Web Desk

നെടുങ്കണ്ടം

June 10, 2020, 6:05 pm

ബോട്ടിൽ ആർട്ടിൽ മിടുക്ക് തെളിയിച്ച് തൂക്കുപാലംകാരി കൊച്ചുമിടുക്കി

Janayugom Online

കഥാപ്രസംഗത്തിലും മാപ്പിള പാട്ടിലും മാത്രമല്ല, ബോട്ടില്‍ ആര്‍ട്ടിലും താരമാണ് തുക്കു പാലം സ്വദേശിനിയായ കൊച്ചു മിടുക്കി. ലോക് ഡൗണ്‍ കാലത്ത്ആകർഷകങ്ങളായ നൂറിലധികം ബോട്ടിൽ ആർട്ടുകളാണ്  ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ നിസരിയ നിർമ്മിച്ചിരിക്കുന്നത്. കുപ്പികളില്‍ ഒരുക്കിയ വര്‍ണ്ണ വിസ്മയങ്ങള്‍ അത്ഭുത കാഴ്ചയായി മാറിയിരിക്കുകയാണ്. ബോട്ടിലുകളില്‍ കൊറോണയ്‌ക്കെതിരെ ജാഗ്രത പാലിയ്ക്കുവാനുള്ള സന്ദേശം ഉള്‍പ്പടെ മനോഹരമായ ചിത്രങ്ങളും ഫാത്തിമ വരച്ച് ചേര്‍ക്കുന്നു. മുത്തുകളും വിവിധ നിത്യോപയോഗ വസ്തുക്കളും കുപ്പികളോട് ചേര്‍ത്ത് ഈ രംഗത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിയ്ക്കുകയാണ് ഫാത്തിമ നിസരിയ. തൂക്കുപാലം വെള്ളൂപ്പറമ്പില്‍ നിസാര്‍— സഫിയാ ദമ്പതികളുടെ മകളായ ഫാത്തിമ നിസരിയ കല്ലാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുപ്പികളില്‍ നിറങ്ങള്‍ പകരുന്നതിനൊപ്പം മനോഹരമായ ചിത്രങ്ങളും വരച്ച് ചേര്‍ത്ത് ബോട്ടില്‍ അതി മനോഹരമാക്കി മാറ്റും.

ലോക് ഡൗണ്‍ കാലത്ത് യു ട്യൂബ് വീഡിയോകളില്‍ ആകൃഷ്ടയായാണ് ബോട്ടില്‍ ആര്‍ട് രംഗത്തേയ്ക്ക് ഫാത്തിമ എത്തുന്നത്.കുറഞ്ഞ ദിവസത്തിനുള്ളിൽ നൂറിലധികം കുപ്പികളില്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കാന്‍ ഈ മിടുക്കിയ്ക്ക് സാധിച്ചു. ആവശ്യമായ ചായകൂട്ടുകൾ പരമാവധി സ്വന്തമായാണ് ഫാത്തിമ തയ്യാറാക്കുന്നത്. പൗഡറും അരിപ്പൊടിയുമൊക്കെ നിറങ്ങളുമായി ചാലിച്ച് ചായകുടുകൾ നിർമ്മിക്കുന്നു. അതിമനോഹരമായി തയ്യാറാക്കിയിരിക്കുന്ന കുപ്പികള്‍ തേടി നിരവധി ആളുകളും ഇപ്പോള്‍ എത്തുന്നുണ്ട്. ബോട്ടില്‍ ആര്‍ടില്‍ ഫാത്തിമ പുലര്‍ത്തുന്ന വൈവിധ്യമാണ് ഈ മിടുക്കിയെ വ്യത്യസ്ഥയാക്കുന്നത്.

ഓരോ കുപ്പിയിലും വ്യത്യസ്ഥ പുലര്‍ത്താനും ഫാത്തിമ ശ്രമിയ്ക്കുന്നു. കുട്ടിക്കാലം മുതല്‍ കലാ രംഗത്തും സജീവമാണ്  ഫാത്തിമ നിസരിയ. കഥാപ്രസംഗത്തിലും മാപ്പിള പാട്ടിലും ചിത്ര രചനയിലുമൊക്കെ തന്റെ മികവ് തെളിയിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കി. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് കഥാപ്രസംഗത്തില്‍ ഒന്നാം സ്ഥാനവും ഫാത്തിമ നേടിയെടുത്തു. ലോക് ഡൗണില് വീണ് കിട്ടിയ ഒഴിവ് സമയത്ത് ഒരു കലാരംഗത്ത് കൂടി മികവ് തെളിയിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് ഈ മിടുക്കി.

Eng­lish sum­ma­ry; The hang­ing bridge was made to look good on the bot­tle art

you may also like this video;