March 23, 2023 Thursday

Related news

March 20, 2023
March 18, 2023
February 22, 2023
February 18, 2023
February 10, 2023
February 6, 2023
February 1, 2023
January 30, 2023
January 28, 2023
January 25, 2023

ശമ്പളം പിടിക്കൽ; ഓർഡിനൻസിന് സ്റ്റേ ഇല്ല

Janayugom Webdesk
കൊച്ചി:
May 5, 2020 3:00 pm

അടിയന്തര സാഹചര്യങ്ങളിൽ സർക്കാർ ജീവനക്കാരുടെ ശമ്പള വിഹിതം പിടിച്ചുവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ഓർഡിനൻസിന് സ്റ്റേയില്ല. ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ ഉണ്ടാകുന്ന പക്ഷം ശമ്പളം പിടിച്ചുവയ്ക്കാൻ അനുമതി നൽകുന്ന കേരള ഡിസാസ്റ്റർ ആന്റ് പബ്ലിക് ഹെൽത്ത് എമർജൻസി (സ്പെഷൽ പ്രൊവിഷൻസ്) ഓർഡിനൻസ് 2020 റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സ്റ്റേ ആവശ്യം നിരസിച്ചത്. ഓർഡിനൻസിന്റെ പശ്ചാത്തലത്തിൽ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം വീതം പിടിച്ചുവയ്ക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യവും നഴ്സുമാരടക്കം ആരോഗ്യ പ്രവർത്തകരെ വിജ്ഞാപന പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി.

ഓർഡിനൻസ് കൊണ്ടു വരാനുള്ള അധികാരം സർക്കാരിനുണ്ടെന്നും തിരിച്ചു നൽകാമെന്ന ഉറപ്പിൽ തൽക്കാലം പിടിച്ചുവയ്ക്കുന്നുവെന്നല്ലാതെ ശമ്പളം പിടിച്ചെടുക്കാനുള്ളതല്ല ഓർഡിനൻസെന്നും വിലയിരുത്തിയാണ് ഇടക്കാല ഉത്തരവ്. ഹർജികൾ കൂടുതൽ വാദത്തിനായി ജൂൺ രണ്ടാം വാരത്തിലേക്ക് മാറ്റി. സംസ്ഥാനം രൂപംകൊണ്ട ശേഷം ഇതുവരെ നേരിടാത്ത തരത്തിലുള്ള അസാധാരണ സാഹചര്യം മറികടക്കാൻ എല്ലാവരിൽ നിന്നും അസാധാരണ നടപടികൾ ആവശ്യമാണെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ വാദം. ഈ സാഹചര്യം നേരിടാനാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നും എ ജി ചൂണ്ടിക്കാട്ടി. ദുരന്തങ്ങളുണ്ടാകുമ്പോഴും പൊതുആരോഗ്യം അപകടത്തിലായ അനിവാര്യ ഘട്ടങ്ങളിലും അസാധാരണ സാഹചര്യം നേരിടാൻ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മടക്കി നൽകുമെന്ന ഉറപ്പിൽ ശമ്പളം പിടിച്ചുവയ്ക്കുന്ന നടപടി നിയമപരമായി നടപ്പാക്കുകയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെന്ന് കോടതിയും വിലയിരുത്തി. ദുരന്തങ്ങളും ആരോഗ്യപരമായ അടിയന്തരാവസ്ഥയും ഉള്ളപ്പോഴാണ് ഈ ഓർഡിനൻസ് ബാധകമാവുക. പണം തിരിച്ചുനൽകുന്നത് സംബന്ധിച്ച് ആറ് മാസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊതുജന ആരോഗ്യം, പൊതുസേവനം, സാമ്പത്തിക, സാമൂഹിക ഭദ്രത, സാമൂഹിക സുരക്ഷ, പകർച്ചവ്യാധി നിയന്ത്രണം തുടങ്ങിയവ കണക്കിലെടുത്ത് ഭരണഘടനാനുസൃതമായി തയാറാക്കിയതാണ് ഓർഡിനൻസ്.

നിയമപരമായിരിക്കണമെന്ന ഉപാധി പാലിച്ച് സംസ്ഥാന സർക്കാരിന് ഇതിനുള്ള അധികാരം നൽകുന്നതാണ് ഭരണഘടനയുടെ 300ാം അനുഛേദം. അതിനാൽ, ഓർഡിനൻസ് നീതീകരണമില്ലാത്തതാണെന്ന് പറയാനാവില്ല. ഓർഡിനൻസ് കൊണ്ടുവരാനുള്ള നിയമ നിർമ്മാണ സഭയുടെ ഈ അധികാരത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എൻജിഒ അസോസിയേഷൻ, എൻജിഒ സംഘ് എന്നീ സംഘടനകളാണ് ഹർജി നൽകിയത്. ഓർഡിനൻസും ഇതേതുടർന്നുണ്ടായ വിജ്ഞാപനവും ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ശമ്പളത്തിൽ 25 ശതമാനത്തോളം തുക കുറവ് വരുന്നത് പല ജീവനക്കാരുടെയും ജീവിതം അവതാളത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യ പ്രവർത്തകർ നടത്തുന്ന നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെങ്കിലും അവരെ കൂടി ഉൾപ്പെടുത്തിയെന്ന കാരണത്താൽ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

സർക്കാർ ജീവനക്കാരിൽ നിന്നു പിടിക്കുന്ന തുക നിലവിലെ കോവിഡ് ഭീഷണിയെ തുടർന്നുള്ള സാഹചര്യം കൈകാര്യം ചെയ്യാനാണ് ഉപയോഗിക്കുകയെന്ന സർക്കാരിന്റെ വാദം കോടതി രേഖപ്പെടുത്തി. തുക മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഏപ്രിൽ 23 ന് സർക്കാർ ഇറക്കിയ ഉത്തരവിന് നിയമപരമായ പിൻബലമില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് ഏപ്രിൽ 30ന് സർക്കാർ ഇത് സംബന്ധിച്ച ഓർഡിനൻസ് കൊണ്ടുവന്നത്.

വിധിയിൽ സന്തോഷം: ധനമന്ത്രി

ശമ്പള ഓർഡിനൻസ് നിയമാനുസൃതമാണെന്ന ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് ധനമന്ത്രി തോമസ് ഐസക്. മറിച്ചൊരു വിധിയുണ്ടാകുമെന്ന് കരുതിയിരുന്നില്ല. എങ്ങനെയൊക്കെ കുത്തിത്തിരിപ്പുണ്ടാക്കാൻ പറ്റുമോ, എങ്ങനെയൊക്കെ കോവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടാക്കാൻ പറ്റുമോ അതൊക്കെയാണ് ഒരു പറ്റം രാഷ്ട്രീയക്കാർ ഇപ്പോൾ ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവർ ഇതിൽ നിന്ന് പിൻമാറണമെന്നും മന്ത്രി പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുമെന്നതിൽ സംശയമില്ല. എന്നാൽ പോരാട്ടം തുടരുക തന്നെയാണ്. കേരളം ഒറ്റക്കെട്ടായി ഈ സാഹചര്യത്തെ പ്രതിരോധിക്കുന്നതിന് പകരം എന്തൊക്കെ ഭിന്നിപ്പുണ്ടാക്കാൻ പറ്റുമെന്ന് അന്വേഷിക്കുന്നത് കാലത്തിന് ചേർന്ന രാഷ്ടീയപ്രവർത്തനമല്ല. ഇവിടെ കേസിന് അപ്പീൽ കൊടുക്കാൻ പോയവർ ചെയ്തത് ഇതാണെന്നും ഐസക് പറഞ്ഞു.

ENGLISH SUMMARY: the high court has approved the salary ordi­nance of the government

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.