ മണൽ തുരുത്തിൽ കുട്ടികൾ പകർത്തി എഴുതിയിരുന്നത്. മണ്ണിൽ ചൂണ്ടുവിരൽ കൊണ്ടെഴുതുമ്പോൾ കുട്ടികൾക്ക് അക്ഷരത്തെ തൊട്ടറിയുന്ന പ്രതിയൊന്ന് തലച്ചോറിലുണ്ടാകുന്നതെന്ന് ആശാൻമാർ പറയുന്നത്. മണ്ണിലെഴുതി തഴക്കം വരുമ്പോൾ ഓലയിൽ നാരായം കൊണ്ട് എഴുതിക്കും. കരിയും, തുമ്പയുടെ ഇലയും ചാലിച്ച് ഓലയിൽ ഉരയ്ക്കുമ്പോൾ എഴുതിയ അക്ഷരങ്ങൾ തെളിഞ്ഞു വരും. എഴുത്തുപുരകളിൽ ആരും തിരിഞ്ഞു നോക്കാത്തവസ്ഥയായതോടെ പിഞ്ചുമനസുകളിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു പോന്ന നിലത്തെഴുത്ത് കളരികൾ അന്യമായി.

പഴയ പ്രതാപം നഷ്ടപ്പെട്ടെങ്കിലും കുട്ടികളെ മണ്ണിൽ എഴുതി അക്ഷരങ്ങൾ പഠിപ്പിക്കുന്ന പാരമ്പര്യ നിലത്തെഴുത്ത് കളരി മാന്നാറിലുണ്ട്. ഒമ്പതാം വാർഡിൽ കുട്ടംപേരൂർ കലാഭവനിൽ പരേതനായ ഭാസ്കരന്റെ പത്നി സാവിത്രിയുടെ ആശാൻ പള്ളിക്കൂടം. ഭർത്താവ് മരണപ്പെട്ടതോടെ മറ്റു വരുമാനങ്ങളില്ലാത്തതിനാൽ മാതാവിന്റെ പാത തിരഞ്ഞെടുക്കുകയായിരുന്നു. നൂറുകണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ മാന്നാർ കുട്ടംപോരുർ വാലുപുരയിടത്തിൽ ചന്ദ്രമതി അമ്മ (90) വാർധക്യത്തിന്റെ അവശതകൾ കാരണം മകൾ സാവിത്രിക്ക് പകർന്നു നൽകിയതാണ് ഈ പാരമ്പര്യ നിലത്തെഴുത്ത് തൊഴിൽ. പണ്ടുകാലത്ത് നാല്പതോളം കുട്ടികളെ ഒരുമിച്ചിരുത്തി അദ്ധ്യാക്ഷരങ്ങൾ പകർന്നു നൽകിയിരുന്നെങ്കിൽ ഇന്ന് അത് അത് അഞ്ചു കുട്ടികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.

ആദ്യാക്ഷരങ്ങൾ കുറിക്കുന്നത് മണൽ വിരിച്ച് വിരൽ കൊണ്ട് ആണെങ്കിലും പിന്നീട് ബുക്കിൽ പെൻസിൽ കൊണ്ട് എഴുതിപ്പിക്കുകയാണ് ഇപ്പോഴത്തെ രീതി. നിലത്തെഴുത്ത് കളരികൾ ഇന്ന് അങ്കണവാടികളായും എൽ കെ ജികളുമായി മാറിയതേടെ എഴുത്തോലയും, നാരായും നിലത്തെഴുത്താശാൻമാരും ആശാട്ടിമാരും കാഴ്ചവസ്തുക്കളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.