ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കാമെന്ന് ഹൈക്കോടതി

Web Desk
Posted on November 12, 2019, 11:20 am

കൊച്ചി: മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കാമെന്ന് ഹൈക്കോടതി. നിബന്ധനകളോടെയാണ് സംസ്കാരത്തിന് അനുമതി നൽകിയത്. അതേ സമയം ഏറ്റുമുട്ടലിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു. ഏറ്റുമുട്ടലിൽ പങ്കെടുത്ത പൊലീസുകാരുടെ ക്രിമിനൽ പശ്ചാത്തലം കൂടി പരിശോധിക്കണം. ഉപയോഗിച്ച ആയുധങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണം. അന്വേഷണം തൃപ്തികരമല്ലെങ്കിൽ ബന്ധുക്കൾക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പോസ്റ്റുമോർട്ടം റിപോർട്ട് അടക്കം കോടതിക്ക് നൽകണം.ഏറ്റുമുട്ടലിന്റെ സമയത്തു ഏതെങ്കിലും ഒരു പോലീസുകാരന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധ നിലപാട് ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം.: മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടൽ കൊലപാതകമാണോ,ഏറ്റുമുട്ടലാണോയെന്ന കാര്യത്തിൽ പരാമർശംനടത്താനും കോടതി തയ്യാറായില്ല.

മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റമുട്ടലാണെന്നും ഇതിൽ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്, കൊല്ലപ്പെട്ട മണിവാസകത്തിൻറെയും കാർത്തിയുടെയും സഹോദരങ്ങളാണ് കോടതിയെ സമീപിച്ചത്. കാര്യങ്ങളിൽ തീരുമാനമാകുന്നതുവരെ മൃതദേഹങ്ങൾ സംസ്‍കരിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയാണ് ഇപ്പോൾ കോടതി തീർപ്പാക്കിയിരിക്കുന്നത്.

ഇപ്പോൾ പൊലീസിൻറെ അന്വേഷണമായിരിക്കും നടക്കുക. സ്വതന്ത്ര അന്വേഷണമാകും നടക്കുക. അതിൽ ബന്ധുക്കൾക്ക് ഏതെങ്കിലും തരത്തിൽ പരാതിയുണ്ടായാൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും കോടതി അറിയിച്ചു.