October 1, 2022 Saturday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 25, 2022
September 24, 2022
September 23, 2022

കേരളത്തിന്റെ ആരോഗ്യപെരുമ പിന്നെയും അതിര്‍ത്തി കടന്നു

സ്വന്തം ലേഖകൻ
കൊച്ചി
May 23, 2020 4:20 pm

പ്രാഥമിക ആരോഗ്യരംഗത്തെ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ ലോകം വിസ്മയത്തോടെ നോക്കികാണുന്നതിനിടെ ആധുനിക ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സംസ്ഥാനത്തിനുള്ള മികവും വീണ്ടും ശ്രദ്ധേയമാകുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ് ആഗോള വിമാന സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുമ്പോള്‍ കൊച്ചിയില്‍ നിന്ന് തന്റെ നാടായ ശ്രീലങ്കയിലേയ്ക്ക് പറക്കാന്‍ കാത്തിരിക്കുന്ന മുഹമ്മദ് ഫയാസ് മൊഹിദീന്റെ പുഞ്ചിരി അത്തരത്തിലൊന്നാണ് . കൊളംബോയിലെ ഒരു വിനോദസഞ്ചാര കമ്പനിയില്‍ ജോലിക്കാരനായ ഈ 46‑കാരന് ഒരു വര്‍ഷം മുമ്പാണ് ഗുരുതരമായ കരള്‍രോഗം പിടിപെട്ടത്.

ശ്രീലങ്കയില്‍ ലഭ്യമല്ലാത്ത ചികിത്സയാണ് അവിടുത്തെ ഡോക്ടര്‍ ഫയാസിന് ഉപദേശിച്ചത് — ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ കരള്‍ മാറ്റിവെച്ചില്ലെങ്കില്‍ ഫയാസിന്റെ ജീവന്‍ അപകടത്തിലാവും. അങ്ങനെ 2019 നവംബറിലാണ് ഫയാസ് ആദ്യമായി കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലെത്തി അവിടുത്തെ കോംപ്രിഹെന്‍സീവ് ലിവര്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ഡോ. അഭിഷേക് യാദവിനെ കണ്ടത്.

വിദഗ്ധ പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ ഫയാസ് ഒന്നുറപ്പിച്ചു — ശസ്ത്രക്രിയ ഇവിടെത്തന്നെ. തുടര്‍ന്ന് അതിനുള്ള ഒരുക്കങ്ങള്‍ക്കും ദാതാവിനെ കണ്ടെത്തുന്നതിനുമായി ഫയാസ് ശ്രീലങ്കയിലേയ്ക്കു തിരിച്ചു പോയി. പരിശോധനകള്‍ക്കു ശേഷം ഏറ്റവും അനുയോജ്യമായ ദാതാവായി ബിരുദവിദ്യാര്‍ത്ഥിനിയായ മകള്‍ ഫാത്തിമ ഹസ്ബത് മൊഹിദ്ദീനെത്തന്നെ കണ്ടെത്തി.

എന്നാല്‍ ശസ്ത്രക്രിക്കായി കൊച്ചിയിലേക്ക് പറക്കാന്‍ ഒരുങ്ങുമ്പോഴാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. അങ്ങനെ അവസാനനിമിഷം വരെ നെട്ടോടമോടി വിസയും വിമാനട്ടിക്കറ്റുകളും സംഘടിപ്പിച്ച നാലംഗ കുടുംബം കൊച്ചിയിലെത്തിയത് കൊളംബോയില്‍ നിന്ന് ലോക്ഡൗണിനു മുമ്പ് ഏറ്റവും അവസാനം — മാര്‍ച്ച് 19‑ന് — കൊച്ചിയിലെത്തിയ ഫ്‌ളൈറ്റില്‍! സര്‍ക്കാര്‍ ചട്ടമനുസരിച്ച് ഫയാസിനേയും കുടുംബാംഗങ്ങളേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു ആദ്യം ചെയ്തത്.

ഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയെങ്കിലും ആവശ്യമായ ക്വാറന്റീനും കഴിഞ്ഞ ശേഷം മെയ് 4‑നാണ് ശസ്ത്രക്രിയ നടന്നത്. തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്ത അദ്ദേഹത്തെ മെയ് 18‑ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കൊളംബോയ്ക്ക് തിരിച്ചു പോകാനായി വിമാനസര്‍വീസ് വീണ്ടും ആരംഭിക്കാന്‍ കാത്തിരിക്കുകയാണ് ഫയാസ്. ഇതിനിടെ അദ്ദേഹത്തിന്റെ ജന്മദിനവും വിപിഎസ് ലേക്ക്‌ഷോറില്‍ ആഘോഷിച്ചു.

‘ശസ്ത്രക്രിയയ്ക്കിടെ ഒരു ചെറിയ ഭാഗം രക്തധമനിയുടെ ആവശ്യവും നേരിട്ടു. പത്തു ദിവസം മുമ്പ് തിരുവനന്തപുരത്ത് അപകടത്തില്‍പ്പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച ആളുടെ ശരീരത്തില്‍ നിന്നെടുത്ത ഒരു ചെറിയ ഭാഗം രക്തധമനിയും അങ്ങനെ മുഹമ്മദ് ഫയാസിന്റെ ശരീരത്തിന്റെ ഭാഗമായി,’ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. അഭിഷേക് യാദവ് പറഞ്ഞു.

ലോക്ഡൗണില്‍ വിപിഎസ് ലേക്ക്‌ഷോറില്‍ നടന്ന ആറ് കരള്‍മാറ്റ ശസ്ത്രക്രിയകളില്‍ ഒന്നായിരുന്നു ഫയാസിന്റേതെന്ന് ആശുപത്രി സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു. മുന്‍പരിചയമില്ലാത്ത വിധം വന്ന കോവിഡിന്റെ പിടിയില്‍പ്പെട്ട് ലോകം നിശ്ചലമായെങ്കിലും ലോക്ഡൗണ്‍ കാലത്തും ആധുനിക ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നതും അവ അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ക്കും ലഭ്യമാക്കാനാവുമെന്നതിന്റേയും തെളിവാണ് തനിക്ക് കേരളത്തില്‍ ലഭിച്ച ഈ ചികിത്സാസൗകര്യമെന്ന് ഫയാസ് പറഞ്ഞു.

Eng­lish sum­ma­ry;The Ker­ala mod­el has again crossed the line

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.