14 July 2025, Monday
KSFE Galaxy Chits Banner 2

Related news

July 12, 2025
July 10, 2025
July 9, 2025
July 7, 2025
July 4, 2025
July 3, 2025
July 3, 2025
July 3, 2025
July 3, 2025
July 3, 2025

നോക്കുകുത്തിയായ ഹൈക്കമാൻഡ്

കെ രംഗനാഥ്
ന്യൂഡല്‍ഹി
May 31, 2025 10:39 pm

കോണ്‍ഗ്രസിന്റെ അത്യുന്നതാധികാര സമിതിയായ ഹെെക്കമാന്‍ഡ് പരിഹാസ്യമായ ഒരു നോക്കുകുത്തിയായി മാറി. തങ്ങളെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തകസമിതി അംഗങ്ങളെ അടക്കിനിര്‍ത്താന്‍ പോലുമാകാതെ നട്ടംതിരിയുന്ന ദേശീയനേതൃത്വം. ദേശീയനേതാക്കള്‍ തന്നെ പരസ്പരം കടിച്ചുകീറുന്ന ദയനീയാവസ്ഥ. പ്രവര്‍ത്തകസമിതി അംഗവും സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍ പറയുന്നത് ഇതൊക്കെ കോണ്‍ഗ്രസ് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന്.

ആവിര്‍ഭാവകാലം മുതല്‍തന്നെ കോണ്‍ഗ്രസില്‍ ദേശീയ നേതൃത്വത്തിലെ കലഹങ്ങള്‍ സ്ഥിരം പരിപാടിയായിരുന്നു. എങ്കിലും നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുകയും ചവിട്ടിത്തേക്കുകയും ചെയ്യുന്ന പ്രവണത അനുദിനം വര്‍ധിച്ചുവരുന്നതില്‍ ഹെെക്കമാന്‍ഡിന് നിസംഗഭാവം. നേതൃത്വത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശിതരൂര്‍ മത്സരിച്ചതോടെ തുടങ്ങിയതാണ് ഹെെക്കമാന്‍ഡിനെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള നേതൃത്വത്തിലെ കലാപവും കൂട്ടപ്പൊരിച്ചിലും. മത്സരത്തില്‍ തോറ്റ തരൂരിനെ പ്രവര്‍ത്തകസമിതി അംഗമാക്കിയതോടെ ഹെെക്കമാന്‍ഡ് ഈ കലാപത്തിന് വളമിട്ടു കൊടുക്കുകയായിരുന്നു.
പ്രഖ്യാപിത നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് ശശി തരൂര്‍ തന്നെ മോഡി ഭക്തിയുടെ കുപ്പായമണിയുന്നതാണ് പിന്നീട് കണ്ടത്. ഉക്രെയ്ന്‍ യുദ്ധത്തില്‍ മോഡി ഇടപെട്ട് ശാശ്വതസമാധാനം ഉറപ്പാക്കിയെന്ന് തരൂര്‍ പറയുന്നതിനിടെയാണ് രണ്ടുദിവസം മുമ്പ് ഉക്രെയ്‌നില്‍ റഷ്യയുടെ കിരാത ആക്രമണമുണ്ടായത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പ്രത്യാക്രമണമായി ഇന്ത്യ നടത്തിയ മിസെെല്‍ ആക്രമണങ്ങളെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിജയമായി തരൂര്‍ വാഴ്ത്തുന്നു. അതേസമയം 1965ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി നയിച്ച യുദ്ധവിജയത്തെ അത് ‘അന്തകാലം’ എന്നുപറഞ്ഞ് ഇകഴ്ത്തുന്നു. പാകിസ്ഥാനെ രണ്ടായി വെട്ടിമുറിച്ച് ബംഗ്ലാദേശിനെ മോചിപ്പിച്ച ഇന്ദിരാഗാന്ധിക്കു മുന്നില്‍ 93,000 പാക് പട്ടാളക്കാര്‍ ജനറല്‍ നിയാസിയുടെ നേതൃത്വത്തില്‍ ആയുധംവച്ച് കീഴടങ്ങിയ ഐതിഹാസിക യുദ്ധവിജയത്തെയും തരൂര്‍ പുച്ഛിച്ചു തള്ളുന്നു. ആ യുദ്ധങ്ങളുടെ കാലമല്ല മോഡിയുടെ യുദ്ധവിജയക്കാലമെന്ന് മഹത്വവല്‍ക്കരിക്കുന്നു.
ഈയിടെ നടന്ന ഇന്ത്യന്‍ പ്രത്യാക്രമണത്തെക്കുറിച്ച് വിശദീകരിക്കാന്‍ അയച്ച എംപിമാരുടെ ഒരു സംഘത്തിന്റെ നേതാവായാണ് തരൂരിന്റെ ഈ വാഗ്‌വിലാസമത്രയും. മോഡി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയോ, ബിജെപിയുടെ സൂപ്പര്‍ വക്താവോ ആക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് ദേശീയ നേതാവായ ഉദിത് രാജ് പരിഹസിച്ചപ്പോള്‍ ഇതിനെ പിന്തുണച്ച് ഹെെക്കമാന്‍ഡിലെ ജയ്റാം രമേശും പവന്‍ ഖേരയും പരസ്യവിമര്‍ശനം നടത്തിയിട്ടും ഹെെക്കമാന്‍ഡ് മൗനത്തില്‍.

സാധാരണ നേരേചൊവ്വേ വര്‍ത്തമാനം പറയുന്നയാളാണ് കോണ്‍ഗ്രസ് വക്താവായ സല്‍മാന്‍ ഖുര്‍ഷിദ്. വിദേശപര്യടന സംഘത്തില്‍ അംഗമായ അദ്ദേഹം പറയുന്നത് ഭരണഘടനയിലെ 370 അനുച്ഛേദം എടുത്തുകളഞ്ഞ ശേഷം ജമ്മു കശ്മീരില്‍ സമാധാനം കളിയാടുന്നുവെന്നാണ്. 370 എടുത്തുകളഞ്ഞതിനെതിരെ പ്രചണ്ഡമായ പോരാട്ടം നടത്തിയ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. പഹല്‍ഗാം ഭീകരാക്രമണം നടന്നത് സമാധാനം തത്തിക്കളിക്കുന്ന ജമ്മു കശ്മീരിലാണ്. പ്രതിദിനം ശരാശരി 10 ഏറ്റുമുട്ടലുകളെങ്കിലും ഇപ്പോഴും അവിടെ നടക്കുന്നു. ഭീകരവാഴ്ചയില്‍ ടൂറിസം തകര്‍ന്നു. എന്നിട്ടും ഖുര്‍ദിന് ഇപ്പോഴും കശ്മീര്‍ ഒരു ശാന്തിഭൂമി. ഇതിനെക്കുറിച്ചും ഹെെക്കമാന്‍ഡിന് മിണ്ടാട്ടമില്ല.

തീയാളുന്ന മണിപ്പൂരില്‍ മരവിപ്പിച്ച നിയമസഭ പുനരുജ്ജീവിപ്പിക്കാനും മന്ത്രിസഭയുണ്ടാക്കാനും ശ്രമിക്കുന്ന ബിജെപി‍ക്കെതിരെ ഒരു വാക്കുരിയാടാന്‍ പോലും ഹെെക്കമാന്‍ഡിന് ത്രാണിയില്ലാതായിരിക്കുന്നു. എന്തിന് പി വി അന്‍വര്‍ എന്ന നാലാംകിട തരികിട രാഷ്ട്രീയക്കാരന്‍ കേരളത്തിലെ കോണ്‍ഗ്രസിനെ എടുത്തിട്ടലക്കുമ്പോഴും അതിലൊന്നും ഇടപെടാന്‍ പോലുമാകാതെ ‘മിണ്ടാട്ടമില്ല മൃതരോ ഇവരെന്നു തോന്നും’ എന്ന മട്ടിലായി ഹെെക്കമാന്‍ഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.