16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 11, 2024
August 31, 2024
August 28, 2024
August 27, 2024
August 24, 2024
August 24, 2024
August 22, 2024
August 19, 2024
August 19, 2024
August 17, 2024

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
July 24, 2024 3:28 pm

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കമ്മീഷൻ റിപ്പോർട്ട് ഇന്നലെ വൈകീട്ട് മൂന്നുമണിക്ക് പുറത്തു വിടാനിരിക്കെയായിരുന്നു കോടതി ഉത്തരവ്. ഒരാഴ്ചത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തത്. നിർമ്മാതാവായ സജിമോൻ നൽകിയ ഹർജിയിലാണ് നടപടി.
സർക്കാർ അടക്കമുള്ള എതിർകക്ഷികളോട് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്തമാസം ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. അതുവരെ റിപ്പോർട്ട് പുറത്തുവിടരുതെന്നാണ് കോടതി നിർദേശം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്നും വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന്മേലുള്ള നടപടികൾ അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. 

രാവിലെ കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാരന്റെയും വിവരാവകാശ കമ്മീഷന്റെയും വാദം കോടതി കേട്ടു. കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിൽ പൊതുതാൽപ്പര്യമില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. റിപ്പോർട്ടിൽ പേരുള്ളവരുടെ ഭാഗം കേൾക്കാതെയാണ് വിവരാവകാശ കമ്മീഷൻ തീരുമാനമെടുത്തത്. വിവരാവകാശ നിയമമനുസരിച്ച് വ്യക്തിപരമായ വിവരങ്ങൾ പുറത്തു വിടാനാകില്ല. കമ്മീഷൻ റിപ്പോർട്ട് നൽകിയത് 2019 ലാണ്. അഞ്ചുവർഷങ്ങൾക്കിപ്പുറം വിവരങ്ങൾ പുറത്തു വിടണമെന്നാണ് ആവശ്യം. എന്നാൽ ഇത്തരത്തിൽ വിവരങ്ങൾ പുറത്തു വിടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിക്കാരൻ വാദിച്ചു.
സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിയുണ്ട്. അതിനാൽ റിപ്പോർട്ട് പുറത്തു വിടുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

എന്നാൽ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഹർജിക്കാരൻ കക്ഷിയേ അല്ലെന്ന് വിവരാവകാശ കമ്മീഷൻ കോടതിയെ അറിയിച്ചു. കമ്മീഷനു മുന്നിൽ ഹർജിക്കാരൻ ഹാജരാകുകയോ, വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ല. കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങൾ ഉണ്ടെന്ന് ഹർജിക്കാരന് എങ്ങനെ പറയാനാകും. വ്യക്തികളെ ബാധിക്കുന്ന വിവരങ്ങളും സാക്ഷിമൊഴികളും പൂർണമായും ഒഴിവാക്കി റിപ്പോർട്ട് പുറത്തു വിടാനാണ് ഉത്തരവിട്ടിട്ടുള്ളത്. കമ്മീഷൻ റിപ്പോർട്ടിലെ 233 പേജുകൾ മാത്രമാണ് പുറത്തു വിടുന്നതെന്നും വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. സർക്കാരും വിവരാവകാശ കമ്മീഷൻ നിലപാടിനോട് യോജിച്ചു.

Eng­lish Sum­ma­ry: The High Court stayed the release of the Hema Com­mit­tee report
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.