23 April 2024, Tuesday

Related news

March 6, 2024
August 4, 2023
May 27, 2023
May 22, 2023
February 1, 2023
January 31, 2023
January 4, 2023
December 15, 2022
December 15, 2022
December 13, 2022

കണ്ണൂർ വിസി: പുനര്‍നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

Janayugom Webdesk
കൊച്ചി/തിരുവനന്തപുരം
December 15, 2021 10:32 pm

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പ്രാെഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം. വിസിയുടെ പുനർനിയമനത്തിന് എതിരായി സമർപ്പിച്ച ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെ ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ച് തള്ളി. പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വിസിയുടെ പുനർനിയമനത്തിൽ സെർച്ച് കമ്മിറ്റിയുടെ ആവശ്യമില്ലെന്നും പ്രായം കവിഞ്ഞുവെന്ന വാദത്തിന് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. നിയമനവും പുനർനിയമനവും രണ്ടാണെന്ന് വ്യക്തമാക്കിയ കോടതി 2017 ൽ നിയമനം നൽകുമ്പോൾ യുജിസിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുള്ളതായി നിരീക്ഷിച്ചു. അതുകൊണ്ട് വിസിയുടെ പുനർനിയമനത്തിന് മറ്റൊരു സെലക്ഷൻ കമ്മിറ്റിയുടെ ആവശ്യമില്ല. യുജിസി പറയുന്ന നിബന്ധനകൾ പാലിച്ചുകൊണ്ടാണ് നിയമനം നടന്നിട്ടുള്ളത്. സർക്കാരിന് ഗവർണർ നൽകിയ കത്ത് ഹാജരാക്കാൻ ഹർജി ഭാഗം കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാൽ കത്തിന് കേസിൽ പ്രസക്തിയില്ലെന്നും അത് വിളിച്ചുവരുത്തേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി. വിസി നിയമനം ശരിവച്ച കോടതി, ഹർജി ഫയലിൽ സ്വീകരിച്ചുപോലുമില്ല. ഹർജി നിലനിൽക്കില്ലെന്നും പൊതുതാല്പര്യ ഹർജിയായാണ് പരിഗണിക്കേണ്ടതെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നിയമനമല്ല, പുനർനിയമനമാണ് നടന്നതെന്നും സർക്കാർ വ്യക്തമാക്കി.നിയമനത്തിൽ നിയമപരമായ വ്യവസ്ഥകളുടെ ലംഘനമുള്ളതായി സംശയമുണ്ടെങ്കിൽ ആവശ്യപ്പെടുന്ന നിയമമനുസരിച്ച് അത് പരിഹരിക്കപ്പെടേണ്ടതുണ്ട്.

സർവകലാശാലയിലെ ഉദ്യോഗസ്ഥരായ വ്യക്തികൾ പരാതി ഉന്നയിച്ച തസ്തികയിലേക്കുള്ള മത്സരാർത്ഥികൾ അല്ലാത്തതിനാൽ അക്കാദമിക് കൗൺസിലിനെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് 2013 ലെ ബിഹാർ സർക്കാരും റാം തവക്യ സിങും തമ്മിലുള്ള സമാന കേസ് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.
വിസിയെ നീക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്റെ പേരിൽ ഹർജി സമർപ്പിച്ചത്.

നിയമനം ശരിയാണെന്ന നിലപാടിന് അംഗീകാരം: വിസി

കണ്ണൂർ: നിയമനം ശരിയാണെന്ന തന്റെ നിലപാട് കോടതിയും അംഗീകരിച്ചുവെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനര്‍നിയമനം എല്ലാ സര്‍വകലാശാലകളിലും നടക്കുന്നതാണ്. ഇതില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അതുകൊണ്ടാണ് താന്‍ വീണ്ടും ഈ സ്ഥാനം ഏറ്റെടുത്തത്. രാഷ്ട്രീയ പാര്‍ട്ടികള്‍ വെറുതെ പ്രശ്‌നമുണ്ടാക്കുന്നതാണ്. മന്ത്രി കത്തെഴുതിയതില്‍ തെറ്റില്ല. ചാന്‍സിലര്‍ എന്ന നിലയില്‍ തന്റെ നിലപാട് അറിയിക്കുകയാണ് മന്ത്രി ചെയ്തത്. ഗവര്‍ണര്‍ നിയമം അറിയാവുന്ന ആളാണ്. മാത്രമല്ല വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് അറിയാമല്ലോ. വൈസ് ചാന്‍സിലര്‍ എന്ന നിലയില്‍ ചാന്‍സിലറെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY;The High Court reject­ed the peti­tion against the re-appoint­ment Of kan­nur VC
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.