29 March 2024, Friday

ചൂണ്ടവരയ്ക്കാത്ത ചിത്രകാരുടെ വീട്

Janayugom Webdesk
July 24, 2022 7:10 am

കുട്ടികളാരോവരച്ച്
കീറിയെറിഞ്ഞ കടലാസിൽ
പൂക്കുവാനായ് രാത്രിയിലും
ഉണർന്നിരിക്കുന്നു ഒരുകാട്
ചേക്കേറാനൊരുചില്ല സ്വന്തമില്ലാത്ത
ചിറകൊച്ചകളുടെ നൊമ്പരമവിടെ
പ്രതിധ്വനിപ്പിക്കാറുണ്ട് പക്ഷികൾ
ദേശാടകന്റെ ചിതയുള്ളിൽ
കത്തിയമരുമ്പോൾ
ചിതറിത്തെറിക്കുന്ന കനലുകൾ
ചേർത്തുവച്ചവരെഴുതിയതാണ്
സ്വന്തമായൊരു മരം
വിത്തുകളുള്ളിലാണെങ്കിലും
വീണ്ടെടുക്കേണ്ടത്
ഉറങ്ങാനൊരിടമാകയാൽ
കാറ്റാണവർക്കായ് ഗർഭം ചുമന്നത്
വേദനിപ്പിക്കാതെ,
വിത്തുക്കൊത്തിയെടുത്ത പക്ഷികൾ
തൂവൽകുത്തി കുഴിയൊരുക്കി,
നിഴലൊടിച്ച് തണലേകി
മഴത്തുള്ളികൾ പൊട്ടിച്ച്
ചുറ്റിലും വിതറി
വിശപ്പിന്റെ കടലിന്
ലോകത്തെവിടെയും
ഒരേ നിറവും മണവും
ദഹനത്തിൽ ഭ്രമിച്ചുപോകാതെ
മീൻമുൾകിനാക്കൾ
തിരവയറിൽ പൊന്തിക്കിടന്നു
മണ്ണിനടിയിലേക്ക് മുളച്ചൊഴുകിയ
മരത്തിന്റെ ചില്ലകൾക്ക്
തൂവലിന്റെ മിനുസമായിരുന്നു
മണ്ണുകാർന്നുറങ്ങിയ ശാഖികൾ വന്നുദിച്ചത്
കടലഴുകിയ കലശങ്ങൾക്കുള്ളിൽ
കുട്ടികൾ വലിച്ചെറിഞ്ഞ ചിത്രത്തിൽ
വേരുകൾ മാത്രം മുകളിലേയ്ക്കുയർന്ന്
പന്തലിച്ച കാട്
വേരുകളുടെനഗ്നത
ചിറകുകൾ കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്ന
പക്ഷികളുടെ കൂടുകൾ കലശങ്ങളിൽ
മീനുകൾ കൊത്തിയൊരുക്കുന്നുണ്ട്,
കിളികളൊട്ടും പേടിക്കേണ്ട
ചൂണ്ട വരയ്ക്കാനറിയാത്ത
ചിത്രകാരാണവർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.