June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ഉന്നത വിദ്യാഭ്യാസ മേഖല പാവപ്പെട്ട കുട്ടികളെ മറക്കരുത്

By Janayugom Webdesk
June 18, 2021

വർഷത്തെ കേരള എൻജിനീയറിങ് പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുന്നത് പ്രവേശന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി അറിയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള സിലബസുകൾ കോവിഡ് മഹാമാരി കാലത്ത് പൊതുപരീക്ഷ നടത്താത്ത സാഹചര്യത്തിലാണ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ശുപാർശ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെ തീരുമാനിച്ചതെന്നാണ് മാധ്യമങ്ങളിലെ വാർത്ത. അത് ഏതായാലും ഉചിത തീരുമാനമായില്ലെന്ന് പറയാതെ വയ്യ. കാരണം കേരളം മഹാമാരിയുടെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് വളരെ വിജയകരമായി പൊതുപരീക്ഷ നടത്തിയ സംസ്ഥാനമാണ്. നാലര ലക്ഷത്തോളം പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനം സമയബന്ധിതമായി പൂർത്തിയാക്കി, പൊതുസമൂഹത്തിന്റെ ആകെ പിന്തുണയോടെ എല്ലാ മുൻകരുതലും ഒരുക്കിയാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ രാജ്യത്തിന് മാതൃകയായി നടത്തിയത്. ശ്രമകരമായ ദൗത്യത്തിലൂടെ പഠനവും പരീക്ഷാ വിജയവും നേടിയ കുട്ടികൾക്ക് ഒരു പരിഗണനയും എൻജിനീയറിങ് പോലെയുള്ള ഉപരിപഠന പ്രവേശനത്തിന് ലഭിക്കാത്തത് പൊതുവിദ്യാലയങ്ങളോടുള്ള അവഗണന തന്നെയാണ്.

പ്രവേശന പരീക്ഷകൾ എല്ലായിപ്പോഴും സാമ്പത്തിക ശേഷിയുള്ളവർക്ക് പ്രത്യേക കരുതൽ ഉറപ്പാക്കുന്നുണ്ടെന്ന കാര്യം ആർക്കാണറിയാത്തത്? വലിയ പണം മുടക്കി കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നേടുന്നവർക്കാണ് റാങ്ക് പട്ടികയിൽ മികച്ച സ്ഥാനം ഉറപ്പാക്കുന്നതെന്ന കാര്യം പകൽപോലെ വ്യക്തമാണ്. ദരിദ്രനാരായണൻമാർക്കിടയിൽ നിന്ന് ഉയർന്ന പ്രവേശന പരീക്ഷാ വിജയം കൈവരിച്ചിട്ടുള്ളവർ പൊതുവിദ്യാലയങ്ങളിലെ അത്യപൂർവം പ്രതിഭകൾ മാത്രമാണ്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരിൽ മഹാ ഭൂരിപക്ഷവും പാവപ്പെട്ടവരുടെ മക്കളാണ്. ഉടുതുണിക്കു മറുതുണിയില്ലാത്ത കുട്ടികൾ. വിശപ്പിനെ അതിജീവിക്കാൻ പാടുപെടുന്നവർ. പ്രവേശന പരീക്ഷാ പരിശീലനം എന്ന മോഹം സ്വപ്നത്തിൽ പോലും കൊണ്ടുനടക്കാനാവാത്തവർ. ഇങ്ങനെയൊരു വലിയ വിഭാഗം സാമൂഹിക സാഹചര്യങ്ങൾ കൊണ്ട് നമുക്കു ചുറ്റും ഇപ്പോഴും ഉണ്ട്. അവരെല്ലാം പൊതുവിദ്യാലയങ്ങളിലാണ് പഠിക്കുന്നത്. കഴിഞ്ഞ പ്രവേശന പരീക്ഷാ റാങ്കിലെ ആദ്യത്തെ അയ്യായിരം പേരിൽ പട്ടികയിലെ ആകെയുള്ളവരിൽ പത്തു ശതമാനത്തിൽ താഴെ പേർ മാത്രമാണ്- 2280 പേർ, പൊതുവിദ്യാലയങ്ങളിൽ പഠിച്ചവരിൽ അർഹത കൈവരിച്ചവർ. സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെ ഇതര സിലബസുകാർ ആദ്യമിടുക്കരിൽ മഹാ ഭൂരിപക്ഷക്കാരായി. അവരുമെല്ലാം നമ്മുടെ കുട്ടികൾ തന്നെ. പക്ഷേ, അവർക്ക് പഠനത്തോടനുബന്ധിച്ച് പ്രവേശന പരീക്ഷാ പരിശീലനമോ, പ്രത്യേകമായി സജ്ജമാക്കിക്കൊടുത്ത പരിശീനമോ ഒക്കെ ലഭിച്ചിട്ടുണ്ടാകും. അവർക്കൊപ്പം പാവപ്പെട്ടവർ മത്സരിക്കുമ്പോൾ അവസര നിഷേധം സ്വാഭാവികം മാത്രമാണ്.

പ്രവേശന പരീക്ഷ, പണക്കാരുടെ മക്കളുടെ പറുദീസയാകരുതെന്ന കാഴ്ചപ്പാടോടെ, 2006 — ’11 കാലത്തെ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി ഗവണ്മെന്റാണ് പ്ലസ് ടു പരീക്ഷാ മാർക്കു കൂടി പരിഗണിച്ച് എൻജിനീയറിങ് പ്രവേശന റാങ്ക് തയ്യാറാക്കാൻ നിർദ്ദേശിച്ചത്. എന്നാൽ, മെഡിക്കൽ റാങ്ക് നിർണയത്തിൽ അത് നടപ്പാക്കാനാകാതെ പോകുകയും ചെയ്തു. ഏതായാലും അന്നത്തെ തീരുമാനം പൊതുവിദ്യാഭ്യാസ മേഖലയിൽ പഠിച്ച കുറെ മിടുക്കർക്ക് ഉപരിപഠന സാധ്യതയൊരുക്കി. ഈ സാധ്യതയുള്ളപ്പോഴും കഴിഞ്ഞ വർഷത്തെ തന്നെ കണക്ക് വ്യക്തമാക്കുന്നത് പത്തു ശതമാനത്തിൽ താഴെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കേ, ആദ്യ അയ്യായിരത്തിൽ അവസരം ലഭ്യമാക്കിയുള്ളു എന്നാണല്ലോ. പൊതുപരീക്ഷാ മാർക്കിന്റെ പരിഗണന കൂടി നഷ്ടപ്പെട്ടാൽ, പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മിടുക്കർ പോലും കളത്തിന് പുറത്താകുമെന്ന് തീർച്ച.

പൊതുവിദ്യാലയങ്ങളിലെ പഠനബോധന രീതിയിൽ വ്യത്യസ്തത കൈവന്നിട്ട് ഏതാണ്ട് ഒന്നര പതിറ്റാണ്ടോളം സമയമായി. സ്വയം അന്വേഷിക്കാനും പഠിക്കാനും നിർദ്ദേശിക്കുന്ന ബോധനരീതിയും തന്ത്രങ്ങളുമാണ് നിലവിലുള്ളത്. മനഃപാഠം പഠിച്ച് ഉയർന്ന സ്കോർ നേടാവുന്ന രീതി നിലവിലില്ല. എന്നാൽ, ഈ അന്വേഷണാത്മകവും വിശകലനപരവുമായ പഠന രീതിയെ മാനിക്കുന്ന പ്രവേശന പരീക്ഷയല്ല ഇപ്പോഴുമുള്ളത്. മനഃപാഠം പഠിക്കാനും ഓർത്തുവയ്ക്കാനുമുള്ള കഴിവാണ് മുഖ്യമായും ആവശ്യപ്പെടുന്നത്. കുട്ടികളുടെ വൈജ്ഞാനിക ചിന്തയോടൊപ്പം, സാമൂഹിക ബോധവും തീരുമാനമെടുക്കാനുള്ള കഴിവുമൊക്കെ പരിഗണിക്കപ്പെടുന്ന പരീക്ഷ വേണം, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശനത്തിനെന്ന ആവശ്യം വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല. മാതൃഭാഷാ വിജ്ഞാനത്തിനും അവിടെ സ്ഥാനമില്ലാതെ പോകുന്നു. അതുകൊണ്ട്, പ്രവേശന പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകുന്ന ഘട്ടത്തിലെ ആത്യന്തിക നേട്ടം പൊതുവിദ്യാലയങ്ങൾക്ക് കൈവരിക്കാനാവൂ എന്ന കാര്യവും നമുക്കു മുന്നിലുണ്ട്. ഏതായാലും ഈ വർഷത്തെ സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങളിലെ പാവപ്പെട്ട കുട്ടികളെ എൻജിനീയറിങ് പ്രവേശനത്തിൽ സർക്കാർ മറക്കരുത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടു തന്നെ ചെയ്യുന്ന നീതികേടാവും അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.