Web Desk

February 13, 2020, 4:00 am

പാചകവാതക വിലവര്‍ധന ജനകീയ പ്രക്ഷോഭങ്ങള്‍ ആളിക്കത്തിക്കും

Janayugom Online

ഡല്‍ഹി അസംബ്ലി തെര‍ഞ്ഞെടുപ്പിലേറ്റ അപമാനകരമായ പരാജയത്തിന് ജനങ്ങളോടുള്ള പ്രതികാരമെന്നോണം പൊതുമേഖലാ എണ്ണക്കമ്പനികള്‍ രായ്ക്കുരാമാനം പാചകവാതകത്തിന്റെ വില കുത്തനെ ഉയര്‍ത്തി. 144.5 രൂപ മുതല്‍ 150 രൂപവരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പാചകവാതക വില ഉയര്‍ത്തിയിരിക്കുന്നത്. എണ്ണക്കമ്പനികള്‍ സ്വന്തം ഇഷ്ടപ്രകാരം വില ഉയര്‍ത്തിയതാണെന്ന് ആരും കരുതില്ല. കാരണം, പതിവുപോലെ മാസത്തിന്റെ ആദ്യ ദിവസം വില പുതുക്കി നിശ്ചയിക്കുന്നതിനു പകരം ഡല്‍ഹി തെര‍ഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതുവരെ കാത്തിരുന്നുവെന്നത് നല്‍കുന്ന സന്ദേശം സുവ്യക്തമാണ്.

പാചകവാതക വില ഒരു രാഷ്ട്രീയ ആയുധമായാണ് മോഡി സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്നത് ഇപ്പോഴത്തെ വര്‍ധനവിനു തെരഞ്ഞെടുത്ത സമയംതന്നെ മതിയായ തെളിവാണ്. പാചകവാതക വില ഇത് തുടര്‍ച്ചയായി ആറാമത് തവണയാണ് ഉയര്‍ത്തുന്നത്. മാത്രമല്ല, 2014 ജനുവരിക്കുശേഷമുള്ള ഏറ്റവും വലിയ വിലവര്‍ധനവാണ് ഇപ്പോഴത്തേത്. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്ന വ്യാഖ്യാനവും വിലപ്പോകുന്നതല്ല. അന്താരാഷ്ട്ര വിപണിയിലെ 2014ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ വിലനിലവാരം ഏറെ താഴെയാണ്. അതിലുപരി, പാചകവാതകത്തിന് മൊത്തമായി അന്താരാഷ്ട്ര വിപണി വിലയുടെ അടിസ്ഥാനത്തില്‍ ചില്ലറവില നിശ്ചയിക്കുന്നത് ആഭ്യന്തര ഉല്പാദനത്തെ അവഗണിച്ചാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാചകവാതകം പോലെ സാര്‍വത്രികമായി ഉപയോഗിച്ചുവരുന്ന ഒരു അവശ്യവസ്തുവിന്മേല്‍ ഉപഭോക്താവ് 18 ശതമാനം ചരക്ക് സേവന നികുതിയാണ് നല്‍കേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ അനുവദനീയമായ 12 സിലിണ്ടര്‍ പാചകവാതകത്തിന് നല്‍കുന്ന സബ്സിഡി അര്‍ത്ഥശൂന്യമായി മാറുന്നുവെന്നതും സബ്സിഡി ഇരട്ടിയാക്കിയെന്ന വാദത്തിന്റെ മുന ഒടിക്കുന്നു. ഫലത്തില്‍ സബ്സിഡി ഇരട്ടിപ്പിക്കല്‍ ഒരു കൈകൊണ്ടുള്ള താഡനവും മറുകൈ കൊണ്ടുള്ള തലോടലുമായി മാറുന്നു. രാജ്യമാകെ അഭൂതപൂര്‍വമായ സാമ്പത്തിക തകര്‍ച്ചയെയാണ് നേരിടുന്നത്. സമസ്ത നിത്യോപയോഗ സാധനങ്ങളുടെയും വില സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. സാമാന്യ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന യാതൊരു നടപടിയും തങ്ങളുടെ അജണ്ടയില്‍ ഇല്ലെന്ന് മോഡി സര്‍ക്കാര്‍ ബജറ്റിലൂടെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നതില്‍ യാതൊരു ലുബ്ധിനും തയാറല്ലാത്ത സര്‍ക്കാര്‍ സാമാന്യജനങ്ങളെ ഞെക്കിപ്പിഴിയുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നാണ് പാചകവാതക വില ഉയര്‍ത്തുകവഴി ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നത്. സാമ്പത്തികമാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായി ലക്ഷക്കണക്കിനു കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കോര്‍പ്പറേറ്റുകള്‍ യഥേഷ്ടം കൈയടക്കുന്നത്. അഡാനിമാരും അംബാനിമാരുമടക്കം തദ്ദേശീയ, വിദേശീയ കോര്‍പ്പറേറ്റുകള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കിട്ടാക്കടമാക്കിയ പതിനായിരക്കണക്കിന് കോടി രൂപ യാതൊരു മനഃസ്താപവും കൂടാതെ എഴുതിത്തള്ളിയ മോഡി സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ചെറുവിരല്‍ അനക്കാന്‍ പോലും തയാറല്ലെന്ന് തെളിയിച്ചുകഴിഞ്ഞു.

വിലക്കയറ്റവും തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും കൊണ്ട് പൊറുതിമുട്ടിയ സാമാന്യജനത്തിന്റെ ശിരസില്‍ പുതിയ ഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇപ്പോള്‍ പാചകവാതകത്തിന്റെ വില ഉയര്‍ത്തുകവഴി മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ഏത് ജനദ്രോഹ നയങ്ങള്‍ക്കും പകരംവയ്ക്കാന്‍ കോര്‍പ്പറേറ്റ് പിന്തുണയും വിദ്വേഷ രാഷ്ട്രീയവും വഴി കഴിയുമെന്ന മോഡി സര്‍ക്കാരിന്റെ ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ ജനങ്ങള്‍ പ്രാപ്തരാണെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിന്റെ സന്ദേശം കാണാനോ ചെവിക്കൊള്ളാനോ തങ്ങള്‍ തയാറല്ലെന്നാണ് അവര്‍ തെളിയിക്കുന്നത്.

കോര്‍പ്പറേറ്റുകളെപ്പോലെ സര്‍ക്കാരിന്റെ സൗജന്യങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നവരല്ല സാധാരണ ജനങ്ങള്‍. തികച്ചും തെറ്റായ സാമ്പത്തിക നയത്തിന്റെ ഇരകളായി മാറുന്ന അവര്‍ക്ക് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ഭരണകൂടം നല്‍കുന്ന ആനുകൂല്യങ്ങള്‍ വിലപ്പെട്ടതാണ്. വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും അടിസ്ഥാന ആരോഗ്യപരിപാലനത്തിന്റെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ സഹായങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയ അഭിപ്രായ രൂപീകരണത്തെ എത്രമാത്രം സ്വാധീനിക്കുമെന്നാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് നല്‍കിയ പാഠം. അതില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാന്‍ തയാറാവാതെ ജനദ്രോഹവുമായി മുന്നോട്ടുപോകാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത്തരം കണക്കുകൂട്ടലുകളെ കടപുഴക്കാന്‍ പോരുന്ന ജനകീയ പ്രതിരോധത്തിന് ആക്കം കൂട്ടുകയാണ് പാചകവാതക വിലവര്‍ധന അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍.