കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാരുടെ ആറ് ദിവസത്തെ വേതനം അഞ്ച് മാസത്തേക്ക് പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് കേരള ഹെെക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. ശമ്പളം ഔദാര്യമല്ലെന്നും ജീവനക്കാരുടെ അവകാശമാണെന്നും പറഞ്ഞ കോടതി സര്‍ക്കാര്‍ ഉത്തരവിന് പ്രഥമദൃഷ്ട്യ നിയമത്തിന്റെ പിന്‍ബലം ഇല്ലെന്നും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരുടെ വിവിധ സംഘടനകള്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. ഹെെക്കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് നിയമത്തിന്റെ പിന്‍ബലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് മന്ത്രിസഭായോഗം ഇന്നലെ തീരുമാനിക്കുകയുണ്ടായി. തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് ഹെെക്കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിച്ച സംഘടനകള്‍ ഓര്‍ഡിനന്‍സിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചുകഴിഞ്ഞു. ആ തീരുമാനത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും രംഗത്ത് വരികയുണ്ടായി.
എന്നാല്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചത് ഹെെക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഏപ്രില്‍ 27ന് ചീഫ് സെക്രട്ടറിക്ക് അയച്ച ഒരു കത്തിനെ സംബന്ധിച്ച വാര്‍ത്ത ഇന്നലെ പുറത്തുവന്നതോടെയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിഹിതം പിടിച്ചുവയ്ക്കുന്നതു സംബന്ധിച്ച ഉത്തരവില്‍ നിന്നും ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പ്രസ്തുത കത്ത്. ഭരണഘടനാ ചുമതല വഹിക്കുന്നവരെന്ന നിലയില്‍ ജഡ്ജിമാരുടെ ശമ്പളം നിശ്ചയിക്കുന്നത് പാര്‍ലമെന്റാണെന്നും അതില്‍ ഇളവു വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും കത്ത് വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസ് മുന്‍കയ്യെടുത്ത് മറ്റ് ജഡ്ജിമാരില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണനിധിയിലേക്ക് സംഭാവന ശേഖരിച്ചുവരുന്നതായി കത്ത് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ കത്തിന് ഉപോദ്ബലകമായ സംഗതി ജഡ്ജിമാരുടെ ഭരണഘടനാ പദവിയാണെന്ന സന്ദേശം സുവ്യക്തമാണ്. മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ നിധിയിലേക്ക് സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്നും ശമ്പളം പറ്റുന്നവര്‍ അഞ്ച് മാസത്തേക്ക് പ്രതിമാസം ആറ് ദിവസത്തെ വേതനം വീതം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനോടുള്ള ആദരണീയരായ ന്യായാധിപന്മാരുടെ സമീപനം രജിസ്ട്രാര്‍ ജനറലിന്റെ കത്തില്‍ നിന്നും വ്യക്തമാണ്.
ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും അറിയാതെയൊ അവരുടെ അനുമതി കൂടാതെയൊ രജിസ്ട്രാര്‍ ജനറല്‍ അത്തരം ഒരു കത്ത് എഴുതുമെന്ന് കരുതാനാവില്ല. ഏപ്രില്‍ 27ലെ രജിസ്ട്രാര്‍ ജനറലിന്റെ കത്തും ഏപ്രില്‍ 29ലെ ഹെെക്കോടതി ഉത്തരവും പരസ്പരബന്ധിതമാണെന്ന് ഒരു സാധാരണ പൗരന്‍ തെറ്റിദ്ധരിച്ചാല്‍ അയാളെ അതിന് കുറ്റപ്പെടുത്താന്‍ ആവില്ല. നമ്മുടെ നീതിന്യായ സംവിധാനത്തില്‍ വിവിധ തലങ്ങളില്‍ അധ്യക്ഷത വഹിക്കുന്ന ന്യായാധിപന്മാരുടെ സേവന വേതന വ്യവസ്ഥകള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാണ്. ന്യായാധിപര്‍ അവര്‍ വഹിക്കുന്ന സാമൂഹ്യവും ഭരണഘടനാപരവുമായ ഉത്തരവാദിത്വംകൊണ്ടുതന്നെ സമൂഹത്തില്‍ നിന്നും ന്യായമായ അകലം പാലിക്കേണ്ടവരാണ്. അവര്‍ തങ്ങളുടെ നീതിനിര്‍വഹണ ഉത്തരവാദിത്വത്തിനു നിരക്കാത്ത യാതൊരു സ്വാധീനത്തിലും അകപ്പെട്ടുകൂട. ആ കരുതല്‍ ഭരണകൂടവും സമൂഹവും അവരോട് കാണിച്ചേ മതിയാവൂ.
എന്നാല്‍ അത് അവരെ ഒരിക്കലും അന്യഗ്രഹ ജീവികളാക്കിക്കൂട. ന്യായാധിപന്മാരും കോടതി ജീവനക്കാരുമെല്ലാം കോവിഡ് 19 അടക്കം രോഗബാധകള്‍ക്ക് അതീതരല്ലെന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിച്ചുകൂട. യുഎസ് സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്ന ജസ്റ്റിസ് ജോണ്‍ മാര്‍ഷല്‍ ജുഡീഷ്യറിയെ നിര്‍വചിച്ചത് ഇവിടെ പ്രസക്തമാണ്. ‘ജുഡീഷ്യറിയുടെ കരുത്ത് കേസുകള്‍ തീര്‍പ്പാക്കുന്നതിലൊ വിധിന്യായങ്ങളിലൊ കോടതി അലക്ഷ്യത്തില്‍ ശിക്ഷിക്കുന്നതിലൊ അല്ല, മറിച്ച് സാധാരണ മനുഷ്യരുടെ കോടതിയോടുള്ള പ്രത്യാശയിലും വിശ്വാസത്തിലും കോടതിയുടെ വിശ്വസ്തതയിലും അധിഷ്ഠിതമാണ്.’ കേരള ഹെെക്കോടതിയുടെ ഇപ്പോഴത്തെ നിലപാട് ആ കാഴ്ചപ്പാടിനോട് എത്രത്തോളം നീതിപുലര്‍ത്തുന്നു എന്നത് ബഹുമാന്യ നീതിപീഠം തന്നെ വിലയിരുത്തട്ടെ. കേരളവും ഇന്ത്യയും ലോകം തന്നെയും സമാനതകളില്ലാത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമോ അതിലേറെയൊ നിര്‍ണായകമാണ് സമൂഹത്തിന്റെ സാമ്പത്തിക നിലനില്പ്.
അനേക കോടികള്‍ ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് താരതമ്യേന സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുന്ന, സമൂഹത്തില്‍ രണ്ട് ശതമാനത്തില്‍ താഴെ മാത്രം വരുന്ന, സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്നും ശമ്പളം പറ്റുന്ന ന്യൂനപക്ഷത്തോടാണ് സമൂഹം തെല്ലൊരു കാരുണ്യത്തിനായി കെെനീട്ടുന്നത്. അതും തങ്ങള്‍ നല്‍കുന്ന തുക തിരിച്ചുനല്‍കാമെന്ന വാഗ്ദാനത്തോടെ. അത്തരമൊരു ദുര്‍ഘട ഘട്ടത്തില്‍ ഉന്നത നീതിപീഠത്തിന്റെ പ്രതികരണം മിതമായ ഭാഷയില്‍ ഞെട്ടിപ്പിക്കുന്നതാണ്. മാത്രമല്ല കഴിഞ്ഞ പ്രളയകാലത്തും ദുരന്ത നിവാരണ നിധിയിലേക്ക് ജഡ്ജിമാരുടെ വേതനം പിടിക്കുക ഉണ്ടായില്ലെന്നും ഇപ്പോഴും അതിന് ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകള്‍ വ്യക്തമാക്കുന്നത് രജിസ്ട്രാര്‍ ജനറലിന്റെ കത്ത് അനവസരത്തിലുള്ളതും അനുചിതവും എന്നുതന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.