ഹാരിസണ്‍ കേസിലെ ഹൈക്കോടതി വിധി പ്രതിഷേധമുളവാക്കുന്നതാണെന്ന് ബിനോയ് വിശ്വം

Web Desk
Posted on April 13, 2018, 7:04 pm

ഹാരിസണ്‍ കേസിലെ ഹൈക്കോടതി വിധി പ്രതിഷേധമുളവാക്കുന്നതാണ്. കൃത്രിമ മാര്‍ഗങ്ങളിലൂടെ നാടിന്റെ സമ്പത്ത് കൈക്കലാക്കാന്‍ നില്‍ക്കുന്ന ഹാരിസണ്‍ കമ്പനി അടക്കമുള്ളവരെ മാത്രമേ അതു സന്തോഷിപ്പിക്കൂ. കരാര്‍ ലംഘനം നടത്തിയത്തിന് ഹാരിസണ്‍ ഉടമസ്ഥതയിലുള്ള മുപ്ലിവാലി എസ്റ്റേറ്റ് വനം വകുപ്പ് ഏറ്റെടുത്തപ്പോഴത്തെ അനുഭവം എന്റെ ഓര്‍മയിലുണ്ട്. ഒരു ഞായറാഴ്ച ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ കോടതി കൂടിയാണ് അവര്‍ അന്ന് സ്റ്റേ സമ്പാദിച്ചത്. ഇതാണ് ഹാരിസണ്‍, ഇതാണ് നീതിപീഠത്തിന്റെ വര്‍ഗ സ്വഭാവം. അവക്കെതിരായ സമരം ഒരുനാള്‍ കൊണ്ട് തീരുന്നില്ല.

ഇപ്പോഴത്തെ കോടതി വിധിയില്‍ ദളിത് സംഘടനകള്‍ക്കുണ്ടാകുന്ന പ്രതിഷേധം സ്വാഭാവികമാണ്. പക്ഷെ, അതിന്റെ പേരില്‍ അവര്‍ സി പി ഐ ഓഫീസിലേക്കു നടത്തുമെന്നു പ്രഖ്യാപിച്ച മാര്‍ച്ച് അസാധാരണവും അസ്വാഭാവികവുമാണ്. സര്‍ക്കാര്‍ നയങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ട്. അതിനുള്ള മാര്‍ച്ച് സര്‍ക്കാര്‍ ഓഫീസിലേക്കു നടത്തുന്നതിനു പകരം സി പി ഐ ഓഫീസിലേക്ക് ആക്കുന്നതിന്റെ രാഷ്ട്രീയം എന്താണ്?

ഹാരിസണ്‍ ഭൂമിയുടെ കേസ് കീഴ്‌ക്കോടതിയില്‍ നടക്കേണ്ടതാണെന്ന് കോടതി തന്നെ പറയുന്നതിന്റെ അര്‍ത്ഥം ഭൂമി ഹാരിസണിന്റേതാണെന്നു പറയാന്‍ അവര്‍ക്കു പോലും കഴിയില്ലെന്നാണ്. പ്രസ്തുത ഭൂമി വീണ്ടെടുക്കാന്‍ നിയമനിര്‍മാണമടക്കം ഏതു വഴിയും സ്വീകരിക്കുമെന്നാണ് റവന്യൂ മന്ത്രി സ: ചന്ദ്രശേഖരന്‍ പ്രസ്താവിച്ചത്. അതാണ് സി പി ഐ നിലപാട്. ആ നിലപാട് സ്വീകരിക്കുന്ന സി പി ഐ ആഫീസിലേക്കുള്ള മാര്‍ച്ച് രാഷ്ട്രീയമായി നീ തീകരിക്കപ്പെടുന്നതാണോ എന്ന് ഗീതാനന്ദനും സണ്ണി എം കപിക്കാടും ശ്രീരാമന്‍ കൊയ്യോനും അടക്കമുള്ള സുഹൃത്തുക്കള്‍ ചിന്തിച്ചു നോക്കട്ടെ.

ഇന്ത്യയിലെമ്പാടും ദളിതരെ ചുട്ടുചാമ്പലാക്കുന്ന ബി ജെ പിയുടെ ഓഫീസിലേക്കു പോലും മാര്‍ച്ച് നടന്നിട്ടില്ലാത്ത കേരളത്തില്‍ സി പി ഐ ഓഫീസിലേക്കുള്ള മാര്‍ച്ച് ഒരുപാടു ചോദ്യങ്ങളുയര്‍ത്തുന്നില്ലേ? ദളിത് അവകാശങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ടിട്ടുള്ള സി പി ഐ ദളിതരുടെ ശത്രുവാണെന്നു വരുത്തി തീര്‍ക്കുന്നത് ആരെയാണു് സഹായിക്കുക.? സംഘപരിവാറിന്റെ ദളിത്‌ന്യൂനപക്ഷ വേട്ടക്കെതിരെ പോര്‍മുഖം തുറക്കുന്ന സി പി ഐ ഓഫീസിലേക്കുള്ള മാര്‍ച്ച് ഫാസിസ്റ്റുകളെ മാത്രമല്ലേ, സന്തോഷിപ്പിക്കൂ. 1970 കളില്‍ കാല്‍ചാല്ലിക്കാശ് പ്രതിഫലം കൊടുക്കാതെ ലക്ഷക്കണക്കിന് ഏക്കര്‍ സ്വകാര്യ വനങ്ങള്‍ ഏറ്റെടുത്തതും കണ്ണന്‍ദേവന്‍ ഹില്‍സ് റിസംപ്ഷന്‍ ആക്ടിലൂടെ ടാറ്റയുടെ ഭൂമി ഏറ്റെടുത്തതും 2010ല്‍ മൂന്നാറിലെ 17,000 ഏക്കര്‍ ഭൂമി ഏറ്റെടുത്തതും സി പി ഐ യുടെ മുന്‍കൈയിലാണ്. ആ സി പി ഐ യോട് ടാറ്റക്കും ഹാരിസണും വെറുപ്പുണ്ടാവുക സ്വാഭാവികമാണ്. അത്തരക്കാര്‍ക്കും ദളിത് സംഘടനകള്‍ക്കും ഇടയില്‍ താല്‍പ്പര്യപ്പൊരുത്തം ഉണ്ടാകില്ലെന്നറിയാം. എന്നാല്‍ സി പി ഐ ഓഫീസിലേള്ള ഇപ്പോഴത്തെ മാര്‍ച്ച് അക്കുട്ടരേയും സന്തോഷിപ്പിക്കാതിരിക്കില്ല.

ശത്രുക്കളെയും മിത്രങ്ങളേയും തിരിച്ചറിയേണ്ട നിര്‍ണായക സമരങ്ങളിലേക്കാണ് രാജ്യം നീങ്ങുന്നത്. ഈ സമരങ്ങളില്‍ ദളിതരെ ഉറ്റ ബന്ധുക്കളായി മാത്രമേ സി പി ഐ ക്കു കാണാന്‍ കഴിയൂ. ആ സി പി ഐ യെ ശത്രു ചേരിയില്‍ കാണാന്‍ ദളിത് സഹോദരങ്ങളോട് പരോക്ഷമായി പറയുന്ന ഈ മാര്‍ച്ചിലൂടെ ഫാസിസ്റ്റുകളുടെ കൈയടി മാത്രമായിരിക്കും അവര്‍ക്കു ലഭിക്കുക. അതു നമ്മുടെ പൊതുതാല്‍പ്പര്യങ്ങള്‍ക്ക് കരുത്തു പകരുമോ എന്നു ഗൗരവപൂര്‍വം ചിന്തിക്കണമെന്ന് ദളിത് നേതാക്കളോട് സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.