Friday
23 Aug 2019

ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനം പ്രതിപക്ഷനേതാവിന്റെ കാലത്തേക്കാള്‍ മികച്ചതെന്ന് ബാലകൃഷ്ണപിള്ള

By: Web Desk | Friday 19 July 2019 6:10 PM IST


കോട്ടയം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം പ്രതിപക്ഷ നേതാവിന്റെ കാലത്തേക്കാള്‍ മികച്ചതാണെന്ന് കേരളകോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള. വെറുതെ കുറ്റം പറയുമ്പോള്‍ ആ കാലഘട്ടം കൂടി ഓര്‍മ്മിക്കണമെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കേരളകോണ്‍ഗ്രസ് രൂപീകരിച്ച കാലത്തെ സാഹചര്യമല്ല ഇന്ന്. അന്ന് സമൂഹത്തിലെ കര്‍ഷകരെയും തൊഴിലാളികളെയും മുന്നില്‍കണ്ടായിരുന്നു പാര്‍ട്ടി രൂപീകരിച്ചതെങ്കില്‍ ഇന്ന് കേരളകോണ്‍ഗ്രസിന്റെ നിലനില്‍പ്പ് പോലും അതിനല്ല. പാര്‍ട്ടിയുടെ ആദ്യ പിളര്‍പ്പ് ആശയഭിന്നതയുടെ അടിസ്ഥാനത്തിലായിരുന്നു. ഇന്ന് സ്ഥിതി അതല്ല. ചതിവും വഞ്ചനയും, കാലുവാരലും ഒരു രംഗത്തും ശാശ്വതമായി നിലനില്‍ക്കില്ലെന്നും പാര്‍ട്ടിയുടെ പിളര്‍പ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. താനിക്കാര്യം പറഞ്ഞത് ആരെയും പ്രത്യേകമായി ഉദ്ദേശിച്ചല്ല. പക്ഷേ, ഇക്കാര്യങ്ങള്‍ ചെയ്തവര്‍ക്കൊക്കെ ആ തൊപ്പി പാകമാവും. എന്തായാലും താന്‍ ആരുടെയും കാലുവാരാന്‍ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി ടി ചാക്കോയ്ക്കും, കെ എം ജോര്‍ജ്ജിനുമൊപ്പം ആത്മാര്‍ത്ഥമായാണ് താന്‍ പ്രവര്‍ത്തിച്ചത്. പക്ഷേ, അന്ന് മതാദ്ധ്യക്ഷന്മാര്‍ കെ എം ജോര്‍ജ്ജിനെ സഹായിച്ചതിനേക്കാള്‍ ഏറെ കെ എം മാണിയെ സഹായിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നത്തെ കേരളകോണ്‍ഗ്രസിന്റെ ഭാവി തനിക്കറിയില്ല. പക്ഷേ, കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് ആരെയാണോ അവരാവും ഔദ്യോഗിക വിഭാഗമായി അംഗീകരിക്കപ്പെടാന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. പി ജെ ജോസഫ് യുഡിഎഫില്‍ നില്‍ക്കുന്നിടത്തോളം ലയനത്തിനായി അദ്ദേഹത്തെ ക്ഷണിക്കേണ്ട കാര്യമില്ല. ലയനത്തിനായി ആരുവന്നാലും ആലോചിക്കും. പക്ഷേ, എല്‍ഡിഎഫ് വിട്ടുള്ളതും, ഏതെങ്കിലും ഒരുവിഭാഗത്തിന്റെതായും ഉള്ള ഒരു ലയനവും അംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരാന്‍ പോവുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം എല്‍ഡിഎഫിനാവുമെന്ന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞടുപ്പില്‍ മോദിപ്പേടിയും, ശബരിമല വിഷയവുമാണ് സ്വാധീനിച്ചത്. എന്നാല്‍ രണ്ടാഴ്ചയ്ക്കകം തന്നെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റമുണ്ടാക്കാനായത് അതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.