ജിയോയ്ക്ക് നല്‍കിയ ശ്രേഷ്ഠ പദവിയും ഉന്നതവിദ്യാഭ്യാസ മേഖലയും

Web Desk
Posted on July 14, 2018, 10:24 pm
k prakash babu

അഡ്വ. കെ പ്രകാശ് ബാബു

ഇനിയും ജനിച്ചിട്ടില്ലാത്ത കുഞ്ഞിനു പേരിടുന്നതുപോലെ മോഡി ഭരണം ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിനു ശ്രേഷ്ഠപദവി നല്‍കി ആദരിച്ചിരിക്കുന്ന വാര്‍ത്ത അറിഞ്ഞ് എല്ലാവരും അത്ഭുതപ്പെട്ടു. ശ്രേഷ്ഠപദവിക്ക് അര്‍ഹതപ്പെട്ട നിരവധി സര്‍വകലാശാലകള്‍ രാജ്യത്തുള്ളപ്പോഴാണ് എന്നോ ആരംഭിക്കുമെന്നു പറയുന്ന മുകേഷ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിനു ശ്രേഷ്ഠപദവി നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്തുന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം എന്നു ചിന്തിക്കുന്ന നരേന്ദ്ര മോഡിയുടെ ഭരണകൂടം ഉന്നത വിദ്യാഭ്യാസ രംഗത്തെ മലീമസമാക്കി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്ന ഗോപാലസ്വാമിയുടെ നേതൃത്വത്തിലുള്ള എംപവേര്‍ഡ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി കണ്ടെത്തിയിരിക്കുന്ന പ്രത്യേകത, റിലയന്‍സ് ഫൗണ്ടേഷന്‍ മൂന്നുവര്‍ഷം കൂടി കഴിഞ്ഞു മാത്രമെ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം ആരംഭിക്കുകയുള്ളുയെങ്കിലും 800 ഏക്കര്‍ സ്ഥലം അവര്‍ ഇതിനായി നവിമുംബൈയ്ക്കടുത്ത് വാങ്ങിച്ചു കഴിഞ്ഞു എന്നതാണ്.
നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ഇന്ത്യയില്‍, ഉന്നത വിദ്യാഭ്യാസം വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കു വേണ്ടി വിദഗ്ധരെ സൃഷ്ടിക്കുക മാത്രമായി പരിമിതപ്പെടുത്തണമെന്ന കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം നിറവേറ്റാന്‍ ബാദ്ധ്യതപ്പെട്ട നരേന്ദ്ര മോഡി അതിനുവേണ്ടി ഉന്നതവിദ്യാഭ്യാസരംഗത്തെ ഉടച്ചുവാര്‍ക്കുകയാണ്. കടലാസിലും കമ്പ്യൂട്ടര്‍ സിസ്റ്റത്തിലും മാത്രമായി കിടക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്റെ ഒരു പ്രോജക്ടിന് ശ്രേഷ്ഠപദവി നല്‍കുന്ന തീരുമാനം കേന്ദ്രഗവണ്‍മെന്റ് പിന്തുടരുന്ന കോര്‍പ്പറേറ്റ് പ്രീണനമല്ലാതെ മറ്റൊന്നുമല്ല. അംഗീകൃതമായ ഒരു മാനദണ്ഡവുമില്ലാതെ ഇതുവരെയായി പ്രവൃത്തിപരിചയമോ ഗവേഷണ അനുഭവങ്ങളോ ഒന്നുമില്ലാതെ വര്‍ഷങ്ങള്‍ക്കു ശേഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അവകാശപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ബിജെപിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കോര്‍പ്പറേറ്റ് വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ് എന്നതിനപ്പുറം എന്തു മഹത്വമാണ് ഈ സ്ഥാപനത്തിന് കേന്ദ്രം കണ്ടെത്തിയത് എന്നു മനസ്സിലാകുന്നുമില്ല.
ബ്രിട്ടീഷ് ഇന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ശക്തമായ ഒരു ചട്ടക്കൂടും അടിത്തറയുമുണ്ടാക്കിയത് 1835 ല്‍ മെക്കാളെ പ്രഭുവാണെങ്കിലും സ്വതന്ത്ര ഇന്ത്യയില്‍ 1948 ല്‍ ഡോ. എസ് രാധാകൃഷ്ണന്‍ ചെയര്‍മാനായി നിയോഗിക്കപ്പെട്ട ഒരു യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ കമ്മിഷനാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ രൂപീകരിക്കുന്നതിന് നിര്‍ദേശിച്ചത്. 1945 മുതല്‍ നിലവില്‍ ഉണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിറ്റി പുനഃസംഘടിപ്പിക്കുവാനും പുതിയ കമ്മിഷന്റെ ചെയര്‍മാനും അംഗങ്ങളും വിദ്യാഭ്യാസരംഗത്തെ പ്രഗത്ഭമതികളായിരിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
1952 ല്‍ കേന്ദ്ര യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ്-ഇന്‍-എയ്ഡ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനില്‍ക്കൂടി മതിയെന്ന് കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. തുടര്‍ന്ന് 1953 ഡിസംബര്‍ 28 ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി മൗലാന അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എന്നാല്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടത്തി യുജിസി യെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു സ്റ്റാറ്റിയൂറ്ററി ബോഡിയാക്കി മാറ്റിയത് 1956 നവംബറിലാണ്. അന്നു മുതല്‍ ആറു മേഖലാ ഓഫീസുകളില്‍ക്കൂടി ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരുന്ന യുജിസിയും ഇല്ലാതാക്കാന്‍ മോഡി തീരുമാനിച്ചു. പകരം ഹയര്‍ എഡ്യുക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (എച്ച്ഇസിഐ) എന്ന പേരില്‍ ആര്‍എസ്എസ് ബുദ്ധിജീവികള്‍ക്കു വേണ്ടത്ര പ്രാമുഖ്യം കിട്ടാന്‍ കഴിയുന്ന ഒരു സമിതിയെ കേന്ദ്രം അവരോധിക്കുവാന്‍ പോകുന്നു. നോബേല്‍ സമ്മാന ജേതാവ് ഡോ. അമര്‍ത്യാസെന്നിന്റെ സേവനം നളന്ദാ സര്‍വകലാശാലയ്ക്ക് ഇനി വേണ്ട എന്നു പറയാന്‍ ധൈര്യം കാണിച്ച ബിജെപിക്കാര്‍ ഹയര്‍ എഡ്യുക്കേഷന്‍ കമ്മിഷനില്‍ക്കൂടി എന്തെല്ലാം ഇനി കാണിച്ചുകൂട്ടുമെന്ന് കണ്ടറിയണം. എച്ച്ഇസിഐ യുടെ ഡ്രാഫ്ട് ബില്‍ അനുസരിച്ച് അക്കാഡമിക് കാര്യങ്ങള്‍ മാത്രമെ അവരുടെ പരിധിയില്‍ വരികയുള്ളു. എന്നാല്‍ യുജിസി കൈകാര്യം ചെയ്തിരുന്ന യൂണിവേഴ്‌സിറ്റികള്‍ക്കുള്ള ഗ്രാന്റ്-ഇന്‍-എയ്ഡ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ ആര് കൈകാര്യം ചെയ്യുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടില്ല.
യൂണിവേഴ്‌സിറ്റികള്‍ക്കും തത്തുല്യമായ സ്ഥാപനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിക്കുക എന്നതാണല്ലോ ഈ സാഹചര്യത്തില്‍ ഉണ്ടാകാനുള്ള സാധ്യത. ഇത് ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വന്തം ചൊല്‍പടിക്ക് നിര്‍ത്താനുള്ള ബിജെപിയുടെ പുറപ്പാടിന്റെ ഭാഗമാണ്. ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്ന മോഡി സര്‍ക്കാരിന്റെ ഈ നടപടി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കരിനിഴല്‍ വീഴ്ത്താന്‍ മാത്രമെ സഹായിക്കുകയുള്ളു.
നിലവിലുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ പ്രവര്‍ത്തനത്തിലുള്ള ചില പോരായ്മകള്‍ പരിഹരിക്കണമെന്ന നിര്‍ദ്ദേശം മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്നപോലെ യുജിസിയെ വേണ്ടെന്ന് വയ്ക്കുന്ന സമീപനം ആര്‍ക്കും ഗുണകരമല്ല. പകരം ഗവണ്‍മെന്റ് മുന്നോട്ടു വയ്ക്കുന്ന എച്ച്ഇസിഐ ബില്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ളതാണെന്നതില്‍ ഒട്ടും സംശയമില്ല.
സ്മൃതി ഇറാനി കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായിരിക്കുമ്പോള്‍ മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കാന്‍ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ”വിദ്യാഭ്യാസ നയം” 2015 റിപ്പോര്‍ട്ടില്‍ എല്ലാ ക്ലാസ്സുകളിലും യോഗ നിര്‍ബന്ധമാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ യുജിസി പിരിച്ചു വിടുന്നതിനനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ മുന്‍ യുജിസി ചെയര്‍മാന്‍ ഹരിഗൗതത്തിന്റെ റിപ്പോര്‍ട്ടിലും എല്ലാ യൂണിവേഴ്‌സിറ്റി ജീവനക്കാരും യോഗയും ധ്യാനവും നിര്‍ബന്ധമായും അനുഷ്ഠിക്കണമെന്ന് പറയുന്നു.
ഇന്ത്യന്‍ സര്‍വകലാശാലകളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനു കുറുക്കുവഴികളില്ല. താഴെത്തട്ടു മുതല്‍ നല്ല മിടുക്കരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുകയും അര്‍ഹരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും വേണം. യൂണിവേഴ്‌സിറ്റികള്‍ക്കും മറ്റിതര അനുബന്ധ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഗവേഷണ സൗകര്യങ്ങളോടു കൂടിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കണം. അവിടെയെല്ലാം ഒരു തരത്തിലുള്ള വിവേചനവും പാടില്ല. കാവിവല്‍ക്കരണത്തോടൊപ്പം ചൊല്‍പടിയില്‍ നില്‍ക്കുന്നവര്‍ക്കു മാത്രമായി സ്‌കോളര്‍ഷിപ്പ് എന്ന സമീപനം മാറ്റണം. അല്ലാതെ യുജിസി ഇല്ലാതാക്കുകയല്ല വേണ്ടത്. ഒരു കൈകൊണ്ട് റിലയന്‍സ് ഫൗണ്ടേഷന്റെ ഇനിയും പിറവിയെടുക്കാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിനു ശ്രേഷ്ഠ പദവി നല്‍കുകയും മറ്റൊരു കൈകൊണ്ട് തീവ്ര ഹിന്ദുത്വ ശക്തികളെ തിരുകികയറ്റി ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരിക്കുകയും ചെയ്യാനുള്ള മോഡി സര്‍ക്കാരിന്റെ പരിപാടി കോര്‍പ്പറേറ്റുവല്‍ക്കരണവും കാവിവല്‍ക്കരണവും സംയോജിപ്പിച്ചുകൊണ്ടുള്ള യഥാര്‍ത്ഥ ഇന്ത്യന്‍ ഫാസിസത്തിന്റെ രൂപമാണ് വെളിപ്പെടുത്തുന്നത്.